കാനഡ നഴ്സിംങ് റിക്രൂട്ട്മെന്റ്. അനധികൃത ഏജന്‍സികള്‍ക്കെതിരെ ജാഗ്രത പാലിക്കുക.
- Posted on January 07, 2025
- News
- By Goutham prakash
- 196 Views
കേരളത്തില്‍ നിന്നും കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റിന് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്സ് അല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസ് (NLHS) അറിയിച്ചു. തൊഴില്‍ വാദ്ഗാനം ചെയ്ത് സ്വകാര്യ ഏജന്‍സികളും വ്യക്തികളും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുന്നതും പണം ഈടാക്കുന്നതും ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം. കാനഡ റിക്രൂട്ട്മെന്റിന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസോ, നോര്‍ക്ക റൂട്ട്സോ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഫീസ് ഈടാക്കുന്നില്ല. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കഷന്‍, അഭിമുഖം, അവശ്യമായ യോഗ്യതകള്‍ എന്നിവ പരിഗണിച്ച് കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. കേരളത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് അല്ലാതെ മറ്റൊരു ഏജന്‍സിയേയോ വ്യക്തികളേയോ കാനഡ റിക്രൂട്ട്മെന്റിനായി എന്‍.എല്‍.എച്ച്.എസ് ചുമതലപ്പെടുത്തിയിട്ടില്ല.
ഇക്കാര്യത്തില്‍ അംഗീകൃതമല്ലാത്ത റിക്രൂട്ട്മെന്റ് ഏജന്‍സികളുടേയും വ്യക്തികളുടേയും പരസ്യങ്ങളിലോ വാദ്ഗാനങ്ങളിലോ വഞ്ചിതരാകരുതെന്നും എന്‍.എല്‍.എച്ച്.എസ് (NLHS) അറിയിച്ചു. അംഗീകൃതമല്ലാത്ത ഏജന്‍സികളുടെ പരസ്യങ്ങളോ വാഗ്ദാനങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ ceonorkaroots@gmail.com എന്ന ഇ-മെയിലിലോ , സി.ഇ.ഒ, നോര്‍ക്ക റൂട്ട്സ്, തൈയ്ക്കാട് തിരുവനന്തപുരം-695014 (ഫോണ്‍-0471-2770500) എന്ന വിലാസത്തിലോ അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജരുടെ ഫോണ്‍ നമ്പറിലോ 0471-2770531 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) ഇ-മെയിലിലോ rcrtment.norka@kerala.gov.in അറിയിക്കാവുന്നതാണ്.
സ്വന്തം ലേഖകൻ.
