കൊച്ചി ബിനാലെ പ്രമേയമായി നോവൽ രചിക്കാൻ പ്രശസ്‌ത ഫ്രഞ്ച് എഴുത്തുകാരി മെയ്‌ലിസ് ഡി
- Posted on January 17, 2023
- News
- By Goutham Krishna
- 224 Views

കൊച്ചി: പ്രശസ്‌ത ഫ്രഞ്ച് എഴുത്തുകാരി മെയ്‌ലിസ് ഡി കെരാംഗൽ കൊച്ചി മുസിരിസ് ബിനാലെ പ്രമേയമാക്കി നോവൽ രചിക്കാൻ ഒരുങ്ങുന്നു. ബിനാലെ പ്രമേയങ്ങളിൽ ഉരുവം കൊണ്ട എല്ലാം ഇനി നോവലിൽ സ്വാധീനിക്കും. ബിനാലെയുടെ ഭാഗമായി 'പെയിന്റിംഗ് ടൈം' എന്ന തന്റെ പുതിയ നോവലിനെക്കുറിച്ച് പ്രഭാഷണം നടത്താൻ ഫോർട്ടുകൊച്ചി കബ്രാൾ യാർഡ് പവിലിയനിൽ എത്തിയപ്പോളാണ് മെയ്‌ലിസ് ഇക്കാര്യം അറിയിച്ചത്. നോവലിനു അരങ്ങൊരുക്കാൻ കൊച്ചിയെക്കുറിച്ച് കൂടുതൽ അറിയാൻ ഉടൻ വീണ്ടും ഇവിടെയെത്തുമെന്നും അവർ പറഞ്ഞു.
ബൗദ്ധിക, രാഷ്ട്രീയ, സൗന്ദര്യാത്മക തലങ്ങളിൽ അസദൃശവും ഉജ്ജ്വലവുമാണ് കൊച്ചി ബിനാലെയെന്ന് വിഖ്യാത ഫ്രഞ്ച് സാഹിത്യ പുരസ്‌കാരമായ ഗ്രാൻഡ് പ്രി ആർടിഎൽ ലിറെ (Grand prix RTL-Lire) ജേതാവ് കൂടിയായ മെയ്‌ലിസ് അഭിപ്രായപ്പെട്ടു. കൊച്ചിയിൽ ആദ്യമായാണ് എത്തുന്നത്. ഇവിടത്തെ ജനങ്ങളുടെ സ്‌നേഹോഷ്‌മള പെരുമാറ്റവും മാന്യതയും സവിശേഷമായ ചുറ്റുപാടും അനുഭവവുമാണ് തരുന്നതെന്ന് മെയ്‌ലിസ്.
കൊച്ചി സന്ദർശനം മെയ്‌ലിസിനു പ്രിയതരമാകാൻ മറ്റൊരു കാരണവുമുണ്ട്: 2014ൽ മെയ്‌ലിസിന് സമുന്നത ഗ്രാൻഡ് പ്രി സാഹിത്യ പുരസ്‌കാരം നേടിക്കൊടുത്ത 'റിപറർ ലെ വിവാന്റസ്' എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷകയെ ഇതാദ്യമായി നേരിട്ട് കാണാനും സംസാരിക്കാനും കഴിഞ്ഞു. തേവര എസ് എച്ച് കോളജിലെ ഫ്രഞ്ച് അസിസ്റ്റന്റ് പ്രൊഫസർ ശോഭ ലിസ ജോണാണ് 'തുന്നിച്ചേർത്ത ജീവിതങ്ങൾ' എന്ന പേരിൽ ഫ്രഞ്ച് നോവൽ മലയാളത്തിലേക്ക് മൊഴി മാറ്റിയത്. 2021ലായിരുന്നു മലയാളം പരിഭാഷ പുറത്തിറങ്ങിയത്.
ആഹ്ളാദാതിരേകത്തോടെയും ആശ്ചര്യത്തോടെയുമാണ് ശോഭയുമായി കൂടിക്കണ്ടതിനെക്കുറിച്ച് മെയ്‌ലിസ് വിവരിച്ചത്: "എന്റെ പരിഭാഷകയെ നേരിട്ട് കാണാനായത് വിസ്‌മയിപ്പിക്കുന്നതായി. പ്രസാധകരോട് മാത്രമേ ഞാൻ സംസാരിച്ചിരുന്നുള്ളൂ. വളരെ അടുത്ത ആത്മബന്ധം തന്നെയുള്ള ആളെ മറ്റൊരു രാജ്യത്ത് കണ്ടുമുട്ടുന്നതു പോലെയായി ശോഭയുമായുള്ള കൂടിക്കാഴ്‌ച. എന്റെ പുസ്തകത്തിന് മലയാളത്തിൽ ശബ്‌ദം നൽകിയ ശോഭയോട് വാക്കുകൾക്കതീതമായ നന്ദിയുണ്ട്." ഗംഭീര പരിഭാഷയാണ് ശോഭയുടേതെന്ന് പറഞ്ഞുകേട്ടതായും മെയ്‌ലിസ് പറഞ്ഞു. 'പെയിന്റിംഗ് ടൈം' എന്ന നോവലിലൂടെ ചെറുപ്പക്കാരിയായ ചിത്രകാരിയുടെ ജീവിതമാണ് മെയ്‌ലിസ് പറയുന്നത്. ബിനാലെയിലെ പ്രഭാഷണത്തെ പ്രസക്തമാക്കിയതും മറ്റൊന്നല്ല.