*കെ.സി.എല്ലിലെ വിക്കറ്റ് വേട്ടക്കാരൻ കാലിക്കറ്റിന്റെ സ്വന്തം അഖിൽ സ്‌കറിയ; ഇത്തവണയും പർപ്പിൾ ക്യാപ് താരത്തിന് സ്വന്തം*



*സി.ഡി. സുനീഷ്*


തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) രണ്ടാം സീസണ് കൊടിയിറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമായത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ ഓൾറൗണ്ടർ അഖിൽ സ്‌കറിയ. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അഖിൽ, 11 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇക്കുറി സ്വന്തം ടീം സെമിയിൽ തോറ്റു പുറത്തായെങ്കിലും വിക്കറ്റ് കൊയ്ത്തിൽ കാൽ സെഞ്ചുറി നേട്ടത്തോടെ  പർപ്പിൾ ക്യാപ്പിന് ഈ 26കാരൻ അർഹനാകുകയായിരുന്നു.  രണ്ട് തവണയാണ് അഖിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയത്. 14 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് രണ്ടാം സീസണിൽ അഖിലിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.


 കേരള ക്രിക്കറ്റ് ലീഗിൽ തുടർച്ചയായ രണ്ടാം തവണയാണ് അഖിൽ സ്‌കറിയ പർപ്പിൾ ക്യാപ് നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിലും 25 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇതോടെ കെ സി എല്ലിൽ 50 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബോളർ എന്ന റെക്കോർഡും അഖിൽ സ്വന്തം പേരിലാക്കി. ബൗളിങ്ങിൽ മാത്രമല്ല ബാറ്റിംഗിലും വിസ്മയ പ്രകടനമാണ് അഖിൽ പുറത്തെടുത്തത്. ടൂർണമെന്റിൽ ആകെ 314 റൺസ് നേടിയ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്‌കോർ 72 റൺസാണ്.


വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്ത് കൊല്ലം ഏരീസിന്റെ അമൽ എ.ജി ആണ്. 12 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളാണ് അമൽ പേരിലാക്കിയത്.കൊച്ചി ബ്ലുടൈഗേഴ്‌സിന്റെ കെ.എം. ആസിഫ് 16 വിക്കറ്റുമായി മൂന്നാം സ്ഥാനതെത്തി.  തൃശൂർ ടൈറ്റൻസ് താരം സിബിൻ ഗിരീഷും പി.എസ് ജെറിൻ എന്നിവർ 15 വീക്കറ്റ് വീതം വീഴ്ത്തി . ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ആവേശത്തിരയിലാക്കിയ ഒരു സീസണാണ് പരിസമാപ്തിയായത്.







Author
Citizen Journalist

Goutham prakash

No description...

You May Also Like