ഉദ്യോഗസ്ഥർ അധികാരപരിധിയിൽ തുടരണം; ദുരന്തനിവാരണത്തിന് ജില്ലകൾക്ക് ഒരു കോടി രൂപ: മന്ത്രി കെ രാജൻ

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ വീതം ജില്ലകൾക്ക് കൈമാറിയിട്ടുണ്ട്

തിരുവനന്തപുരം:  മഴ ശക്തമാകുമെന്നതിനാൽ അടുത്ത മൂന്ന് ദിവസം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് മന്ത്രി കെ രാജൻ ജില്ലാ കളക്ടർമാരുടെ യോഗത്തിൽ നിർദേശിച്ചു.അവധി എടുത്തിട്ടുള്ളവർ ഈ ദിവസങ്ങളിൽ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും മന്ത്രി പറഞ്ഞു.

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ വീതം ജില്ലകൾക്ക് കൈമാറിയിട്ടുണ്ട്. ആവശ്യം വരുന്ന മുറയ്ക്ക് വില്ലേജുകൾക്ക് നടപടിക്രമം പാലിച്ച് ഫണ്ട് കൈമാറാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി. പഞ്ചായത്തു തല ദുരന്തനിവാരണ സംവിധാനങ്ങൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കണം.

അപടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ കളക്ടർമാർ മുൻകൈ എടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ ടെൻഡർ നടപടി കാത്തുനിൽക്കേണ്ടതില്ല. നിർമാണങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്ന് മന്ത്രി പറഞ്ഞു.

മഴയെ തുടർന്ന് പല ജില്ലകളിലും വീടുകളുടെ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കളക്ടർമാർ വിവരിച്ചു. കണ്ണൂരിൽ 11, കൊല്ലം 53, വയനാട് ഒന്ന്, പാലക്കാട് രണ്ട്, ആലപ്പുഴ 41, ഇടുക്കി 12, തിരുവനന്തപുരം ആറ് എന്നിങ്ങനെയാണ് ഭാഗികമായി തകർന്ന വീടുകളുടെ കണക്ക്. ജലാശയങ്ങളിലെ വിനോദങ്ങളും വനമേഖലകളിലെ ട്രക്കിങ്ങും രാത്രിയാത്രകളും ഒഴിവാക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലുള്ളവരും ദുരന്ത സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവണമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന - ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററുകളും താലൂക്കുതല കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ദേശിയ ദുരന്ത നിവാരണ സേനയുടെ ഒമ്പത് സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശൂർ, വയനാട് ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.

                                                                                                                                                                                                                                                                                                                                                                                                        സ്വന്തംലേഖിക

Author
Journalist

Arpana S Prasad

No description...

You May Also Like