അച്ചടക്കവും നിശ്ചയദാര്‍ഢ്യവും ഉറപ്പാക്കാന്‍ യുവജനതയ്ക്കു സൈനിക പരിശീലനം നല്‍കണം: ഗവര്‍ണ്ണര്‍.
- Posted on May 18, 2025
- News
- By Goutham prakash
- 61 Views

സി.ഡി. സുനീഷ്
അച്ചടക്കവും നിശ്ചയദാര്‍ഢ്യവും യുവജനതയില്‍ കൊണ്ടുവരാന്‍ എല്ലാ യുവതീയുവാക്കള്‍ക്കും സൈനിക പരിശീലനം നല്‍കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു.
ദേശാഭിമാനം ഏവര്‍ക്കും ഉണ്ടെങ്കിലും അതിനു ദിശാബോധവും അച്ചടക്കവും ഉണ്ടാകണമെങ്കില്‍ ചിട്ടയായ പരിശീലനം അത്യാവശ്യമാണ്. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി അത്തരത്തില്‍ ഒരു മാതൃകാ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ സര്‍വോദയ വിദ്യാലയത്തില്‍ നടന്ന ഒരാഴ്ച്ച നീണ്ട സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് മധ്യവേനലവധി സഹവാസ ക്യാമ്പിന്‍റെ സമാപനത്തോടനുബന്ധിച്ചുള്ള കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളിലേക്ക് ഉദ്യോഗത്തിനായി വരുന്നവര്‍ക്ക് സൈനികമാതൃകയില്‍ രണ്ടു വര്‍ഷമെങ്കിലും പരിശീലനം ലഭിക്കുന്നത് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. എസ്.പി.സി കേഡറ്റുകളുടെ അച്ചടക്കവും നിശ്ചയദാര്‍ഢ്യവും എവിടെയും അവരെ ശ്രദ്ധിക്കപ്പെടുന്നവരാക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഇന്നു നടന്ന എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിനെ നയിച്ചത് കണ്ണൂര്‍ സിറ്റി മട്ടന്നൂര്‍ എച്ച്.എസ്.എസിലെ സ്വാന്തന സി യാണ്. കൊല്ലം റൂറല്‍ പൂത്തൂര്‍ ജി.എച്ച്.എസ്.എസിലെ കൗശിക് ഡി. കെ ആയിരുന്നു സെക്കന്‍റ് ഇന്‍ കമാന്‍ഡ്. സഹവാസ ക്യാമ്പില്‍ നിന്നും മികച്ച കേഡറ്റുകളായി തിരഞ്ഞെടുത്തതും ഇവരെ തന്നെയായിരുന്നു.
പരേഡിലെ മികച്ച പ്ലാട്ടൂണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് കൊല്ലം സിറ്റി ചിറക്കര ജി.എച്ച്.എസ്.എസിലെ നീരജ എസ് ആര്‍ ജിത്ത് നയിച്ച നാലാമത്തെ പ്ലാട്ടൂണിനെയായിരുന്നു. സഹവാസ ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജില്ലകള്‍ക്കുള്ള പുരസ്കാരവും വിതരണം ചെയ്തു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് കാസറഗോഡ് ജില്ലയാണ്. രണ്ടാം സ്ഥാനം കൊല്ലം സിറ്റിയും മൂന്നാം സ്ഥാനം കണ്ണൂര്‍ സിറ്റിയും കരസ്ഥമാക്കി. വിജയികള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ട്രോഫികള്‍ സമ്മാനിച്ചു.
സര്‍വോദയ വിദ്യാലയ ഗ്രൗണ്ടില്‍ നടന്ന എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കിടേഷ്, ഇന്‍റലിജന്‍സ് വിഭാഗം എ.ഡി.ജി.പി പി. വിജയന്‍, ഇന്‍റലിജന്‍സ് വിഭാഗം ഐ.ജി ജി സ്പര്‍ജന്‍ കുമാര്‍, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയും എസ്.പി.സി സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ എസ് അജിത ബീഗം, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.