ധീരം പദ്ധതി; പരിശീലകരുടെ സംഘം പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നു

  • Posted on March 30, 2023
  • News
  • By Fazna
  • 115 Views

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി സ്ത്രീകളുടെ സ്വയം രക്ഷയ്ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും വേണ്ടി ആരംഭിച്ച ധീരം പദ്ധതിയിലെ ആദ്യ സംഘം ഏപ്രില്‍ ഒന്നിന് പരിശീലനം പൂര്‍ത്തിയാക്കി രംഗത്തിറങ്ങും. കുടുംബശ്രീയും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും സഹകരിച്ചുകൊണ്ടു നടപ്പിലാക്കുന്ന പദ്ധതിയില്‍ പരിശീലകരായി തെരഞ്ഞെടുത്തവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കിയത്. ഒരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത രണ്ടു വനിതകള്‍ക്കു വീതമാണ് കരാട്ടേ പരിശീലനം നല്‍കിയത്. അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിനാണ് വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ചില്‍ 28 അംഗ സംഘം പരിശീലനം ആരംഭിച്ചത്. ഷൂട്ടിങ് റേഞ്ചിലെ റസിഡന്‍ഷ്യല്‍ ക്യാംപില്‍ 25 ദിവസം കൊണ്ട് 200 മണിക്കൂര്‍ പരിശീലനം പൂര്‍ത്തിയാക്കിയാണ് ഇവര്‍ പുറത്തിറങ്ങുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍, ഇപ്പോള്‍ പരിശീലനം നേടിയവര്‍ ഓരോ ജില്ലയിലും 30 വനിതകള്‍ക്കു വീതം കരാട്ടേ പരിശീലനം നല്‍കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയാണ് ഈ ഘട്ടത്തില്‍ സംഘടിപ്പിക്കുക. വട്ടിയൂര്‍ക്കാവിലെ ക്യാംപില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കി ജില്ലാ തലത്തില്‍ പരിശീലകരായി നിയോഗിക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം പതിനായിരം രൂപ ഓണറേറിയം ലഭിക്കും. പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ സൂക്ഷ്മ സംരംഭ മാതൃകയില്‍ കരാട്ടേ പരിശീലന സംഘങ്ങള്‍ രൂപീകരിക്കും. ജില്ലാ തലത്തില്‍ പരിശീലനം ലഭിക്കുന്ന 30 പേര്‍ ഇത്തരം സംഘങ്ങളിലൂടെ സ്‌കൂളുകളിലും കോളെജുകളിലും റസിഡന്‍സ് അസോസിയേഷനുകളിലുമൊക്കെയായി കൂടുതല്‍ വനിതകള്‍ക്ക് കരാട്ടേ പരിശീലനം നല്‍കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പദ്ധതിയുടെ നടത്തിപ്പും ഏകോപനവും നിര്‍വ്വഹിക്കുന്നത് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ്.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like