അങ്കണവാടി ബിരിയാണി സൂപ്പര്‍: രുചിച്ച് നോക്കി മന്ത്രിയും പാചക വിദഗ്ധരും

സി.ഡി. സുനീഷ്


തിരുവനന്തപുരം: അങ്കണവാടിയില്‍ ബിരിയാണിയും പുലാവും ഉള്‍പ്പെടെയുള്ള പുതുക്കിയ മാതൃകാ ഭക്ഷണ മെനു പ്രകാരമുള്ള ത്രിദിന സംസ്ഥാനതല പരിശീലന പരിപാടി തിരുവനന്തപുരം കോവളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജില്‍ (ഐഎച്ച്എം സിടി) നടന്നു. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഐഎച്ച്എംസിടി ഷെഫുമാരുള്‍പ്പെടെയുള്ള ടീമും ആരോഗ്യ വിദഗ്ധരും ചേര്‍ന്നാണ് പരിശീലനം നല്‍കിയത്. മുട്ട ബിരിയാണി & ഫ്രൂട്ട് കപ്പ്, ന്യൂട്രി ലഡു, വെജിറ്റബിള്‍ പുലാവ് & സാലഡ്, ബ്രോക്കണ്‍ വീറ്റ് പുലാവ്, ഇല അട തുടങ്ങിയ പ്രധാന വിഭങ്ങളിലാണ് പരിശീലനം നല്‍കിയത്. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ശില്‍പശാലയില്‍ പങ്കെടുത്തു.


സാധാരണ വീടുകളില്‍ തയ്യാറാക്കുന്നതില്‍ നിന്നും വ്യത്യസ്തമായി കുട്ടികള്‍ക്ക് ആരോഗ്യകരവും രുചികരവുമാകുന്ന വിധത്തില്‍ സ്റ്റാന്റേര്‍ഡൈസ് ആയ ബിരിയാണിയും പുലാവും എങ്ങനെ ഉണ്ടാക്കാമെന്ന പരിശീലനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് പരമാവധി കുറച്ചുകൊണ്ട് കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. അങ്കണവാടിയില്‍ ബിരിയാണിയ്ക്ക് പ്രചോദമായ പ്രിയപ്പെട്ട ശങ്കുവിനെ പ്രത്യേകം ഓര്‍ക്കുന്നു. ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഒന്നായിരിക്കും അങ്കണവാടിയിലെ മാതൃകാ ഭക്ഷണ മെനു. ഇപ്പോള്‍ തന്നെ പല സംസ്ഥാനങ്ങളും ഇതില്‍ അന്വേഷണം നടത്തുന്നുണ്ട്.


ബിരിയാണിയും പുലാവും ഉള്‍പ്പെടെ പാചകം ചെയ്യുന്നതിനുള്ള മാസ്റ്റര്‍ പരിശീലകര്‍ക്കുള്ള പരിശീലനമാണ് നടത്തിയത്. ഓരോ ജില്ലയില്‍ നിന്നും സൂപ്പര്‍വൈസര്‍മാരും സിഡിപിഒമാരും ഉള്‍പ്പെടെ 4 പേര്‍ വീതം 56 പേരാണ് പങ്കെടുത്തത്. അതത് ജില്ലകളിലെ ബിരിയാണിയുടെ പ്രത്യേകതയനുസരിച്ചാണ് പരിശീലനം. ഇവര്‍ ജില്ലാ തലത്തിലും തുടര്‍ന്ന് അങ്കണവാടി തലത്തിലും പരിശീലനം നല്‍കും. അങ്കണവാടിയില്‍ ലഭ്യമാകുന്ന വിഭവങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നത്. ഈ വിഭവങ്ങള്‍ കൊണ്ടുണ്ടാക്കിയ ബിരിയാണിയും പുലാവും നല്ലതെന്നാണ് ഷെഫുമാര്‍ അഭിപ്രായപ്പെട്ടത്. അനാവശ്യമായ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണെന്നും മന്ത്രി പറഞ്ഞു. വനിത ശിശുവികസന വകുപ്പിലെ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.


വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, ജോ ഡയറക്ടര്‍ ശിവന്യ, ഐഎച്ച്എംസിടി പ്രിന്‍സിപ്പല്‍ ഡോ. ടി. അനന്തകൃഷ്ണന്‍, സ്റ്റേറ്റ് ന്യൂട്രീഷ്യന്‍ ഓഫീസര്‍ ലിയ എംബി പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.


ഐഎച്ച്എംസിടിയിലെ അധ്യാപകര്‍ മെനു പ്ലാനിംഗിലും ടീം വര്‍ക്ക്, കമ്മ്യൂണിക്കേഷന്‍ എന്നിവ വികസിപ്പിക്കുന്നതിലും, വൃത്തി, ഭക്ഷ്യ സുരക്ഷ എന്നിവയിലും പരിശീലനം നല്‍കി. ഉപ്പ്, പഞ്ചസാര എന്നിവ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതിനെപ്പറ്റി ഗൈഡ് ലൈന്‍ പ്രകാരം ഡോ. അമര്‍ ഫെറ്റില്‍ ക്ലാസെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like