വായ്പ കിട്ടാൻ ഇനി സിബിൽ സ്കോർ വില്ലനാവില്ല; റിസർവ് ബാങ്ക് ചട്ടത്തിൽ മാറ്റം വരുത്തി

സി.ഡി. സുനീഷ്


കൊച്ചി: 'സിബിൽ' സ്കോർ കുറവാണ് എന്നതിന്റെ പേരിൽ ബാങ്ക് വായ്‌പ നിരസിക്കുന്ന അവസ്ഥക്ക് മാറ്റം വരുന്നു. സ്കോർ കുറഞ്ഞവർക്കും വായ്പ ലഭിക്കുംവിധത്തിൽ റിസർവ് ബാങ്ക് ചട്ടത്തിൽ മാറ്റം വരുത്തി. 'ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ്' (സിബിൽ) ഓരോ വ്യക്തിയുടെയും തിരിച്ചടവ് ശേഷിയും ചരിത്രവും വിലയിരുത്തി തയാറാക്കുന്നതാണ് സ്കോർ. 300 മുതൽ 900 വരെയുള്ള മൂന്നക്ക നമ്പറാണിത്. ഉയർന്ന സ്കോറുള്ളവർക്ക് തിരിച്ചടവ് ശേഷിയുണ്ടെന്നും വായ്പ നൽകാമെന്നുമാണ് ഇതുവഴി വിവക്ഷിക്കുന്നത്.


അതേസമയം, സ്കോർ 700ൽ താഴെയാണെങ്കിൽ വായ്‌പ നിഷേധിക്കുന്നതാണ് നിലവിലെ രീതി. ഇത് പതിനായിരക്കണക്കിന് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സിബിൽ സ്കോറിൻ്റെ പേരിലുള്ള പരിഗണനകളിൽ ഉദാര സമീപനം സ്വീകരിക്കാനാണ് റിസർവ് ബാങ്കിന്റെ നിർദേശം. സ്കോറിന് മാത്രം ഊന്നൽ നൽകാതെ വായ്പക്ക് അപേക്ഷിച്ചയാളുടെ ജോലി/ബിസിനസ്, സമ്പാദ്യം, ഭാവിയിൽ വരുമാനം ഉണ്ടാക്കാനുള്ള സാധ്യത എന്നിവയും പരിഗണിക്കണം. ആദ്യമായി വായ്‌പക്ക് അപേക്ഷിക്കുന്നവർക്ക് അവരുടെ വായ്‌പ-തിരിച്ചടവ് ശേഷി സജീവമാക്കാൻ പ്രത്യേക വായ്‌പ അനുവദിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 


സ്കോർ കുറവായാലും ഈ സാധ്യതവഴി പരമാവധി പേർക്ക് വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം. ക്രെഡിറ്റ് കാർഡ് പോലുള്ളവയുടെ തിരിച്ചടവിൽ വീഴ്ച വരുത്തിയതിൻ്റെ പേരിൽ സിബിൽ സ്കോർ കുറഞ്ഞവർക്ക് അതിന്റെ പേരിൽ മാത്രം പുതിയ വായ്പ നിഷേധിക്കില്ല എന്നതാണ് ഈ മാറ്റത്തിന്റെ പ്രത്യേകത. ഇത്തരക്കാർ ബാങ്കിനെ സമീപിച്ച് ജോലിസ്ഥിരത, വരുമാന സാധ്യത എന്നിവ ബോധ്യപ്പെടുത്തണം. സ്കോർ കുറഞ്ഞവരെ ഒറ്റയടിക്ക് തള്ളുന്നതിന് പകരം അവർക്ക് പറയാനുള്ളതുകൂടി കേട്ട് അപേക്ഷയിൽ തീരുമാനമെടുക്കണം എന്നാണ് റിസർവ് ബാങ്ക് നിർദേശിച്ചിരിക്കുന്നത്. ഇത് അതത് ബാങ്ക് ബോർഡുകൾ ചേർന്ന് ചർച്ച ചെയ്ത് നിലവിലെ രീതിയിൽ മാറ്റം വരുത്തുന്നതോടെ സിബിൽ സ്കോർ ഭീഷണി ഒരളവോളം അവസാനിക്കുമെന്ന് ബാങ്കിങ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like