നമീബയിൽ നിന്നും കൊണ്ട് വന്ന ചീറ്റ പുലി ചത്തു .
- Posted on March 28, 2023
- News
- By Goutham Krishna
- 190 Views
ന്യൂഡല്‍ഹി : നമീബിയയില്‍നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളില്‍ ഒന്ന് ചത്തു. മധ്യപ്രദേശിലെ കുനോയിലെത്തിച്ച ചീറ്റകളിലെ പെണ്‍ ചീറ്റയായ സാഷ ആണ് ചത്തത്. വൃക്ക സംബന്ധമായ അസുഖം മൂലമാണ് മരണം എന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ വിശാല വനത്തിലേക്ക് തുറന്നുവിട്ട മൂന്ന് ചീറ്റകളിലൊന്നായിരുന്നു സാഷ. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തില്‍ മരണ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടാവുമെന്നാണ് കരുതുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. വൃക്ക സംബന്ധമായ രോഗം അലട്ടിയിരുന്നുവെങ്കിലും സാഷയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നതായി മധ്യപ്രദേശ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ.എസ് ചൗഹാന്‍ പ്രതികരിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 17-ന് രാജ്യത്ത് എത്തിച്ച ചീറ്റകളിലൊന്നാണ് സാഷ. ചീറ്റകളുടെ രണ്ടാം ബാച്ച് ഫെബ്രുവരിയോടെ രാജ്യത്ത് എത്തിയിരുന്നു. ഇന്ത്യയില്‍ വംശനാശം വന്നതിനേത്തുടര്‍ന്നാണ് നമീബിയയില്‍നിന്ന് ചീറ്റകളെ ഇന്ത്യയില്‍ എത്തിച്ചത്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രൊജ്ക്ട് ചീറ്റ എന്ന ദൗത്യത്തിന് രൂപം നല്‍കിയിരുന്നു. ചീറ്റകളുടെ രണ്ടാം ബാച്ച് ഫെബ്രുവരി 18 ഓടെയാണ് രാജ്യത്ത് എത്തിയത്. അഞ്ച് പെണ്‍ ചീറ്റകളും ഏഴ് ആണ്‍ ചീറ്റകളുമാണ് രണ്ടാം വരവിലെത്തിയത്. ഇരു ബാച്ചിലെയും ചീറ്റകള്‍ നിലവില്‍ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണ്.
പ്രത്യേക ലേഖകൻ .