അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ പാസഞ്ചര്‍ ലോഞ്ച് നവീകരണം; ടൂറിസം വകുപ്പ് സാമ്പത്തീക സഹായം അനുവദിച്ചു.
- Posted on April 23, 2025
- News
- By Goutham prakash
- 129 Views
തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലിലെ പാസഞ്ചര്‍ ലോഞ്ച് മോടി പിടിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി ടൂറിസം വകുപ്പ് 32,50,000 രൂപയുടെ ഭരണാനുമതി നല്‍കി. ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുകയും വിനോദസഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ഒരുക്കുകയും ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി.
ഫര്‍ണിച്ചറുകള്‍ (സോഫകള്‍, ടീപ്പോയ്, മാഗസിന്‍ സ്റ്റാന്‍ഡുകള്‍ പ്ലാന്‍റര്‍ ബോക്സുകള്‍), പെയിന്‍റിംഗ്, മ്യൂറല്‍ പെയിന്‍റിംഗ് ഉള്‍പ്പെടെയുള്ള കലാസൃഷ്ടികള്‍, ഹാംഗിംഗ് ലൈറ്റ്, കോഫി മേക്കര്‍, വൈഫൈ, എല്‍ഇഡി ടിവി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളാണ് പാസഞ്ചര്‍ ലോഞ്ചില്‍ ഒരുക്കുക.
സംസ്ഥാനത്തെ ക്രൂയിസ് ടൂറിസത്തിന്‍റെ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ടൂറിസം വകുപ്പ് നടപ്പാക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ക്രൂയിസ് ടൂറിസം ആസ്വദിക്കുന്നതിനായി ധാരാളം വിനോദസഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്. നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജോലികള്‍ 6 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. എറണാകുളം ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പദ്ധതിയുടെ മേല്‍നോട്ടം നിര്‍വ്വഹിക്കുകയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്യും.
