ഹെൽത്ത് കാർഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം: മന്ത്രി വീണാ ജോർജ്

  • Posted on February 01, 2023
  • News
  • By Fazna
  • 111 Views

തിരുവനന്തപുരം: കേരളം സുരക്ഷിത ഭക്ഷണ ഇടം' ആക്കാൻ നമുക്കൊന്നിക്കാം ഫെബ്രുവരി 1 മുതൽ ശക്തമായ പ്രവർത്തനങ്ങളും പരിശോധനകളും ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് രണ്ടാഴ്ച കൂടി സമയം അനുവദിക്കുന്നത്. എല്ലാ രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാരും ആവശ്യമായ പരിശോധനകൾ നടത്തി അടിയന്തരമായി ഹെൽത്ത് കാർഡ് നൽകേണ്ടതാണെന്നും മന്ത്രി നിർദേശം നൽകി.

അതേസമയം ഫെബ്രുവരി ഒന്നുമുതൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന തുടരുന്നതാണ്. ഹെൽത്ത് കാർഡില്ലാത്തവർക്ക് ഫെബ്രുവരി 15നകം കാർഡ് ഹാജരാക്കുവാൻ നിർദേശം നൽകും. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കേണ്ടതാണ്.

രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വ്രണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വർഷമാണ് ഈ ഹെൽത്ത് കാർഡിന്റെ കാലാവധി.

അതാത് ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും ഫെബ്രുവരി ഒന്നു മുതൽ പരിശോധന നടത്തും. ഹെൽത്ത് ഇൻസ്പെക്ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കുന്നതാണ്. ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സും (ഇന്റലിജൻസ്) അപ്രതീക്ഷിത പരിശോധനകൾ നടത്തും. സ്ഥാപനങ്ങൾ കൂടാതെ മാർക്കറ്റുകൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ചും അപ്രതീക്ഷിത പരിശോധനകൾ നടത്തും. 


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like