വനം വകുപ്പിന്റെ വിത്തൂട്ട് പദ്ധതിയിൽ സഹകരിച്ച് ലുലു മാളും
- Posted on August 07, 2025
- News
- By Goutham prakash
- 54 Views

സി.ഡി. സുനീഷ്
മനുഷ്യ - വന്യജീവി സംഘർഷത്തിന് അയവുവരുത്തുന്നതിന് വനംവകുപ്പ് നടപ്പാക്കുന്ന വിത്തൂട്ട് പദ്ധതിയുമായി സഹകരിച്ച് തിരുവനന്തപുരം ലുലുമാളും. കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിൽ നാന്നൂറിലേറെ വിത്തുണ്ടകൾ നിക്ഷേപിച്ചു കൊണ്ടാണ് ലുലുമാൾ പദ്ധതിയുടെ ഭാഗമായത്. കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിലെ വാഴക്കൂപ്പ്, മുപ്പതടി, കുണ്ടാളൻകുഴി തുടങ്ങി മൂന്ന് സെക്ടറുകളിലാണ് വിത്തുണ്ടകൾ നിക്ഷേപിച്ചത്. ലുലു ഗ്രൂപ്പിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായാണ് തിരുവനന്തപുരം ലുലുമാളിലെ ജീവനക്കാർ വനമേഖലയിൽ എത്തിയത്. പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിപിൻ ചന്ദ്രന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കാളികളായിരുന്നു. സംസ്ഥാനത്ത് വിവിധ വനമേഖലകളിൽ ജനകീയ പങ്കാളിത്തത്തോടെ വനംവകുപ്പ് നടത്തുന്ന പരിപാടിയിൽ ഇതിനോടകം അഞ്ചുലക്ഷത്തോളം വിത്തുകളാണ് പാകിയത്. ജൂണിൽ ആരംഭിച്ച വിത്തെറിയൽ ഈ മാസം അവസാനിക്കും.