*ഓണക്കാലം ആരോഗ്യ കേരളത്തിലേക്കുള്ള പുത്തൻ ചുവടുവെപ്പ്: കൃഷിമന്ത്രി പി.പ്രസാദ്.
- Posted on September 02, 2025
- News
- By Goutham prakash
- 56 Views

*സി.ഡി. സുനീഷ്*
കരുമാല്ലൂർ : ഓണക്കാലം വിഷരഹിത ഭക്ഷണകാലമാണെന്നും ആരോഗ്യ കേരളത്തിലേക്കുള്ള പുത്തൻ ചുവടുവെയ്പ്പാണെന്നും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ഓണസമൃദ്ധി 2025 കർഷകചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തുടനീളം 2000 കർഷകചന്തകളാണ് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ. എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് മുതൽ ആരംഭിക്കുന്നത്. ഓണവിപണി ലക്ഷ്യമാക്കി കർഷകർ ഉൽപാദിപ്പിച്ച നടൻ/ജൈവ ഉൽപ്പന്നങ്ങൾക്ക് മികച്ച വില്പന ഉറപ്പുവരുത്തുന്നതിനും പൊതുജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതും, അതിനോടൊപ്പം ഓണക്കാലത്ത് പച്ചക്കറി വിപണിയിൽ ഉണ്ടാകാറുള്ള അനിയന്ത്രിത വിലക്കയറ്റം തടയുന്നതും ലക്ഷ്യമിട്ടാണ് കൃഷിവകുപ്പ് ഈ സമഗ്ര വിപണി ഇടപെടൽ നടത്തുന്നത് മന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭങ്ങൾ ഉൾപ്പെടെ പ്രതികൂല കാലാവസ്ഥയിലും രണ്ട് ലക്ഷം ടൺ പച്ചക്കറി അധികം ഉല്പാദിപ്പിക്കാൻ കേരളത്തിനു കഴിഞ്ഞെന്നും അഖിലേന്ത്യാതലത്തിൽ കാർഷിക മേഖല 2.1 ശതമാനം വളർച്ച കൈവരിച്ചപ്പോൾ കേരളം 4.65 ശതമാനം എന്ന അഭിമാനകരമായ വളർച്ച കൈവരിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർഷകരുടെ വരുമാന വർദ്ധനവിൽ കൃഷി വകുപ്പ് പ്രതിജ്ഞാബദ്ധമാണ്, അന്തസാർന്ന ജീവിതം നയിക്കാൻ കഴിയുന്ന തരത്തിൽ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.
എറണാകുളം, കരുമാലൂർ ഗ്രാമപഞ്ചായത്ത് ഇക്കോ ഷോപ്പിൽ നടന്ന ചടങ്ങിൽ
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ പഴം പച്ചക്കറി ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്. ഭൗമസൂചിക ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ തോമസ് കേരളഗ്രോ ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ പുഷ്പകൃഷി ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. കർഷകരിൽ നിന്നും നേരിട്ട് ഉപഭോക്താവിലേക്ക് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കർഷക ചന്തയിൽ ഇത്തവണ കൃഷി വകുപ്പിന്റെ കേരളഗ്രോ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും, ഭൗമസൂചിക ഉൽപ്പന്നങ്ങളും ലഭ്യമാക്കും. കൃഷിഭവനുകൾ കേന്ദ്രികരിച്ച് 1076 വിപണികളും, ഹോർട്ടികോർപ്പിന്റെ 764 വിപണികളും വി.എഫ്.പി.സി.കെ. നടപ്പിലാക്കുന്ന 160 വിപണികളും ഉൾപ്പെടെ ആകെ 2000 കർഷക ചന്തകളാണ് ഈ വർഷം കൃഷിവകുപ്പ് ഒരുക്കിയിട്ടുള്ളത്. പൊതുവിപണിയിലെ വിലയുടെ 10% അധികം വില നൽകി കർഷകരിൽ നിന്നും സംഭരിക്കുന്ന പഴം പച്ചക്കറികൾ വിപണി വിലയേക്കാൾ 30% വിലകുറച്ചാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. തിങ്കൾ മുതൽ വ്യാഴം (04.09.2025) വരെയാണ് ചന്തകൾ പ്രവർത്തിക്കുക.
കൃഷിവകുപ്പ് ഡയറക്ടർ ഡോ ശ്രീറാം വെങ്കിട്ട രാമൻ ഐ.എ.എസ്., ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം ആർ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പോൾസൺ ഗോപുരത്തിങ്കൽ, വി.എഫ്.പി.സി.കെ. സി.ഇ.ഓ. ബിജിമോൾ കെ ബേബി, കൃഷി അഡീഷണൽ ഡയറക്ടർ എസ്. സിന്ധു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ഗോപികൃഷ്ണൻ, കെ.എസ്. ഷഹന, ഗ്രാമപഞ്ചായത്ത് അംഗം ബീന ബാബു, കർഷക പ്രതിനിധി ടി.കെ. അബ്ദുൽ റസാഖ്, കർഷക തൊഴിലാളി ഷാജി എം.വി. തുടങ്ങിയവർ പങ്കെടുത്തു.