കുടിശിക വിവരം അന്വേഷിക്കാനെത്തിയ ഗ്യഹനാഥന് മർദ്ദനം: ചീഫ് എഞ്ചിനീയർ അന്വേഷിക്കണം. - മനുഷ്യാവകാശ കമ്മീഷൻ.

തിരുവനന്തപുരം:  വാട്ടർ അതോറിറ്റി കുടിശികയുമായി ബന്ധപ്പെട്ട് സംശയം ചോദിക്കാനും കണക്ഷൻ വിഛേദിച്ചത് തിരക്കാനും ജല അതോറിറ്റി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയെ കുറിച്ച് വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.


മർദ്ദനത്തിന്റെ സി.സി.റ്റി.വി. ദ്യശ്യങ്ങൾ പരിശോധിച്ച്  വസ്തുതാപരമായ വിവരങ്ങൾ മനസിലാക്കി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സമർപ്പിച്ച റിപ്പോർട്ട് ചീഫ് എഞ്ചിനീയർ കമ്മീഷന് സമർപ്പിക്കണം.ജനുവരി 16 ന് രാവിലെ  10 ന്  കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ചീഫ് എഞ്ചിനീയർ നിയോഗിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.




കഴിഞ്ഞ മാസം 28 ന്  ജല അതോറിറ്റി പോങ്ങുംമൂട് സെക്ഷൻ ക്യാഷ് കൗണ്ടറിന്റെ പരിസരത്താണ് സംഭവമുണ്ടായതെന്ന് മനസിലാക്കുന്നു. മർദ്ദനമേറ്റ ഗൃഹനാഥനെ വീണ്ടും ഓഫീസിലെത്തിച്ച് പരാതിയില്ലെന്ന് എഴുതി വാങ്ങിയെന്നും ആരോപണമുണ്ട്. സംഭവം ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥിരീകരിച്ചിട്ടുള്ളതായി പറയുന്നു.  5000 രൂപ കുടിശിക അടച്ച ശേഷമാണ് കണക്ഷൻ വിഛേദിച്ചതെന്നും പറയുന്നു.


പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Author
Citizen Journalist

Goutham prakash

No description...

You May Also Like