കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂരവിഭാഗം കായികമേള വനിതാ ഫുട്‌ബോളില്‍ തൃശ്ശൂര്‍ ജേതാക്കള്‍ വോളിബാളില്‍ പാലക്കാട്
- Posted on February 02, 2023
- News
- By Goutham prakash
- 632 Views
തേഞ്ഞിപ്പലം (മലപ്പുറം): കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം കായികമേളയിലെ വനിതാ ഫുട്‌ബോള്‍ മത്സരത്തില്‍ തൃശ്ശൂര്‍ മേഖല ചാമ്പ്യന്മാര്‍. അഞ്ജലിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ തൃശ്ശൂര്‍ സോണ്‍ പാലക്കാട് സോണിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം. വനിതാ വോളിബാളില്‍ പാലക്കാടാണ് ചാമ്പ്യന്മാര്‍. മലപ്പുറം രണ്ടാം സ്ഥാനം നേടി. പുരുഷ വിഭാഗം ഫുട്‌ബോള്‍, വോളിബാള്‍, ബാഡ്മിന്റണ്‍ ഫൈനല്‍ മത്സരങ്ങള്‍ ബുധനാഴ്ച രാവിലെ നടക്കും. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ സര്‍വകലാശാലാ സിന്തറ്റിക് ട്രാക്കില്‍ 3000മീ. ഓട്ടത്തോടെ രാവിലെ ആറരക്ക് തുടങ്ങും.
കായികമേള ഉദ്ഘാടനവും വിജയികള്‍ക്കുള്ള ട്രോഫി വിതരണവും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. സിന്‍ഡിക്കേറ്റംഗം അഡ്വ. ടോം കെ. തോമസ് അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ്, കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇബ്രായി കണിയാങ്കണ്ടി മീത്തല്‍, അസി. രജിസ്ട്രാര്‍മാരായ എം.വി. രാജീവന്‍, ടി. ജാബിര്‍, അസി. പ്രൊഫസര്‍ കെ.പി. അജേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. കലാമത്സരങ്ങള്‍ ഫെബ്രുവരി രണ്ടിന് രാവിലെ ഒമ്പത് മണിക്ക് തുടക്കമാകും. സര്‍വകലാശാലാ സെമിനാര്‍ ഹാള്‍, ഓഡിറ്റോറിയം, എസ്.ഡി.ഇ. സെമിനാര്‍ ഹാള്‍ എന്നിവിടങ്ങളിലാണ് വേദികള്‍.
സ്വന്തം ലേഖകൻ
