ആശുപത്രി സേവനങ്ങൾ ആവശ്യക്കാരന്‍റെ വാതില്‍പ്പടിയില്‍ എത്തിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ് — ഗവർണർ.
- Posted on August 13, 2025
- News
- By Goutham prakash
- 49 Views

സ്വന്തം ലേഖിക
അവശ്യ ചികിത്സാ സൌകര്യങ്ങള്‍ രോഗിയുടെ വാതില്‍പ്പടിയില്‍ എത്തിക്കാന്‍ കഴിയുന്ന സംവിധാനം വളര്‍ത്തിക്കൊണ്ടുവരുന്നതിന് പ്രത്യേക ഊന്നല്‍ നല്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉദ്ബോധിപ്പിച്ചു.
കോട്ടയത്ത്, മന്ദിരം ആശുപത്രിയില്‍ ഉമ്മൻചാണ്ടി സ്മാരക ഡയാലിസിസ് കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമഗ്ര ആരോഗ്യപരിപാലനം സമൂഹത്തിന്‍റെ സമസ്തമേഖലയിലും എത്തണമെന്നും, നഗരകേന്ദ്രീകൃതമായ മെച്ചപ്പെട്ട ചികിത്സാ സൌകര്യങ്ങള്‍ ഗ്രാമീണ മേഖലയ്ക്കും എത്തിപ്പിടിക്കാന്‍ കഴിയുന്ന തരത്തില്‍ ആരോഗ്യ മേഖലയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നും ഗവര്‍ണര്‍ ഊന്നിപ്പറഞ്ഞു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട്, നിസ്വാര്‍ത്ഥവും, ആത്മീയവുമായ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്കു മാത്രമേ ഒരു യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകനാകാന്‍ കഴിയൂവെന്നും, തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തന കാലഘട്ടം മുഴുവന്‍ അപ്രകാരം പ്രവര്‍ത്തിച്ച് ജനമനസ്സില്‍ ഇടം നേടിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
അഭിവന്ദ്യ മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ഡയസ്കോറോസ്, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍, മന്ദിരം ആശുപത്രി ചെയര്‍മാന്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. നൈനാന്‍ കുര്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.