കാൽസ്യം കാർബൈഡ്, ‘നിരോധിച്ച, വിഷ വസ്തു
- Posted on May 27, 2025
- News
- By Goutham prakash
- 202 Views
സി.ഡി. സുനീഷ്.
*
മുങ്ങിയ കപ്പലിലെ 12 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ്, ‘നിരോധിത വിഷ വസ്തുവാണ്.
മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്ന കാൽസ്യം കാർബൈഡ് വെള്ളത്തിൽ കലർന്നാൽ കടൽജീവികൾക്കു വംശ നാശം സംഭവിക്കും, കടലാവാസ വ്യവസ്ഥ ചക്രം
താറുമാറാകും.
ഒപ്പം കടലിനെ ആശ്രയിച്ച് അതിജീവനം നടത്തിയിരുന്ന മത്സ്യത്തൊഴിലാളികളുടെ അതിജീവനം അസാധ്യമാക്കും.
കടലിനേയും കടൽ സമ്പത്തിനേയും തീരദേശത്തേയും ആശ്രയിക്കുന്ന വലിയ സാമ്പത്തീക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
കൊച്ചിയിൽനിന്ന് 70 കിലോമീറ്റർ അകലെ അപകടത്തിൽപെട്ട എം.എസ്.സി എൽസ 3 ചരക്കുകപ്പൽ കടലിൽ മുങ്ങിയ നിലയിലായതെങ്കിൽ കണ്ടെയ്നറുകൾ ഒഴുകി വർക്കല തീരം വരെ എത്തി.
ഇന്ത്യയിൽ വിൽപനയും ഉപയോഗവും നിരോധിച്ചിട്ടുള്ള വസ്തുവാണ് കാൽസ്യം കാർബൈഡ്. ഇതു പ്രതിപ്രവർത്തിക്കുന്നതു വഴി കടലിലെ താപനിലയും ക്ഷാരാംശവും ഗണ്യമായി കൂടും. ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ജീവജാലങ്ങൾ നശിക്കുകയും ചെയ്യാം. തീരത്തു വച്ചാണു കണ്ടെയ്നറിൽനിന്നു കാൽസ്യം കാർബൈഡ് വെള്ളത്തിൽ കലരുന്നതെങ്കിൽ പി.എച്ച്.മൂല്യം വലിയ തോതിൽ കൂടാനും മീനുകൾ ചത്തുപൊങ്ങാനും ഇടയുണ്ട്.
മുങ്ങിത്താണ എംഎസ്‌സി എൽസ 3 എന്ന ചരക്കുകപ്പലിലെ 12 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡുണ്ടെന്നത് ആശങ്കയോടെയാണു സമുദ്രശാസ്ത്രജ്ഞർ കാണുന്നത്. പൂർണമായും കാൽസ്യം കാർബൈഡ് നിറച്ചിരുന്നോ എന്നു വ്യക്തമല്ല. അങ്ങനെ നിറച്ചിട്ടുണ്ടെങ്കിൽ 300 ടണ്ണോളം കാൽസ്യം കാർബൈഡ് കപ്പലിൽ ഉണ്ടായിരുന്നിരിക്കാനാണു സാധ്യത.
കാൽസ്യത്തിന്റെയും കാർബ ണിന്റെയും സംയുക്തമാണ് കാൽസ്യം കാർബൈഡ് (CaC2). കാൽസ്യം അസറ്റിലൈഡ് എന്നും പേരുണ്ട്. ഇതു വെള്ളവുമായി ചേർന്നാൽ അസറ്റലിൻ വാതകമുണ്ടാകും. പെട്ടെന്നു തീപിടിക്കുന്നതാണിത്. ഓക്സിജന്റെ സാന്നിധ്യം കൂടിയാകുമ്പോൾ തീയുടെ ആഘാതം വലുതാകും. രണ്ടും കൂടിച്ചേർന്നാൽ വലിയ തോതിൽ ചൂടും ഉയരും. എണ്ണ, മറ്റു പദാർഥങ്ങൾ എന്നിവയുടെ സാന്നിധ്യം തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിക്കും.
ആദ്യകാലങ്ങളിൽ വെൽഡിങ്ങിന് കാൽസ്യം കാർബൈഡ് ഉപയോഗിച്ചിരുന്നു. ഉരുക്ക് പോലെയുള്ള കട്ടിയേറിയ പദാർഥങ്ങൾ മുറിക്കുന്നതിനും സഹായകരമായിരുന്നു. ഫലങ്ങൾ പഴുപ്പിക്കുന്നതായിരുന്നു മറ്റൊരു ഉപയോഗം. ഈ ഉപയോഗം പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. വളം നിർമാണത്തിനായും ഉപയോഗിച്ചിരുന്നു. നിലവിൽ പല രാസപദാർഥങ്ങളും നിർമിക്കാനുള്ള പ്രധാന അസംസ്കൃത വസ്തുവായാണു കാൽസ്യം കാർബൈഡ് ഉപയോഗപ്പെടുത്തുന്നത്. മനുഷ്യശരീരവുമായി നേരിട്ടുള്ള സമ്പർക്കം പലതരത്തിൽ അപകടകരമാണ്.
കപ്പലിൽ പോകുന്ന ചരക്കുകൾ എന്ത് ഉൽപ്പന്നങ്ങളാണ് എന്നറിയാനും സുരക്ഷ ക്രമീകരണങ്ങളും എടുക്കാനും കൂടുതൽ സംവിധാനങ്ങൾ അനിവാര്യമാണ്.
