യുവതയെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി വി അബ്ദുറഹിമാൻ
- Posted on June 21, 2025
- News
- By Goutham prakash
- 60 Views

സ്വന്തം ലേഖിക.
യുവതലമുറയെ ബാധിച്ച രാസലഹരിക്കെതിരെ വലിയ തോതിലുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത് എന്ന് മന്ത്രി വി അബ്ദുറഹിമാൻ. ചാലക്കുടി ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനവും ചാലക്കുടി നഗരസഭ എംഎൽ ജേക്കബ് സ്മാരക ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവർത്തനോദ്ഘാടനവും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കായികരംഗത്ത് പുതിയ തലമുറയെ ആകർഷിക്കുന്നതിനുള്ള നിരവധി പദ്ധതികൾ ആവിഷ്കരിച്ച് വരുന്നുണ്ട്.
സംസ്ഥാനത്ത് പഞ്ചായത്ത് തലത്തിൽ രാജ്യത്തുതന്നെ ആദ്യമായി സ്പോർട്സ് കൗൺസിലുകൾ ആരംഭിച്ചത് ഈ ഗവൺമെന്റ് വന്നതിനുശേഷമാണ്. കായിക പ്രവർത്തകർക്ക് അടിസ്ഥാനമായ തുടക്കം കുറിക്കുന്നതിന് പഞ്ചായത്ത് തലങ്ങളിലെ സ്പോർട്സ് കൗൺസിലുകൾ സഹായകമാണ്.
സംസ്ഥാന സർക്കാരിൻ്റെ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച 500 ലക്ഷം രൂപ വിനിയോഗിച്ചുകൊണ്ടാണ് ചാലക്കുടി ഗവ. മോഡൽ ബോയ്‌സ് ഹൈസ്കൂളിൻ്റെ ഗ്രൗണ്ടിൽ (.ടി.കെ ചാത്തുണ്ണി സ്മാരക സ്‌കൂൾ മൈതാനം) സ്‌റ്റേഡിയം നിർമ്മാണം നടത്തുന്നത്. ഈ പദ്ധതിയിൽ പ്രധാനമായും സിന്തറ്റിക് ഫുട്ബോൾ ടർഫ്, സ്റ്റെപ് ഗ്യാലറി, ഫെൻസിംഗ്, ഫ്ളെഡ് ലൈറ്റിംഗ്, എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആറുമാസമാണ് പദ്ധതി പൂർത്തീകരണ കാലാവധി.
സംസ്ഥാന കായിക വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽനിന്നും അനുവദിച്ച 127 ലക്ഷം രൂപ ചിലവഴിച്ചാണ് മേപ്പിൾവുഡ് ഫ്ളോറിങ്ങ് പൂർത്തിയാക്കിയ ചാലക്കുടി മുനിസിപ്പാലിറ്റി ഇൻഡോർ സ്‌റ്റേഡിയം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു.
സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് അഷ്‌റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ, നഗരസഭ സ്ഥിരസമിതി അധ്യക്ഷരായ പ്രീതി ബാബു, ആനി പോൾ, നഗരസഭ പാർലമെൻ്ററി പാർട്ടി ലീഡർമാരായ ബിജു എസ്. ചിറയത്ത്, സി.എസ്. സുരേഷ് , നഗരസഭ കൗൺസിലർ നിത പോൾ, ഗവ. മോഡൽ ഹൈസ്‌കൂൾ ഹെഡ്‌മിസ്ട്രസ് പി.മിനി, രാഷ്ട്രീയകക്ഷി പ്രതിനിധികളായ വി.ഒ.പൈലപ്പൻ, പോൾ പുല്ലൻ, വി.ഐ. പോൾ, നഗരസഭാ സൂപ്രണ്ട് ദിലേഷ് പൊന്നമ്പി എന്നിവർ പങ്കെടുത്തു