ഇടമലക്കുടി ട്രൈബൽ എൽ.പി സ്‌കൂൾ യു.പി ആയി ഉയർത്തുമെന്ന് മുഖ്യമന്ത്രി....
"സർ എപ്പോഴാ ഞങ്ങടെ കുടി കാണാൻ വരിക,' മുഖ്യമന്ത്രിയെ ഇടമലക്കുടിയിലേക്ക് ക്ഷണിച്ച് വിദ്യാർഥികൾ"

തിരുവനന്തപുരം: 'സർ എപ്പോഴാ ഞങ്ങടെ കുടി കാണാൻ വരിക,' ഇടമലക്കുടി ട്രൈബൽ എൽ.പി സ്‌കൂളിലെ വിദ്യാർഥിനി സേതുലക്ഷ്മിയുടെ നിഷ്‌കളങ്ക ചോദ്യം കേട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഹൃദ്യമായി ചിരിച്ചു. കേരളത്തിലെ ഏക ആദിവാസി ഗോത്ര പഞ്ചായത്തായ ഇടുക്കി, ഇടമലക്കുടിയിലെ ട്രൈബൽ എൽ.പി സ്‌കൂളിലെ കുട്ടികൾ മുഖ്യമന്ത്രിയെ നിയമസഭാ ഹാളിൽ സന്ദർശിക്കാനെത്തിയതായിരുന്നു വ്യാഴാഴ്ച. 'ഞങ്ങൾക്ക് കളിക്കാൻ മൈതാനം വേണം' എന്നതായിരുന്നു നാലാം ക്ലാസുകാരൻ ബാലമുരുഗന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ കടമകൾ എന്തെല്ലാമാണെന്നായിരുന്നു പ്രവീണിന് അറിയേണ്ടിയിരുന്നത്.
മുതുവാൻ വിഭാഗത്തിൽപ്പെട്ട ഇടമലക്കുടി സ്‌കൂളിലെ കുട്ടികളുടെ മലയാള ഭാഷാശേഷിയും പഠന മികവുകളും പൊതുസമൂഹത്തെ അറിയിക്കുന്നതിനും സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ 'പഠിപ്പുറസി' പദ്ധതിയുടെ വിജയപ്രഖ്യാപനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.
കുട്ടികളുടെ ആവശ്യമായ മൈതാനത്തിന് പകരം അതിലും വലിയ ഉറപ്പാണ് മുഖ്യമന്ത്രി നൽകിയത്; ഇടമലക്കുടിയിലെ ഏക സ്‌കൂളായ ട്രൈബൽ എൽ.പി, യു.പി ആയി ഉയർത്തുമെന്ന്. നിറഞ്ഞ കരഘോഷത്തോടെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പ്രഖ്യാപനത്തെ വരവേറ്റു.
സ്വന്തം ലേഖകൻ