അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് വെബ്സെറ്റ് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.
- Posted on October 17, 2024
- News
- By Goutham prakash
- 331 Views
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ വച്ച് നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു
: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ വച്ച് നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു (https://keralahighereducation.com). ഷേപ്പിങ് കേരളാസ് ഫ്യൂച്ചര്‍ ഇന്‍റര്‍നാഷണല്‍ കോണ്‍ക്ലേവ് ഓണ്‍ നെക്സ്റ്റ്-ജെന്‍ ഹയര്‍ എജ്യുക്കേഷന്‍ എന്ന പേരില്‍ ഈ ഡിസംബര്‍ 19,20 തീയതികളില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ വച്ചാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വറുഗീസ്, പ്രോഗ്രാം ഓഫീസര്‍ മിസ്റ്റര്‍ എല്‍ദോ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയരായ വിവിധ വിദ്യാഭ്യാസ വിചക്ഷണډാര്‍ അണിനിരക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://keralahighereducation.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചു പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ നിലവിലെ വെല്ലുവിളികളും സാധ്യതകളും ഈ കോണ്‍ക്ലേവ് പരിശോധിക്കും. ഉന്നത വിദ്യാഭ്യാസത്തില്‍ നിര്‍മിത ബുദ്ധിയുടെ സംയോജനം, സാമ്പത്തിക സുസ്ഥിരത, അന്താരാഷ്ട്രവല്‍ക്കരണം, ഗവേഷണ മികവ്, സുസ്ഥിര വികസനം കരിക്കുലത്തില്‍ സംയോജിപ്പിക്കല്‍, ഉന്നത വിദ്യാഭ്യാസത്തെ ഭാവി തൊഴില്‍ സാധ്യതകളുമായി ബന്ധിപ്പിക്കല്‍, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ മാറേണ്ട ക്യാമ്പസുകളിലെ ജനാധിപത്യ വിദ്യാര്‍ത്ഥി യൂണിയനുകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം നടത്തിക്കൊണ്ടിരിക്കുന്ന നിരവധി പരിഷ്കാരങ്ങളുടെ തുടര്‍ച്ചയാണ് ഡിസംബറിലെ കോണ്‍ക്ലേവ്. ഈ വര്‍ഷം സംസ്ഥാനത്ത് ആരംഭിച്ച നാലുവര്‍ഷ ബിരുദ പദ്ധതി, കോളേജുകളിലും സര്‍വ്വകലാശാലകളിലും അക്കാദമിക, ഭരണ കാര്യങ്ങള്‍ സുഗമമായി നടത്തുന്നതിന് വേണ്ടി രൂപീകരിച്ച കെ-റീപ് പദ്ധതി, വിവിധ മേഖലകളിലായി ഏഴു മികവിന്‍റെ കേന്ദ്രങ്ങള്‍, കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക്, ബ്രെയിന്‍ ഗെയിന്‍ പദ്ധതി, സ്റ്റഡി ഇന്‍ കേരള പദ്ധതി, സ്റ്റേറ്റ് അക്രഡിറ്റേഷന്‍ ആന്‍റ് അസസ്സ്മെന്‍റ് സെന്‍റര്‍, മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍, കൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍, ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി, നൈപുണ്യ വികസനത്തിനായി സെന്‍റര്‍ ഫോര്‍ സ്കില്‍ ഡെവലപ്മെന്‍റ് കോഴ്സസ് ആന്‍റ് കരിയര്‍ പ്ലാനിംഗ് തുടങ്ങിയവ അവയില്‍ ചിലതാണ്.
അന്താരാഷ്ട്ര കോണ്‍ക്ലേവിന് 2024 ഡിസംബര്‍ 19 ന് രാവിലെ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും. നോബല്‍ പുരസ്കാര ജേതാക്കള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രഗത്ഭര്‍ ചടങ്ങില്‍ പങ്കെടുക്കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോണ്‍ക്ലേവില്‍ നിരവധി ശില്പശാലകളും പ്ലീനറി സെഷന്‍സും പാരലല്‍ സെഷന്‍സും നടക്കും. ബോസ്റ്റണ്‍ കോളേജ് സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ ഹയര്‍ എജ്യുക്കേഷനിലെ സ്ഥാപക ഡയറക്ടര്‍ പ്രൊഫ. ഫിലിപ്പ് ആള്‍ട്ബാക്, ലങ്കാസ്റ്റര്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. ഡോണ്‍ പാസി, എഡിന്‍ബറോ സര്‍വ്വകലാശാലയിലെ പ്രൊഫ. വിക്ടോറിയ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ സംബന്ധിക്കും. കൂടാതെ രാജ്യത്തെ വിവിധ ഐ.ഐ.ടി കള്‍, ഐ.ഐ.എം കള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, യു.ജി.സി, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് എന്നിവിടങ്ങളില്‍ നിന്നും ലോകബാങ്ക്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍ നാഷണല്‍ എജ്യുക്കേഷന്‍, ഒ.ഇ.സി.ഡി തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നും വിദഗ്ധര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ https://keralahighereducation.com എന്ന കോണ്‍ക്ലേവ് വെബ്സൈറ്റില്‍ ലഭ്യമാണ്.

