തീരദേശ തൊഴിലാളികൾക്കായി സംരംഭകത്വ പരിശീലനം നടത്തി കുസാറ്റ്

സ്വന്തം ലേഖകൻ


കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് സെന്റർ ഓഫ് എക്സെല്ലൻസ് ഫോർ ഫുഡ് ഇന്നോവേഷൻസ് ആൻഡ് സ്റ്റാർട്ടപ്പ് ഹബ്സിന്റെ (സീ-ഫിഷ്) ആഭിമുഖ്യത്തിൽ, ക്ലൈമറ്റ് റസിലിൻറ്റ് കോസ്റ്റൽ ഫിഷർമാൻ വില്ലേജ്സ് (സി ആർ സി എഫ് വി ) പദ്ധതിയുടെ ആക്ഷൻ പ്ലാനിന്റെ ഭാഗമായി 'സേഫ് ഡൈവർസിഫൈഡ് സീഫുഡ് പ്രൊഡക്ട്സ്' എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സംരംഭകത്വ പരിശീലനം ഞാറക്കലിൽ സംഘടിപ്പിച്ചു.


പരിപാടി നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റ് (നബാർഡ്), ഫിഷറീസ് ഡവലപ്മെന്റ് ഫോറം, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ഇഎസ്എസ്എസ് ) എന്നിവയുടെ സഹകരണത്തോടെ നടന്നു.


പരിപാടിയിൽ വനിതാ സംരംഭകത്വവും ലക്ഷ്യമാക്കി സമുദായം കേന്ദ്രീകരിച്ച നൂതന സമുദ്രഭക്ഷ്യ ഉൽപ്പന്ന നിർമ്മാണം, സംസ്‌കരണവും വിപണനവും ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ പരിശീലനം നൽകി.


ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിനി രാജു കൊല്ലഞ്ചേരി പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നബാർഡ് എറണാകുളം ജില്ല ഡെവലപ്മെന്റ് മാനേജർ ശ്രീ. അജീഷ് ബാലു യോഗത്തിൽ അധ്യക്ഷത വഹിച്ചു. കുസാറ്റ് സീ- ഫിഷ് ഡയറക്ടർ ഡോ. ജിൻസൺ ജോസഫ്, ഇഎസ്എസ്എസ് ഡയറക്ടർ റവ. ഫാദർ. ആന്റണി സിജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


തീരദേശ തൊഴിലാളികൾക്കിടയിലെ  വനിതാസംരംഭകരുടെ സജീവ പങ്കാളിത്തം പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു. ഹൈജീനിക് പ്രോസസ്സിങ്, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ, പാക്കേജിങ്, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലായി പരിശീലനം നൽകി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇവർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനും സ്വാശ്രയം നേടുന്നതിനും പരിപാടി ലക്ഷ്യമിടുന്നു.


ഗ്രാമീണ വികസനം, മത്സ്യബന്ധന മേഖലയിലെ സംരംഭകത്വ വളർച്ച, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന നബാർഡിന്റെ സ്ഥാപകദിനവും പരിപാടിയുടെ ഭാഗമായി ആഘോഷിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like