രാത്രി പത്ത് മണിക്ക് ശേഷം സ്ത്രീകൾ ആവശ്യപ്പെട്ടാൽ കെ.എസ്. ആർ. ടി.സി. നിർത്താൻ ഉത്തരവായി
- Posted on April 12, 2023
- News
- By Goutham prakash
- 256 Views
തിരുവനന്തപുരം: ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് രാത്രി 10 മുതല്‍ രാവിലെ 6 വരെ അവര്‍ ആവശ്യപ്പെടുന്നിടത്ത് കെ.എസ്. ആര്‍.ടി.സി ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതവകുപ്പ് ഉത്തരവിറക്കി. സ്ത്രീകള്‍ക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇതു ബാധകമാണ്. ‘മിന്നല്‍’ ബസുകള്‍ ഒഴികെ എല്ലാ സൂപ്പര്‍ ക്ലാസ് ബസുകളും ഇത്തരത്തില്‍ നിര്‍ത്തണം. മിന്നല്‍ ഒഴികെ എല്ലാ സര്‍വീസുകളും രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെഎസ്ആര്‍ടിസി എംഡി കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പിന്നീടും രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെട്ടാലും സ്റ്റോപ്പില്‍ മാത്രമേ ഇറക്കൂ എന്നു കണ്ടക്ടര്‍ നിര്‍ബന്ധം പിടിക്കുകയും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിടുകയും ചെയ്യുന്നുവെന്ന പരാതികള്‍ വരുന്നതിനാലാണ് പ്രത്യേക ഉത്തരവിറക്കാന്‍ മന്ത്രി ആന്റണി രാജു നിര്‍ദേശിച്ചത്.
സ്വന്തം ലേഖകൻ
