പോരാട്ടവും അമർഷവും സ്വന്തം ജീവിതവുമാണ് ഞങ്ങളുടെ കവിതകളെന്ന് ഗോത്രകവിതകൾ.
- Posted on December 27, 2024
- News
- By Goutham prakash
- 199 Views
മാനന്തവാടി.
വയനാട്ടിലെ ഗോത്ര കവിസംഗമം
വയനാട് സാഹിത്യോ ഝവത്തിൽ ശ്രദ്ധേയമായി.
ഗോത്ര ജനതയുടെ അമർഷവും പ്രതിരോധവും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളും എല്ലാം ഗോത്ര കവിതകളിൽ ഉരുവം കൊള്ളുന്നുവെങ്കിലും അർഹമായ പ്രാധാന്യവും അംഗീകാരവും കിട്ടുന്നുണ്ടോയെന്ന കാര്യം സംശയമാണെന്ന് കവി ധന്യ വേങ്ങച്ചേരി അഭിപ്രായപ്പെട്ടു.
വയനാട് സാഹിത്യോത്സവം രണ്ടാം പതിപ്പിൻ്റെ രണ്ടാം ദിനത്തിൽ കവിതയിലെ ഗോത്രവഴികൾ എന്ന വിഭാഗത്തിൽ നടന്ന സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു കവി.
സ്ത്രീ ജീവിതത്തെ ജൈവികതയോടെ ആവിഷ്കരിക്കുക വഴി താൻഗോത്ര ജനതയിലെ സ്ത്രീകളുടെ പ്രതിസന്ധികളെ മുഖ്യധാരയിലേക്ക് അടയാളപ്പെടുത്താനാണ് ശ്രമിക്കുന്നത്.
സ്ത്രീ ജീവിതങ്ങളുടെ പ്രതിസന്ധികളും നഷ്ട സ്വപ്നങ്ങളും പ്രത്യാശയുമെല്ലാം കവിതയിൽ കാണാൻ സാധിക്കുമെന്നും ധന്യ പറഞ്ഞു.
പ്രതിരോധത്തിന്റേയും പ്രതികാരത്തിൻ്റെയും അടയാളമാണ് ഗോത്രകവിതകളെന്ന് കവി സുകുമാരൻ ചാലിഗദ്ധ അഭിപ്രായപ്പെട്ടു .
ശ്മശാനത്തിന് വേണ്ടി പൊരുതി മരിച്ച മൂപ്പൻ മുതൽ മധു വരെയുള്ള എത്രയെത്ര ഗോത്രമനുഷ്യരെ സമൂഹം അന്യാധീനമാക്കി. കവിതകളിലൂടെ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നു. ആദിവാസികൾ സ്ഥിരം വേട്ടയാടപ്പെടുന്നുവെന്നും അവർക്കായി സംസാരിക്കാൻ ഗോത്രജനങ്ങൾ മാത്രമാണ് ഉള്ളതെന്നും മറ്റു സംസ്ഥങ്ങളിലെ പ്രശ്നങ്ങളിൽ വലിയ രീതിയിൽ പ്രതികരിക്കുന്ന മലയാളി ഇവിടുത്തെ ഗോത്രവിഭാഗങ്ങളുടെ പ്രശ്നത്തിൽ മൗനം പാലിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
'ഞങ്ങളുടെ സാഹിത്യം ലോകം അറിയണം ' കൂലിപ്പണിയെടുത്തായാലും തൻറെ ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കണം എന്ന ആഗ്രഹത്തിൽ നിന്നാണ് സാഹിത്യത്തിലേക്ക് എത്തപ്പെട്ടതെന്നും കവി പറഞ്ഞു.
വിദ്യാഭ്യാസം കൊണ്ട് മാത്രമേ ഉന്നതിയിലേക്ക് എത്താൻ കഴിയുകയുള്ളൂ അതിന് തെളിവായി വേദിയിൽ സന്നിഹിതരായിട്ടുള്ളവരെല്ലാം വിദ്യ അഭ്യസിച്ചിട്ടുള്ളവരാണെന്നും ചൂണ്ടികാട്ടി കവി പി ശിവലിംഗൻ.വിദ്യാഭ്യാസം ഇല്ലാത്തവർക്ക് മുന്നോട്ട് വരാൻ ഒരു സാഹചര്യങ്ങളും ലഭ്യമാകുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു. .
സ്ത്രീകൾ തുറന്നു പറച്ചിലുകൾക്ക് മടിക്കുന്നുവെന്നും ഊരുകളിലെ സ്ത്രീകൾ ധൈര്യമില്ലാതവരാണെന്നും , താൻ സധൈര്യം മുന്നോട്ട് വന്നു തുറന്നു പറച്ചിലുകൾക്ക് തയ്യാറായി എന്നും സിന്ധു മാങ്ങാണിയാൻ അഭിപ്രായപ്പെട്ടു
ആദിവാസി സാഹിത്യത്തെയും വായ്മൊഴികളെയും കലോത്സവ വേദികളിൽ അതിൻറെ സ്വത്വത്തിൽ നിന്ന് അടർത്തിമാറ്റുന്നതിൽ കവിയും ഗായികയുമായ ബിന്ദു ഇരുളം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വായ്മൊഴികളെ നശിപ്പികരുതെന്ന പറഞ്ഞ ബിന്ദു ഇരുളം വായ്മൊഴി കവിതയും അവതരിപ്പിച്ചു.
ചിത്രങ്ങളിലും കഥകളിലും ആദിവാസികളെ കുറിച്ചുള്ള തെറ്റായ ചിത്രീകരണം കുട്ടികളിൽ അവരെ പറ്റി മറ്റൊരു കാഴ്ചപ്പാട് സൃഷ്ടിക്കുന്നുവെന്നും പ്രകാശ് ചെന്തളം അഭിപ്രായപ്പെട്ടു.
തൻ്റെ പ്രശ്നങ്ങൾ തൻ്റെ സമുദായത്തിൻ്റെയുമാണെന്ന വിശ്വാസത്തിൽ തൻ്റെ നിലപാടുകൾ തുറന്നെഴുത്തുകളിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണെന്ന് കവി ശാന്തി പനക്കൻ പറഞ്ഞു.ഇപ്പോൾ ഗോത്ര ഭാഷ സംസാരിക്കാൻ മടിക്കുന്നവർ വരെയുണ്ടെന്നും എന്നാൽ 'നല്ല അടിത്തറയുണ്ടെങ്കിൽ മാത്രമേ നല്ലൊരു വീട് ഉണ്ടാക്കാൻ പറ്റുള്ളൂ ' എന്ന കാഴ്ചപ്പാടിൽ നിന്നും ഗോത്ര ഭാഷയിൽ തന്നെ മാധ്യമമായി സ്വീകരിക്കുകയായിരുന്നു എന്നും ശാന്തി കൂട്ടിച്ചേർത്തു.
ഗോത്രജനതയും അവരുടെ ആചാരങ്ങളും , അനുഷ്ഠാനങ്ങളും നേരിടുന്ന പ്രശ്നങ്ങളെ രേഖപ്പെടുത്തുന്നതിനുള്ള മാധ്യമമായാണ് താൻ കവിതകളെ കാണുന്നതെന്ന് ലിജിന കടുമേനി പറഞ്ഞു.
അജയൻ മടൂർ കഥയിലൂടെ തൻ്റെ നിലപാട് അവതരിപ്പിച്ചു.ഡോ . നാരായണൻ ശങ്കരനാണ് പരിപാടിയുടെ മോഡറേറ്ററായിരുന്നു.
ചടങ്ങിന് മാറ്റ് കൂട്ടി, ഗോത്രകവിത ,വാമൊഴിഗാനങ്ങൾ ,കഥ എന്നിവയുടെ അവതരണങ്ങളും നടന്നു.
ഏറെ നാളുകളായി ഗോത്ര സമൂഹം നേരിടുന്ന സഹനവും സ്വപ്നങ്ങളും പ്രത്യാശയും ഗോത കവിതകളിൽ നീറുന്ന ജീവിതാക്ഷരങ്ങളായി മാറി, സാഹിത്യോ ഝവത്തിൽ ഏറെ ആദരവോടെ ഈ കവി സമൂഹത്തെ പ്രേക്ഷകർ കേട്ടു.
സി.ഡി. സുനീഷ്
