ജൈവവൈവിധ്യ സംരക്ഷണത്തിനായി സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്
- Posted on March 08, 2025
- News
- By Goutham prakash
- 277 Views
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കേരള സർവകലാശാലയിലെ സസ്യശാസ്ത്ര വകുപ്പുമായി സഹകരിച്ച്, 2025 മാർച്ച് 10 ന് കാര്യവട്ടം സസ്യശാസ്ത്ര വകുപ്പിൽ ഒരു ഏകദിന ശില്പശാല സംഘടിപ്പിക്കും. ലിംഗസമത്വത്തിലേക്കുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ആവാസവ്യവസ്ഥ പുനഃസ്ഥാപനത്തിൽ സ്ത്രീകളുടെ പങ്ക് തിരിച്ചറിയുന്നതിനും ലക്ഷ്യമിട്ടുള്ള ‘ഷീ ബയോ: ജൈവവൈവിധ്യ-പ്രചോദിത ഫലങ്ങൾക്കായി പരിസ്ഥിതി വ്യവസ്ഥകളെ ഉപയോഗപ്പെടുത്തൽ’ എന്ന വിഷയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലിംഗസമത്വം, ജൈവവൈവിധ്യ ആനുകൂല്യങ്ങളിലുള്ള തുല്യത എന്നിവ പ്രദിപാദിക്കുന്ന കുൻമിംഗ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഫ്രെയിംവർക്ക് (കെഎം-ജിബിഎഫ്) ലക്ഷ്യങ്ങൾ 22 ഉം 23 ഉം അനുസരിച്ചുള്ള ജൈവവൈവിധ്യ മാനേജ്‌മെന്റിൽ ലിംഗഭേദം ഉൾക്കൊള്ളുന്ന ഭരണം സംയോജിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ ശില്‍പ്പശാലയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജൈവവൈവിധ്യ പുനഃസ്ഥാപനത്തിലും സുസ്ഥിരമായ ഉപജീവനമാർഗ്ഗത്തിലും സ്ത്രീകൾക്ക് നേതൃത്വം നൽകാൻ കഴിയുന്ന നാല് നിർണായക ആവാസവ്യവസ്ഥകളായ വനങ്ങൾ, തണ്ണീർത്തടങ്ങൾ, കൃഷിയിടങ്ങൾ, തീരദേശ, സമുദ്ര സംവിധാനങ്ങൾ എന്നിവ 'ഷീ-ബയോ' ചര്‍ച്ച ചെയ്യും. ആവാസവ്യവസ്ഥയുടെ നഷ്ടം, ഭൂവിനിയോഗത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം കേരളത്തിലെ സമ്പന്നമായ ജൈവവൈവിധ്യം അപകടത്തിലായതിനാൽ, സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങൾക്ക് ആവാസവ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്നതിനും, കാലാവസ്ഥാ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, സമൂഹാധിഷ്ഠിത സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും എങ്ങനെ കഴിയും എന്നതിലാണ് പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തദ്ദേശ സ്വയംഭരണ പ്രതിനിധികളിൽ 50% ത്തിലധികം സ്ത്രീകളുള്ള കേരളത്തിൽ സുസ്ഥിരവികസനത്തിന് പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരം പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ നടപ്പിലാക്കാൻ സ്ത്രീകളെ പ്രാപ്തരാക്കാന്‍ ഈ പരിപാടിക്ക് കഴിയും.
4.5 ദശലക്ഷത്തിലധികം അംഗങ്ങളുള്ള കേരളത്തിലെ സ്ത്രീകൾ നയിക്കുന്ന കമ്മ്യൂണിറ്റി ശൃംഖലയായ കുടുംബശ്രീയുടെ പങ്കിനെക്കുറിച്ചും ചർച്ച ചെയ്യും. കുടുംബശ്രീയുടെ അടിത്തട്ടിലുള്ള ശാക്തീകരണ സംരംഭങ്ങൾ ജൈവവൈവിധ്യ സംരക്ഷണവുമായി സംയോജിപ്പിച്ച്, പുനരുൽപ്പാദന കൃഷി, ഭൂപ്രകൃതി പുനഃസ്ഥാപനം, കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള ഭക്ഷ്യോല്‍പ്പാദനം എന്നിവയ്ക്കുള്ള മാതൃക സൃഷ്ടിക്കുക, കേരളത്തിന്റെ പ്രാദേശിക ജൈവവൈവിധ്യ തന്ത്രത്തിലും പ്രവർത്തന പദ്ധതികളിലും (LBSAP) 'ഷീ-ബയോ' തന്ത്രം സംയോജിപ്പിക്കുന്നതിലൂടെ, ജൈവവൈവിധ്യ മാനേജ്മെന്റിലും ജൈവവൈവിധ്യ സംരക്ഷണത്തിലും സ്ത്രീകളുടെ നേതൃത്വം ഉറപ്പാക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
