ബെർലിനാലേയുടെ യൂറോപ്യൻ ഫിലിം മാർക്കറ്റിൽ N.f.d.c യുടെ മലയാളം സിനിമ 'അച്ചപ്പയുടെ ആൽബം' ശ്രദ്ധേയമായി.
- Posted on February 20, 2025
- News
- By Goutham prakash
- 215 Views
ഇന്ത്യൻ സിനിമാകാശത്ത് മറ്റൊരു പൊൻതൂവൽ കൂടി ചാർത്തിക്കൊണ്ട് മലയാളത്തിലുള്ള, കുട്ടികളുടെ ഹൃദയഹാരിയായ ചലച്ചിത്രം 'അച്ചപ്പയുടെ ആൽബം' ( Grampa’s Album), ജർമ്മനിയിലെ ബെർലിനേൽ 2025 ന്റെ ഭാഗമായ യൂറോപ്യൻ ഫിലിം മാർക്കറ്റിൽ (EFM) പ്രത്യേകം പ്രദർശിപ്പിച്ചു .
തലമുറകളിലൂടെയുള്ള കുടുംബബന്ധങ്ങളെ കാല്പനികതയും തമാശയും ചേർത്ത് അവതരിപ്പിച്ചിരിക്കുന്ന കഥയായ അച്ചപ്പയുടെ ആൽബം, കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഒരുപോലെ ആകർഷിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യും. കാല്പനികത , ടൈം ട്രാവൽ, സ്വത്വങ്ങളുടെ കൈമാറ്റം, സ്വയം കണ്ടെത്തൽ എന്നിവ അച്ചപ്പയുടെ ആൽബം ഇഴചേർക്കുന്നു. ഡോ. മോഹൻ അഗാഷേ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആദിനാഥ് കോത്താരെ, പ്രിയങ്ക നായർ, ഓമന ഔസേഫ്, അഞ്ജന അപ്പുക്കുട്ടൻ, ജോണി ആൻ്റണി, നവാഗതനായ സിദ്ധാൻഷു സഞ്ജീവ് ശിവൻ തുടങ്ങി വ്യത്യസ്ത ഭാഷയിലുള്ള അഭിനേതാക്കളും ഭാഗമായിട്ടുണ്ട്് . ഈ ചലച്ചിത്രം 2025 ഫെബ്രുവരി 15നാണ് പ്രദർശിപ്പിച്ചത്.
ബെർലിനേലിന്റെ സിനിമകൾ പ്രദർശിപ്പിക്കുന്ന ഫോറങ്ങളുടെ വിഭാഗത്തിലേക്ക് 'NFDC യുടെ കാർക്കെൻ ' എന്ന സിനിമയും പരിഗണനയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു . എന്നാൽ ചിത്രത്തിന് അന്തിമ പട്ടികയിൽ ഇടം നേടാൻ ആയില്ല. അരുണാചലിലെ ഒരു ഗ്രാമീണ ഡോക്ടറുടെ കഥയാണ് കാർക്കെൻ.. 55-ാമത് ഐഎഫ്എഫ്ഐയിൽ ഈ ചിത്രം വേൾഡ് പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.
വൈവിധ്യമാർന്ന ഇന്ത്യൻ സമൂഹത്തിന്റെ വ്യത്യസ്ത സംസ്കാരങ്ങളെ ആഘോഷിക്കുന്ന ആധികാരിക ആഖ്യാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എൻഎഫ്ഡിസിയുടെ പ്രതിജ്ഞാബദ്ധതയാണ് ഈ രണ്ട് സിനിമകളും പ്രതിഫലിപ്പിക്കുന്നത്.
