അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച ഞെട്ടിക്കുന്ന കണ്ടെത്തൽ
- Posted on July 12, 2025
- News
- By Goutham prakash
- 63 Views

സി.ഡി. സുനീഷ്
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു. പറന്നുയർന്ന് സെക്കന്‍റുകൾക്കകം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടേയും പ്രവർത്തനം നിലച്ചു. എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫായതായി അന്വേഷണത്തിൽ കണ്ടെത്തി. ആരാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതും 'താൻ ചെയ്തിട്ടില്ലെന്ന്' മറുപടി പറയുന്നതും വോയ്‌സ് റെക്കോർഡിൽ ഉണ്ട്.ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടാണ് പുറത്തുവന്നത്. ജൂൺ 12 ന് അഹമ്മദാബാദിലാണ് എയർഇന്ത്യ ബോയിങ് ഡ്രീംലൈവർ വിമാനം അപകടത്തിൽപെട്ടത്. വിമാനം പറന്നുയർന്ന് 600 അടി ഉയരത്തിൽ വെച്ചാണ് വിമാനം നിലംപതിച്ചത്. കെട്ടിടങ്ങളിൽ ഇടിച്ച് തീപിടിച്ചതിനെത്തുടർന്ന് വിമാനം പൂർണ്ണമായി നശിച്ചു. റൺവേ 23 ന്റെ അറ്റത്ത് നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലാണ് വിമാനം ഇടിച്ചത്.
വിമാനത്തിൽ രണ്ട് എൻഹാൻസ്ഡ് എയർബോൺ ഫ്ലൈറ്റ് റെക്കോർഡറുകൾ ഉണ്ടായിരുന്നു. ഒരു ഇഎഎഫ്ആറിൽ നിന്ന് ഏകദേശം 49 മണിക്കൂർ ഫ്ലൈറ്റ് ഡാറ്റയും 2 മണിക്കൂർ ഓഡിയോയും ലഭിച്ചു. എന്നാൽ പിൻഭാഗത്തെ ഇഎഎഫ്ആറിന് കാര്യമായ തകരാർ സംഭവിച്ചതിനാൽ വിവരങ്ങൾ വീണ്ടെടുക്കാനായില്ല. വിമാനം പറന്നുയർന്നതിന് പിന്നാലെ എഞ്ചിൻ 1, എഞ്ചിൻ 2 എന്നിവയുടെ ഫ്യുവൽ സ്വിച്ചുകൾ റൺ പൊസിഷനിൽ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് മാറി.
ഒരു പൈലറ്റ് എഞ്ചിൻ കട്ട്ഓഫ് ചെയ്തതിനെക്കുറിച്ച് ചോദിക്കുന്നതും മറ്റേ പൈലറ്റ് താനല്ല ചെയ്തതെന്ന് മറുപടി പറയുന്നതും കോക്ക്പിറ്റ് വോയിസ് റെക്കോർഡിംഗിൽ വ്യക്തമായി ഉണ്ട്. വിമാനത്തിൽ നിന്ന് "മെയ് ഡേ" കോൾ ലഭിച്ചത് 08:09:05 സെക്കൻഡിലാണ്. എഞ്ചിൻ ഫ്യുവൽ കട്ട്ഓഫ് സ്വിച്ചുകൾ വൈകാതെ റൺ പൊസിഷനിലേക്ക് മാറി. പക്ഷേ എഞ്ചിനുകൾക്ക് പൂർണ്ണമായി ത്രസ്റ്റ് വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ഉടൻ വിമാനം തകർന്നു.
വിമാനത്തിൽ ഉപയോഗിച്ച ഇന്ധനത്തിന്റെ സാമ്പിളുകൾ പരിശോധിക്കുകയും തൃപ്തികരമാണെന്ന് കണ്ടെത്തുകയും ചെയ്തു. വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ലെന്നും ഇരു പൈലറ്റുമാർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. കൂടുതൽ വിവരങ്ങളും തെളിവുകളും പരിശോധിച്ചുള്ള സമഗ്ര അന്വേഷണം തുടരുകയാണ്. അന്വേഷണവുമായി തുടർന്നും സഹകരിക്കുമെന്ന് ബോയിങ് കമ്പനി പ്രസിഡൻ്റ് പ്രതികരിച്ചു.