നാല് പേർക്ക് പുതുജീവൻ നൽകി പോൾ പാണ്ഡ്യൻ യാത്രയായി
- Posted on August 28, 2025
- News
- By Goutham prakash
- 49 Views

സി.ഡി. സുനീഷ്
വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച നാഗർകോവിൽ കന്യാകുമാരി സ്വദേശി എസ്. പോൾ പാണ്ഡ്യൻ (67) നാല് പേർക്ക് പുതുജീവനേകും. അദ്ദേഹത്തിന്റെ രണ്ട് വൃക്കകളും രണ്ട് നേത്രപടലങ്ങളും ഉൾപ്പെടെ നാല് അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന രോഗികൾക്കായി ദാനം ചെയ്തത്. നാഗർകോവിൽ, കന്യാകുമാരി, തിക്ലൻവിളൈ, സൗത്ത് സൂരൻകൊടി സ്വദേശിയായ പോൾ പാണ്ഡ്യൻ തയ്യൽ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.
2025 ഓഗസ്റ്റ് 20നാണ് കന്യാകുമാരി നാഗർകോവിലിലെ പൊറ്റാൽ ജംഗ്ഷനിൽ വെച്ച് പോൾ പാണ്ഡ്യനെ എതിരെ വന്ന വാഹനം ഇടിച്ചത്. ബൈക്ക് പാർക്ക് ചെയ്ത ശേഷം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഓഗസ്റ്റ് 28-ന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു. തീരാവേദനയിലും അവയവദാനത്തിന് തയ്യാറായ കുടുംബത്തോട് ആരോഗ്യ വനിതാ -ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്. എസ്.തിലകവതിയാണ് പോൾ പാണ്ഡ്യന്റെ ഭാര്യ. പി. ശ്രീനാഥ്, പി. മോനികശ്രീ എന്നിവരാണ് മക്കൾ.