കൈപത്തിയില്ലാത്ത ഗോവിന്ദച്ചാമിയുടെ കൈക്ക് അസാമാന്യമായ കരുത്ത്'
- Posted on July 26, 2025
- News
- By Goutham prakash
- 56 Views

സി.ഡി. സുനീഷ്
അസാമാന്യമായ ശാരീരിക കരുത്തുള്ള വ്യക്തിയാണ് കൊടുംക്രിമിനലായ ഗോവിന്ദച്ചാമി. ഒറ്റക്കൈ മാത്രമാണ് ഉള്ളതെങ്കിലും ജയിലിലെ പടുകൂറ്റൻ മതിൽ പുഷ്പംപോലെ മറികടക്കാനായത് അതുകൊണ്ടായിരിക്കാം എന്നാണ് മഞ്ചേരി മെഡിക്കൽകോളേജിലെ ഫോറൻസിക് വിഭാഗം പ്രൊഫസറും പാെലീസ് സർജനുമായ ഡോക്ടർ ഹിതേഷ് ശങ്കർ പറയുന്നത്.
പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഗോവിന്ദച്ചാമിയെ അറസ്റ്റുചെയ്യുമ്പോൾ തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയായിരുന്നു ഹിതേഷ് ശങ്കർ. അന്ന് ആ കൊടും ക്രിമിനലിനെ പരിശോധിച്ച് കേസിൽ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് അദ്ദേഹത്തിന്റെ മൊഴികളും കണ്ടെത്തലുകളുമായിരുന്നു.
വൈകല്യം ഉണ്ടെങ്കിലും സാധാരണ വ്യക്തികൾക്ക് ഉള്ളതിനേക്കാൾ ശക്തി ഗോവിന്ദച്ചാമിയുടെ കൈകൾക്ക് ഉണ്ടെന്നാണ് ഡോക്ടർ പറയുന്നത്. കൂറ്റൻ മതിലിൽ, തുണികൊണ്ടുണ്ടാക്കിയ വടത്തിൽ തൂങ്ങിക്കയറാൻ കഴിഞ്ഞതും ഇതുകൊണ്ടായിരിക്കാം എന്നും അദ്ദേഹം പറയുന്നു. സാധാരണ വ്യക്തികൾ ചെയ്യുന്നതിനെക്കാൾ ഭംഗിയായിത്തന്നെ വൈകല്യമുള്ള കൈയുടെ സപ്പോർട്ടോടെ വലതുകൈകൊണ്ട് ഇയാൾക്ക് ചെയ്യാൻ കഴിയും. അന്നത്തെ പരിശോധനയിൽ വൈകല്യമുള്ള ഇടതുകൈയുടെ മസിലുകൾക്ക് നല്ല ശക്തിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൈപ്പത്തി ഇല്ല എന്നതുമാത്രമാണ് ആകെയുണ്ടായിരുന്ന പ്രശ്നം. ആ കൈ ഉപയോഗിച്ചാണ് ട്രെയിനിൽ നിന്ന് വീണ പെൺകുട്ടിയെ എടുത്ത് സമീപത്തെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചത്.ഓടിക്കൊണ്ടിക്കുന്ന ട്രെയിനുകളിൽ പിടിച്ച് തൂങ്ങിക്കയറാനും ചാടിയിറങ്ങാനും ഗോവിന്ദച്ചാമിക്ക് കഴിവുണ്ടായിരുന്നു. ആ കഴിവായിരിക്കാം തുണിവടത്തിൽ തൂങ്ങി മതിലിന് മുകളിലെത്താൻ അയാളെ സഹായിച്ചതും. ട്രെയിനുകളിൽ ഇങ്ങനെ തൂങ്ങിക്കയറിയും തൂങ്ങിയിറങ്ങിയും ഗോവിന്ദച്ചാമിയുടെ ശരീരത്തിന് പുറകിലെ മസിലുകൾക്കും അസാധാരണശക്തിയുണ്ടായിരുന്നു എന്നും ഹിതേഷ് ശങ്കർ പറയുന്നു. ദേഹപരിശോധന നടത്തിയാൽ ജയിൽ ചാട്ടത്തിനായി മതിലിൽ കയറിയപ്പോഴുണ്ടായ ഉരവുകളും മറ്റുപാടുകളും കണ്ടുപിടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.ചോറ് കഴിക്കാതെ ശരീരത്തിന്റെ വണ്ണം കുറച്ചതും വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലായിരിക്കാം എന്നും ഹിതേഷ് ശങ്കർ പറയുന്നുണ്ട്. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ചോറ് കുറച്ചാൽ ശരീരഭാരവും വലിപ്പവും കുറയും. ചോറിന് പകരം ചപ്പാത്തിയും അതിനൊപ്പം ഇറച്ചിയുൾപ്പെടെയുള്ള കറികളും കൂടിയാകുമ്പോൾ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കും. ശരീരത്തിനും മസിലുകൾക്കും ഒരുതരത്തിലുള്ള പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല കൂടുതൽ ശക്തിയാർജിക്കുകയും ചെയ്തിട്ടുണ്ടാവണം.അമിതമായ ലൈംഗികാസക്തി ഉള്ള ആളായിരുന്നു ഗോവിന്ദച്ചാമിയെന്നാണ് ഹിതേഷ് ശങ്കർ പറയുന്നത്. ഇത് വ്യക്തമാക്കാൻ അറസ്റ്റിലായ ഗോവിന്ദച്ചാമിയെ പരിശോധിച്ചപ്പോഴുണ്ടായ അനുഭവവും അദ്ദേഹം വിവരിക്കുന്നുണ്ട്. 'പൊലീസുകാരെ മുഴുവൻ പുറത്താക്കി ലാബ് ജീവനക്കാരുൾപ്പെടെ കുറച്ചുപേർമാത്രമാണ് പരിശോധനാമുറിയിൽ ഉണ്ടായിരുന്നത്. പരിശോധനയുടെ ഭാഗമായി വനിതാ ലാബ് ടെക്നീഷ്യൻ രക്തം ശേഖരിക്കുന്നതിനായി അയാളുടെ കൈയിൽ സ്പർശിച്ചു. ആ ഒരൊറ്റ സ്പർശനം കൊണ്ടുതന്നെ അയാൾക്ക് ഉത്തേജനം ഉണ്ടായെന്ന് വ്യക്തമായി. സാധാരണ ഒരാൾക്ക് ഇങ്ങനെ ഉണ്ടാവില്ല. പ്രതിക്ക് ഒരു പെൺകുട്ടിയെ ശാരീരികമായി കീഴ്‌പ്പെടുത്താൻ കഴിവുണ്ട് എന്നതിന്റെ വ്യക്തമായ സൂചനയായി ഞാൻ ഇക്കാര്യം രേഖപ്പെടുത്തി. സംഭവദിവസം നടന്ന കാര്യങ്ങൾ എല്ലാം ഗോവിന്ദച്ചാമി വിശദമായി പറയുകയും ചെയ്തു. ബാഗ് തട്ടിപ്പറിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി പിടിവലി നടത്തിയപ്പോൾ പെൺകുട്ടിയുടെ ശരീരത്തിൽ പലയിടത്തും സ്പർശിച്ചു. അതോടെ മോഷണത്തിന് അപ്പുറത്തേക്ക് കാര്യങ്ങൾ പോവുകയായിരുന്നു. ഈ പറഞ്ഞ കാര്യങ്ങളും ഞാൻ രേഖപ്പെടുത്തി. ഇതെല്ലാം പ്രതിക്ക് ശിക്ഷലഭിക്കുന്നതിൽ നിർണായകമായി'.
ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലെക്ക് മാറ്റും
കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കുറ്റവാളി ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയന്നാണ് വിവരം. ഷൊർണൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ കണ്ണൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വന്നിരുന്നത്.
മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത് എന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂർച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയിൽ വർക്ക്ഷോപ്പിൽ നിന്നാണ് ആയുധമെടുത്തതെന്ന് മൊഴി. മുറിച്ച പാടുകൾ തുണികൊണ്ട് കെട്ടി മറച്ചു. മതിൽ ചാടാൻ പാൽപ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ലക്ഷ്യമെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴി.
അതേസമയം, ജയിലിൽ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തൽ. സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്ററോളം ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യനായ കൊലയാളി രക്ഷപ്പെട്ടിട്ടും അധികൃതർ അറിഞ്ഞത് മണിക്കൂറുകൾ വൈകിയാണ്. രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്ന് ഗാർഡ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയിൽ ചാടി എന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്. മാസത്തിൽ ഒരു പ്രാവശ്യം തലമുടി വെട്ടണം, ആഴ്ചയിൽ ഷേവ് ചെയ്യണം എന്നാണ് ചട്ടം. ഗോവിന്ദചാമി താടി നീട്ടി വളർത്തിയിട്ടും ജയിൽ ഉദ്യോഗസ്ഥർ വിലക്കിയില്ല. കമ്പി മുറിക്കാൻ ആയുധമെടുത്തത് ജയിൽ വർക്ക്ഷോപ്പിൽ നിന്നെന്നാണ് ഗോവിന്ദച്ചാമിയുടെ മൊഴി. മതിലിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള ഫെൻസിംഗ് വഴി ഒരു മാസമായി വൈദ്യുതി കടത്തി വിടുന്നില്ലെന്നാണ് ജയിൽവകുപ്പിന്‍റെ വിശദീകരണം.
കമ്പിക്കുള്ളിലൂടെ പുറത്ത് ചാടാൻ കഴിയാഞ്ഞത് കൊണ്ടാണ് കൂടെ പോകാൻ പറ്റാതിരുന്നതെന്ന് ഗോവിന്ദച്ചാമിയുടെ സഹ തടവുകാരൻ പറഞ്ഞു.