ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ലളിതമാക്കും: മന്ത്രി കെ രാജൻ
- Posted on October 04, 2025
- News
- By Goutham prakash
- 77 Views

സി.ഡി. സുനീഷ്
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും ഏറ്റവും ലളിതമാക്കുകയും എന്നാൽ നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ അന്ത:സത്ത ഒരുവിധത്തിലും ചോരാൻ അനുവദിക്കാത്ത രീതിയിൽ നമ്മുടെ സംവിധാനത്തെ ഉറപ്പിച്ച് നിർത്തുകയും ചെയ്യേണ്ടതുണ്ടെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാനതല ഭൂമി തരം മാറ്റ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആവശ്യമായി വന്നാൽ ചട്ടഭേദഗതിക്ക് പോലും മടിക്കാതെ ഈ നടപടിക്രമങ്ങൾ ലളിതമാക്കാനുള്ള ശ്രമത്തിലേക്കാണ് നാം പോകുന്നത്. ഭൂമി തരം മാറ്റുന്ന നടപടികളിൽ നിന്ന് ഏജൻറുമാരെ പൂർണമായും ഒഴിവാക്കും. അത്തരം അപേക്ഷ കൾക്ക് മുൻഗണന നൽകേണ്ടതില്ലെന്നും ഏജൻറുമാരെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുണ്ടാവുമെന്നും മന്ത്രി ഓർമിപ്പിച്ചു. അനധികൃതമായ നിലം നികത്തലിനെതിരായി കർശന നടപടികൾ സ്വീകരിക്കാനാണ് ആലോചിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
അനധികൃതമായി നികത്തിയ നിലങ്ങളിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിന് സർക്കാരിന് സംവിധാനം ഇല്ലാതിരുന്നതിനാൽ അത് ദുരുപയോഗം ചെയ്യുന്ന സ്ഥിതി നിലവിലുണ്ട്. ഇത്തരത്തിലുള്ള അനധികൃത നിലം നികത്തൽ തടയുന്നതിനായി ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ട ഏഴ് ജില്ലകൾക്കായി ഒരു റിവോൾവിങ് ഫണ്ട് എന്ന നിലയിൽ 1.5 കോടി രൂപ ഇതിനോടകം ജില്ലാ കളക്ടർമാർക്ക് അനുവദിച്ച് നൽകിയിട്ടുണ്ട്. അനധികൃതമായി നികത്തിയ പാടം കൃഷിയോഗ്യമാക്കി നൽകാൻ ഉടമ തയ്യാറാവാതെ വന്നാൽ ആ മണ്ണ് സർക്കാർ ചെലവിൽ എടുത്ത് മാറ്റുകയും അതിനായി ചെലവായ തുക ഭൂമിയുടെ ഉടമസ്ഥരിൽ നിന്ന് റവന്യൂ റിക്കവറി വഴി റിവോൾവിങ്ങ് ഫണ്ടിലേക്ക് ചേർക്കുന്ന രീതിയിലുള്ള സംവിധാനമാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തരംമാറ്റത്തിന്റെ ഭാഗമായുള്ള അദാലത്തുകൾ സ്ഥിരം സംവിധാനമാക്കണമെന്നും മന്ത്രി പറഞ്ഞു. ആർ ഡിഒയുടെ നേതൃത്വത്തിൽ ആർഡിഒ ഓഫീസുകൾ കേന്ദ്രീകരിച്ചു മാസത്തിൽ ഒരിക്കലെങ്കിലും അദാലത്തുകൾ നടത്താനുള്ള സംവിധാനം ഉണ്ടാക്കണം. അപേക്ഷകൾ പരിഹരിക്കുന്നതോടൊപ്പം തന്നെ തിരിച്ചയച്ച അപേക്ഷകൾക്ക് വേണ്ടി വില്ലേജ്തലത്തിൽ അദാലത്ത് നടത്താൻ വേണ്ട സംവിധാനം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന തരംമാറ്റ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിൻ്റെ ഭാഗമായി 25 സെന്റ് വരെയുള്ളതും സൗജന്യ തരംമാറ്റത്തിന് അർഹതയുള്ളതുമായ ഫോറം ആറ് അപേക്ഷകൾ തീർപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഭൂമി തരംമാറ്റ അദാലത്തിന് തുടക്കം കുറിച്ചത്. ഉദ്‌ഘാടനത്തോടനുബന്ധിച്ച് തരം മാറ്റ അപേക്ഷകൾ പരിഹരിക്കുന്നതിനായുള്ള ഉദ്യോഗസ്ഥ തല അദാലത്ത് നടന്നു. ഒക്ടോബർ മൂന്ന് മുതൽ നവംബർ 15 വരെയാണ് ജില്ലാ തല ഭൂമി തരം മാറ്റ അദാലത്തുകൾ നടക്കുക.
ജില്ലാ സ്പോർട്‌സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ റവന്യൂ സെക്രട്ടറി എം.ജി രാജമാണിക്യം അധ്യക്ഷത വഹിച്ചു. പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ, ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ കെ മീര, സബ് കളക്ടർ അഖിൽ വി മേനോൻ, അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി മുരളി, ജില്ലയിലെ ഡെപ്യൂട്ടി കളക്ടർമാർ, തഹസീൽദാർമാർ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.