തോന്നുംപടി യാത്രാക്കൂലി കൂട്ടാനാവില്ല; വിമാനക്കമ്പനികൾക്ക് മൂക്കുകയറിട്ട് കേന്ദ്രം.
- Posted on December 07, 2025
- News
- By Goutham prakash
- 17 Views
ന്യൂഡൽഹി∙ ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിമാനയാത്രാനിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികൾക്ക് മൂക്കുകയറിടാൻ കേന്ദ്രം. പ്രതിസന്ധി ബാധിക്കപ്പെട്ട റൂട്ടുകളിലെ യാത്രാക്കൂലിക്ക് കേന്ദ്രം പരിധി നിശ്ചയിച്ച് ഉത്തരവിട്ടു. ഇതിനു മുകളിലുള്ള നിരക്ക് ഈടാക്കാൻ പാടില്ല. കോവിഡ് കാലത്താണ് സമാനമായ നിയന്ത്രണം കേന്ദ്രം ഏർപ്പെടുത്തിയത്. വിമാനക്കമ്പനികൾ അസാധാരണമാംവിധം ഉയർന്ന വിമാനക്കൂലി ഈടാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഗൗരവമായെടുത്തിട്ടുണ്ടെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു.
ടിക്കറ്റിന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഏർപ്പെടുത്തിയ പരിധി ഇങ്ങനെ
500 കിലോമീറ്റർ വരെ 7,500 രൂപ
500 മുതൽ 1000 കിലോമീറ്റർ വരെ 12,000 രൂപ
ആയിരം കിലോമീറ്റർ മുതൽ 1,500 കിലോമീറ്റർ വരെ 15,000 രൂപ
1,500 കിലോമീറ്ററിനു മുകളിൽ 18,000 രൂപ
എന്നിങ്ങനെയാണ് ഇക്കോണമി ടിക്കറ്റിലെ പരിധി നിശ്ചിയിച്ചിരിക്കുന്നത്. യൂസർ ഡവലപ്മെന്റ് ഫീസ്, പാസഞ്ചർ സർവീസ് ഫീസ്, നികുതി എന്നിവ ഇതിനു പുറമേയാണ്. ബിസിനസ് ക്ലാസിനും ഉഡാൻ ഫ്ലൈറ്റുകൾക്കും ഈ നിരക്ക് ബാധകമല്ല.
