ബിനാലെ ചിന്തിപ്പിക്കുന്ന മനോഹര അനുഭവം: മന്ത്രി വീണ ജോർജ്

കൊച്ചി: ചിന്തിപ്പിക്കുന്ന വളരെ മനോഹരമായ മികച്ച അനുഭവമാണ് കൊച്ചി ബിനാലെയെന്ന് സംസ്ഥാന ആരോഗ്യ, വനിത - ശിശു വികസന മന്ത്രി വീണ ജോർജ്. ഏതു കാലഘട്ടത്തിലും ആർട്ടിസ്റ്റുകൾ സമൂഹത്തോട് സംസാരിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. അതിന്റെ ഏറ്റവും മനോഹരമായ അനുഭവമാണ് ബിനാലെ. പരിസ്ഥിതി, മനുഷ്യൻ, മനസ്, ശരീരം, രാഷ്ട്രീയം, ജെൻഡർ, യുദ്ധം, സംസ്‌കാരങ്ങൾ എല്ലാം ഇവിടെ വിഷയങ്ങളാണ്.
ഓരോ കലാസൃഷ്ടിയും ഓരോ തലത്തിൽ കലാമൂല്യമുള്ളതും ഒപ്പം തന്നെ സാമൂഹ്യപ്രസക്തവുമാണ്. മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നിന്ന് കാണാൻ ആളുകൾ എത്തുന്ന ബിനാലെ വലിയതോതിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സംസ്ഥാന സർക്കാർ വലിയ പ്രാധാന്യത്തോടെയാണ് ബിനാലെയെ കാണുന്നത്. വരും തവണകളിലും ഇത് ഏറ്റവും മികച്ച രീതിയിൽ തലമുറകളിലേക്ക് സംവേദിക്കപ്പെടുകയും കൈമാറുകയും ചെയ്യുന്ന ഒന്നായി അടയാളപ്പെടുത്തപ്പെടണമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. ബിനാലെ കാണാനെത്തിയ മന്ത്രിയെ ഫോർട്ടുകൊച്ചി ആസ്‌പിൻവാൾ ഹൗസിൽ ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി സ്വീകരിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എല്‍. വിവേകാനന്ദന്‍, പുനെ ഡോ. ഡി വൈ പാട്ടീൽ സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചറിലെ വിദ്യാർഥികൾ ഉൾപ്പെടെ 82 അംഗ സംഘവും മണ്ണാർക്കാട് ലിറ്റിൽ കിങ്‌ഡം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 51 യു പി വിദ്യാർത്ഥികളും അദ്ധ്യാപകരും, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വനിതാസംരംഭകരുടെ 69 അംഗ സംഘവും ബിനാലെ സന്ദർശിച്ചു.
സ്വന്തം ലേഖകൻ