ബൈപോളാര്‍ ഡിസോര്‍ഡര്‍ ചികിത്സയില്‍ ഹൃദ്രോഗ മരുന്ന് : പരീക്ഷണങ്ങള്‍പുരോഗമിക്കുന്നതായി ഐ.എ.എന്‍ സമ്മേളനത്തില്‍ ശാസ്ത്രജ്ഞഡോ. ജീ ഹ്യൂണ്‍ കിം.
- Posted on November 01, 2025
- News
- By Goutham prakash
- 14 Views
തിരുവനന്തപുരം: ബൈപോളാര്‍ ഡിസോര്‍ഡര്‍ ചികിത്സയില്‍ ഹൃദ്രോഗ മരുന്ന് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മനുഷ്യരില്‍ പുരോഗമിക്കുകയാണെന്ന് ഓസ്ട്രേലിയയിലെ ഡീക്കിന്‍ സര്‍വകലാശാലയിലെ ന്യൂറോ സയന്‍റിസ്റ്റ് ഡോ. ജീ ഹ്യൂണ്‍ കിം പറഞ്ഞു. എലികളിലും കോശങ്ങളിലും നടത്തിയ വിജയകരമായ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഹൃദ്രോഗ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) ആതിഥേയത്വം വഹിക്കുന്ന ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോ സയന്‍സസിന്‍റെ (ഐഎഎന്‍) കോവളത്ത് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ മൂന്നാം ദിവസത്തെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബൈപോളാര്‍ ഡിപ്രഷന്‍റെ ചികിത്സയ്ക്കായി ഇന്ത്യയില്‍ ഒരു ഹൃദ്രോഗ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം മരുന്നുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ഡീക്കിന്‍ യൂണിവേഴ്സിറ്റി ബെംഗളൂരുവിലെ നിംഹാന്‍സുമായും റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി (സിഐപി)യുമായും സഹകരിക്കുന്നു.
ബൈപോളാര്‍ ഡിസോര്‍ഡറുള്ള ഒരു വ്യക്തിയുടെ ശരീരത്തിന്‍റെ ഊര്‍ജ്ജനിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഊര്‍ജ്ജത്തിന്‍റെ അഭാവം കടുത്ത സമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ലോകമെമ്പാടുമുള്ള ഏകദേശം 1-2 ശതമാനം ആളുകള്‍ക്ക് ബൈപോളാര്‍ ഡിസോര്‍ഡറുണ്ട്. ഇന്ത്യയിലും ബൈപോളാര്‍ ഡിസോര്‍ഡര്‍ കേസുകള്‍ ധാരാളമുണ്ട്. ഇന്ത്യയിലെ ചൂട് കാലാവസ്ഥയും മറ്റ് മെഡിക്കല്‍ ഘടകങ്ങളും ഇതിന് കാരണമാകാം.
ബൈപോളാര്‍ ഡിസോര്‍ഡറിനുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് താല്പര്യമുള്ളവര്‍ക്ക് അവസരമുണ്ട്. കര്‍ശനമായ സ്ക്രീനിംഗിന് വിധേയമായി സ്പെഷ്യലൈസ്ഡ് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഇവ നടത്തുമെന്നും ഡോ. ജീ ഹ്യൂണ്‍ കിം പറഞ്ഞു.
യുഎസിലെ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോ. ഇള ഫിയറ്റും മറ്റൊരു സെഷനില്‍ സംസാരിച്ചു.
ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 വരെ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും മേഖലയിലെ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് നാഡീ സംബന്ധമായ രോഗങ്ങള്‍, മസ്തിഷ്ക വൈകല്യങ്ങള്‍ എന്നിവയിലെ പുതിയ ഗവേഷണങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും അവതരണങ്ങളും നടക്കും.
