കൊച്ചി സർവകലാശാലയും, യുഎഇ യിലെ വെസ്റ്റ് ലണ്ടൻ സർവകലാശാലയിലെ റാസൽഖൈമ ബ്രാഞ്ച് ക്യാമ്പസും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
- Posted on February 01, 2025
- News
- By Goutham prakash
- 269 Views
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും (കുസാറ്റ്), യുഎഇയിലെ വെസ്റ്റ് ലണ്ടൻ സർവകലാശാലയുടെ റാസൽഖൈമ ശാഖ ക്യാമ്പസും (UWL RAK) അന്താരാഷ്ട്ര അക്കാദമിക സഹകരണങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി, ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI), സൈബർ സുരക്ഷ, ഡാറ്റാ സയൻസ്, ഗവേഷണം, അധ്യാപക-വിദ്യാർത്ഥി എക്സ്ചേഞ്ച് പ്രോഗ്രാം, സംയുക്ത അക്കാദമിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുസാറ്റിൻറെ ആഗോള സമീപനം ശക്തിപ്പെടുത്തുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.
ഈ ധാരണാപത്രത്തിന്റെ ഭാഗമായി കുസാറ്റിലെ ബിടെക് വിദ്യാർത്ഥികൾക്ക് യുഎഇയിലെ വെസ്റ്റ് ലണ്ടൻ സർവകലാശാലയുടെ റാസൽഖൈമ ശാഖ ക്യാമ്പസിൽ എംബിഎ, എംഎസ് സി എഐ, എംഎസ് സി സൈബർ സെക്യൂരിറ്റി തുടങ്ങിയ പി.ജി പ്രോഗ്രാമുകൾ തുടരാനുള്ള അവസരവും അതിനോടൊപ്പം പ്രത്യേക സ്കോളർഷിപ്പുകളും ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് എന്നിവയുടെ പിന്തുണയും ലഭ്യമാക്കും.
കുസാറ്റ് രജിസ്ട്രാർ ഡോ. അരുണ്‍ എ. യു., വെസ്റ്റ് ലണ്ടൻ സർവകലാശാലയുടെ റാസൽഖൈമ ശാഖയുടെ കോ-ചെയർമാനും സിഇഒയുമായ അഹമ്മദ് റാഫി ബി ഫെറി എന്നിവരാണ് ധാരണാപത്രത്തിൽ ഔദ്യോഗികമായി ഒപ്പുവച്ചത്. സർവകലാശാല വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷിരി, എഞ്ചിനീയറിംഗ് ഫാക്കൽറ്റി ഡീൻ ഡോ. നാരായണൻ നമ്പൂതിരി, ഐക്യുഎസി ഡയറക്ടർ ഡോ. സാം തോമസ്, ഇൻറർനാഷണൽ റിലേഷൻസ് ഡയറക്ടർ, ഡോ. ഹരീഷ് എൻ. രാമനാഥൻ, സിൻഡിക്കേറ്റ് അംഗം ഡോ. ശശി ഗോപാലൻ, കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗം ഡോ. സന്തോഷ് കുമാർ എം.ബി., ഡോ. ദലീഷ എന്നിവരാണ് ഈ അന്താരാഷ്ട്ര സഹകരണം ആരംഭിച്ചത്. സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ, അധ്യാപകർ, ഐ.ടി ഡിവിഷനിലെ മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ പെങ്കെടുത്തു.
