സ്വകാര്യ റേഡിയോ പ്രക്ഷേപകർക്കായി ഡിജിറ്റൽ റേഡിയോ പ്രക്ഷേപണ നയം രൂപീകരിക്കുന്നത്” സംബന്ധിച്ച ശുപാർശകൾ Trai പുറത്തിറക്കി

സി.ഡി. സുനീഷ്.





“സ്വകാര്യ റേഡിയോ പ്രക്ഷേപകർക്കായി ഡിജിറ്റൽ റേഡിയോ പ്രക്ഷേപണ നയം രൂപീകരിക്കുന്നത്” സംബന്ധിച്ച ശുപാർശകൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തിറക്കി.ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ നാല്  ‘A+’  കാറ്റഗറി നഗരങ്ങളിലും ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ്, സൂറത്ത്, പൂനെ, ജയ്പൂർ, ലഖ്‌നൗ, കാൺപൂർ, നാഗ്പൂർ എന്നീ ഒമ്പത് ‘A’ കാറ്റഗറി നഗരങ്ങളിലും ഡിജിറ്റൽ റേഡിയോ പ്രക്ഷേപണ സേവനം ആരംഭിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാന തുകയും വ്യക്തമാക്കിയിട്ടുണ്ട്.


സ്വകാര്യ റേഡിയോ പ്രക്ഷേപകർക്കായി ഡിജിറ്റൽ റേഡിയോ പ്രക്ഷേപണ നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പങ്കാളികളുടെ അഭിപ്രായങ്ങൾ തേടി, ട്രായ് ആക്ട് 1997 ലെ വകുപ്പ് 11 (1) (എ) (i) പ്രകാരം 2024 ഏപ്രിൽ 23 ലെ റഫറൻസിലൂടെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം (MIB) TRAI യുടെ ശുപാർശകൾ തേടിയിരുന്നു.



സ്വകാര്യ റേഡിയോ പ്രക്ഷേപകർക്കായി ഡിജിറ്റൽ റേഡിയോ പ്രക്ഷേപണ നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പങ്കാളികളുടെ അഭിപ്രായങ്ങൾ തേടി 2024 സെപ്റ്റംബർ 30 ന് ഒരു കൺസൾട്ടേഷൻ പേപ്പർ (വിദഗ്ദ്ധാഭിപ്രായ രേഖ) പുറത്തിറക്കി. രേഖയിന്മേൽ 43 അനുകൂല അഭിപ്രായങ്ങളും 13 എതിരഭിപ്രായങ്ങളും ലഭിച്ചു. അവ TRAI യുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. തുടർന്ന്, 2025 ജനുവരി 8 ന് ഒരു ഓപ്പൺ ഹൗസ് ചർച്ചയും നടന്നു.


ലഭിച്ച എല്ലാ അഭിപ്രായങ്ങളും/പ്രതികരണങ്ങളും പരിഗണിച്ചതിനും, വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിശകലനങ്ങൾക്കും ശേഷം, അതോറിറ്റി അതിന്റെ ശുപാർശകൾക്ക് അന്തിമരൂപം നൽകി. പ്രധാന ശുപാർശകൾ താഴെപ്പറയുന്നവയാണ്:

 


*പുതിയ പ്രക്ഷേപകർ ഡിജിറ്റൽ റേഡിയോ സേവനങ്ങൾ സിമൽകാസ്റ്റ് മോഡിൽ (Simulcast mode) ആരംഭിക്കണം. നിലവിലുള്ള അനലോഗ് എഫ്എം റേഡിയോ പ്രക്ഷേപകരെയും സ്വമേധയാ സിമൽകാസ്റ്റ്  മോഡിലേക്ക് മാറാൻ അനുവദിക്കണം.


*നിയുക്ത സ്പോട്ട് ഫ്രീക്വൻസിയിൽ ഒരു അനലോഗ്, മൂന്ന് ഡിജിറ്റൽ, ഒരു ഡാറ്റ ചാനൽ എന്നിവ പ്രക്ഷേപണം ചെയ്യാൻ നിർദ്ദിഷ്ട സിമൽകാസ്റ്റ്  മോഡ് അവരെ അനുവദിക്കും.


*വിഎച്ച്എഫ് ബാൻഡ് II-ൽ ഡിജിറ്റൽ റേഡിയോ പ്രക്ഷേപണം അവതരിപ്പിക്കുന്നതിന് ഇന്ത്യയിൽ ഒരു ഏകീകൃത ഡിജിറ്റൽ റേഡിയോ സാങ്കേതിക മാനദണ്ഡം സ്വീകരിക്കണം.


*പ്രധാന പങ്കാളികളുമായി, അതായത്, റേഡിയോ പ്രക്ഷേപകരുമായും റേഡിയോ റിസീവർ നിർമ്മാതാക്കളുമായും കൂടിയാലോചനകൾ നടത്തിക്കൊണ്ടോ; അല്ലെങ്കിൽ സ്പെക്ട്രം ലേല പ്രക്രിയയിൽ സാങ്കേതികവിദ്യയുടെ തിരഞ്ഞെടുപ്പ് ഉൾപ്പെടുത്തിക്കൊണ്ടോ;അല്ലെങ്കിൽ  സർക്കാർ അനുയോജ്യമെന്ന് കരുതുന്ന മറ്റേതെങ്കിലും രീതിയിലൂടെയോ ഇന്ത്യയിൽ അനുയോജ്യമായ ഒരു ഡിജിറ്റൽ റേഡിയോ സാങ്കേതികവിദ്യ സർക്കാർ തിരഞ്ഞെടുക്കണം.


*'A +' വിഭാഗത്തിൽപ്പെട്ട നാല് നഗരങ്ങൾക്കും  'A ' വിഭാഗത്തിൽപ്പെട്ട ഒമ്പത് നഗരങ്ങൾക്കും ഏകീകൃത സാങ്കേതിക സാഹചര്യത്തിലുള്ള ഫ്രീക്വൻസി പ്ലാനിംഗ് സർക്കാർ തയ്യാറാക്കണം.


*ടെലികമ്മ്യൂണിക്കേഷൻ നിയമം 2023 ലെ വകുപ്പ് 4(4) അനുസരിച്ച് പുതിയ ചാനലുകളുടെ ഫ്രീക്വൻസി ലേലത്തിലൂടെ നിശ്ചയിക്കണം.


*ഡിജിറ്റൽ റേഡിയോ പ്രക്ഷേപണത്തിനായുള്ള ഫ്രീക്വൻസി ലേലത്തിലൂടെ വിജയകരമായി നിശ്ചയിക്കപ്പെട്ട ഉടൻ, നിലവിലുള്ള എഫ്എം റേഡിയോ പ്രക്ഷേപകർക്ക് സ്വമേധയാ സിമൽകാസ്റ്റ് മോഡിലേക്ക് മാറാനുള്ള അവസരം നൽകണം.


*ലേല പ്രക്രിയ അവസാനിച്ച തീയതി മുതൽ 6 മാസത്തെ സമയപരിധിയിൽ നിലവിലുള്ള പ്രക്ഷേപകർ  സിമൽകാസ്റ്റ് മോഡിലേക്ക് മാറാനുള്ള ഓപ്ഷൻ ഉപയോഗിക്കണം.


*സിമൽകാസ്റ്റ് മോഡിലേക്ക് മാറാനായി, നിലവിലുള്ള എഫ്എം റേഡിയോ പ്രക്ഷേപകർ ഒരു നഗരത്തിലെ ഡിജിറ്റൽ റേഡിയോ പ്രക്ഷേപണത്തിനായി ലേലത്തിൽ നിശ്ചയിച്ച വിലയുടെ വ്യത്യാസത്തിന് തുല്യമായ തുകയും നിലവിലുള്ള അനുമതിയുടെ ശേഷിക്കുന്ന കാലയളവിലേക്ക് റീഫണ്ട് ചെയ്യാത്ത ഒറ്റത്തവണ എൻട്രി ഫീസിന്റെ (NOTEF) ആനുപാതിക തുകയും നൽകേണ്ടതുണ്ട്.


*ലേല പ്രക്രിയ അവസാനിച്ചതിന് ശേഷമോ മാറാനുള്ളത് ഓപ്ഷൻ സ്വീകരിച്ചതിന് ശേഷമോ രണ്ട് വർഷത്തിനുള്ളിൽ റേഡിയോ പ്രക്ഷേപകർ സിമൽകാസ്റ്റ് പ്രവർത്തനങ്ങൾ ആരംഭിക്കണം.


*ഡിജിറ്റൽ റേഡിയോ പ്രക്ഷേപണത്തിന്റെ പുരോഗതി വിലയിരുത്തിയ ശേഷം അനലോഗ് പ്രക്ഷേപണത്തിനുള്ള അവസാന തീയതി പിന്നീട് തീരുമാനിക്കും.


*റേഡിയോ പ്രക്ഷേപകർക്ക് പാട്ടത്തിന് നൽകാവുന്ന സജീവവും നിഷ്ക്രിയവുമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി 'റേഡിയോ ബ്രോഡ്കാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ' മായി ബന്ധപ്പെട്ട് സർക്കാർ ഒരു പുതിയ അംഗീകാര വ്യവസ്ഥ അവതരിപ്പിക്കണം. എന്നാൽ, ഡിജിറ്റൽ റേഡിയോ സേവനങ്ങൾ ആരംഭിക്കുന്നതിന് ഇത് ഒരു മുൻവ്യവസ്ഥയായിരിക്കില്ല.


*എഫ്എം റേഡിയോ റിസീവറുകളുടെ മൊബൈൽ ഫോണുകളിലെ ലഭ്യതയ്ക്കായി കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതിക മന്ത്രാലയം (MeitY) പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് സമാനമായി, മൊബൈൽ ഫോണുകളിലും കാർ ഇൻഫോടെയ്ൻമെന്റ് സംവിധാനങ്ങളിലും ഡിജിറ്റൽ റേഡിയോ റിസീവറുകളുടെ ലഭ്യത സംബന്ധിച്ച് സർക്കാർ ഒരു നിർദേശം  പുറപ്പെടുവിക്കണം.


*സ്വകാര്യ ഭൂതല റേഡിയോ പ്രക്ഷേപകർക്ക് ഉപയോക്തൃ നിയന്ത്രണമില്ലാതെ, അവരുടെ ലൈവ് ഭൂതല ചാനലുകൾ ഒരേസമയം സ്ട്രീം ചെയ്യാൻ അനുവദിക്കണം.


ഡിജിറ്റൽ റേഡിയോ റിസീവറുകളുടെയും മാർക്കറ്റ് ഡൈനാമിക്സിന്റെയും വികസനവും വ്യാപനവും മേൽനോട്ടം വഹിക്കുന്നതിനും നിരീക്ഷിക്കുന്നതിനും, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം (MIB), കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതിക മന്ത്രാലയം (MeitY), റേഡിയോ പ്രക്ഷേപകർ, ഉപകരണ നിർമ്മാതാക്കൾ, സാങ്കേതിക ദാതാക്കൾ അടക്കമുള്ള മേഖലയിലെ മുതിർന്ന പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു ഉന്നതതല സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കണം.


ശുപാർശകളുടെ പൂർണ്ണരൂപം TRAI യുടെ വെബ്‌സൈറ്റായ www.trai.gov.in ൽ ലഭ്യമാണ്. വ്യക്തതയ്ക്കും/വിവരങ്ങൾക്കും, TRAI ഉപദേഷ്ടാവ് (ബ്രോഡ്കാസ്റ്റിംഗ് ആൻഡ് കേബിൾ സർവീസസ്) ഡോ. ദീപാലി ശർമ്മയെ ടെലി നമ്പർ: +91-11- 20907774 എന്ന നമ്പറിൽ ബന്ധപ്പെടാം.


കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്കുചെയ്യുക


 

Author
Citizen Journalist

Goutham prakash

No description...

You May Also Like