ലളിതം സമഗ്രം സുന്ദരം കുരുത്തോലയില്‍ വിരിഞ്ഞു കൗതുക ലോകം വിരിഞ്ഞുണർന്നു.
- Posted on April 27, 2023
- Kerala News
- By Goutham Krishna
- 187 Views
കൽപ്പറ്റ: തെങ്ങോലകള്‍ നീളത്തില്‍ കീറി നാലായി മടക്കിയും അതിനുള്ളില്‍ ഇഴകള്‍ പിരിച്ചും ഒരുദിനം. കണ്ണടകളും ഓലപന്തും ഓലപാമ്പും. പാമ്പും പറവകളും വാച്ചും പൂക്കളുമായി കുരുത്തോലകള്‍ക്കെല്ലാം നൊടിയിടയില്‍ വിഭിന്ന രൂപങ്ങള്‍. കുരുത്തോല മാന്ത്രികന്‍ കോഴിക്കോട് മേപ്പയ്യൂര്‍ ആഷോ സമം. സംസ്ഥാന വയനാട്ടിലെ കൽപ്പറ്റയിൽ സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം എന്റെ കേരളം വേദിയില്‍ കുട്ടികള്‍ക്കായി ഒരുക്കിയ കുരുത്തോലക്കളരിയാണ് ബാല്യ കാലങ്ങളുടെ നൊമ്പരങ്ങളില്‍ പുതിയൊരു കാലം ചേര്‍ത്തുവെച്ചത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് വേനല്‍ അവധിക്കാലത്ത് എന്റെ കേരളം ആക്ടിവിറ്റി സോണില്‍ കുട്ടികള്‍ക്കായി കുരുത്തോലക്കളരി സംഘടിപ്പിച്ചത്. സമഗ്രവും ലളിതവും സന്തുഷ്ടവുമായ ജീവിത സന്ദേശം കുരുത്തോലകള്‍ കൊണ്ട് കുട്ടികള്‍ക്കായി ആഷോ സമം വരഞ്ഞിടുകയായിരുന്നു. ഓലകള്‍ വെട്ടിയും ചീന്തിയും ഈര്‍ക്കില്ലിയില്‍ കോര്‍ത്തും കളിപ്പാട്ടങ്ങളുണ്ടാക്കാന്‍ കുട്ടികളും എളുപ്പത്തില്‍ പഠിച്ചു. കണ്ണ് തുറന്ന് കാണാനും കാത് തുറന്ന് കേള്‍ക്കാനും മനസ്സ് തുറന്ന് ചിന്തിക്കാനും കുട്ടികള്‍ക്ക് കഴിയണം. പ്രകൃതിയില്‍ നിന്നുള്ള ഏറ്റവും ചെറിയ കാര്യങ്ങളിലുള്ള നിരീക്ഷണം പോലും നല്ല ജീവിത യാത്രകളിലേക്കുള്ള വഴികാട്ടികളാകും. തെങ്ങോലകള്‍ പ്രമേയമാക്കി പുതിയ തലമുറകളിലേക്ക് എന്റെ കേരളം കുരുത്തോലകളുമായി വാതില്‍ തുറന്നപ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുതിയ അനുഭവങ്ങള്‍. ബാല്യകാലങ്ങളുടെ നൊമ്പരങ്ങള്‍ ചേര്‍ത്ത് ഗൃഹാതുരമായ ഓലക്കളിപ്പാട്ടങ്ങളുണ്ടാക്കാന്‍ മുതിര്‍ന്നവരും കുട്ടികള്‍ക്കൊപ്പം കൂടിയതോടെ ഈ വേദി പഴയകാലത്തിലേക്കും പുതിയ തലമുറകളിലേക്കുമുള്ള കണ്ണികള്‍ വിളക്കിചേര്‍ത്തു. മൊബൈല്‍ഫോണിലും ടാബിലും പ്ലാസ്റ്റിക്ക് നിര്‍മ്മിത കളിപ്പാട്ടങ്ങളിലുമായി കാലം കഴിക്കുന്ന പുതിയ കുട്ടികള്‍ക്ക് തെങ്ങോലകള്‍ കൊണ്ടുള്ള കളിപ്പാട്ടങ്ങളും നിര്‍മ്മിതികളും ഒരേ സമയം കൗതുകവും വേറിട്ട പാഠങ്ങളുമായി. വര്‍ത്തമാന കാലങ്ങളുമായി സംവദിച്ചുള്ള കുരുത്തോലക്കളരിയിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കുട്ടികളെത്തിയിരുന്നു. പൈതൃകങ്ങളെ നവീകരിച്ച് കൊണ്ടുള്ള കുരുത്തോല കരവിരുതുകള്‍ പ്രൃകൃതി സൗഹൃദ കാലത്തിന്റെ ഒരടയാളം കൂടിയാണ് പങ്കുവെച്ചത്. പ്രായോഗികമായ ഒരു ജീവനകലയും ഇഴപിരിഞ്ഞതോടെ പഴയ കാലത്തെ കുരുത്തോല തോരണങ്ങള്‍ ഇക്കാലത്തിന്റെയും നന്മയടെ നേര്‍ചിത്രങ്ങളായി മാറി. കാല്‍നൂറ്റാണ്ടായി ആഷോ സമം (അശോക് കുമാര്‍) കുരുത്തോലകളുമായി സഞ്ചരിക്കുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി വേദികള്‍ പിന്നിട്ട ആഷോ സമം കുരുത്തോല വണ്ടിയുമായി കേരളമാകെയുള്ള സഞ്ചാരത്തിന് ഒരുങ്ങുകയാണ്. പരിസ്ഥിതി, കൃഷി, ഭക്ഷണം, ആരോഗ്യം, വസ്‌ത്രം, പാര്‍പ്പിടം എന്നിങ്ങനെ ലാളിത്യത്തിന്റെയും സമഭാവനയുടെയും സന്ദേശം കൂടിയാണ് പുതിയ തലമുറയ്‌ക്ക് സമം നല്‍കുന്നത്. വിവാഹം മുതല്‍ ആഘോഷ ചടങ്ങുകളിലെല്ലാം സമം തെങ്ങോലകള്‍ കൊണ്ടുള്ള എണ്ണമറ്റ നിര്‍മ്മിതകള്‍ പരിചയപ്പെടുത്തുന്നു. തെങ്ങോലകള്‍ കൊണ്ടുള്ള കളിപ്പാട്ടങ്ങളും ഒരു കാലവും തിരിച്ചിപിടിക്കാനുള്ള ആഷോ സമത്തിന്റെ വേദികളിലൂടെയുള്ള സഞ്ചാരത്തിനും പുതിയ തലമുറകള്‍ വലിയ സ്വീകാര്യതകളാണ് നല്‍കുന്നത്.
സ്വന്തം ലേഖകൻ.