പൊന്നാനി കോൾ മേഖലയിലെ തരിശ്ശ് ഭൂമികൾ കൃഷിയോഗ്യമാക്കും: കൃഷി മന്ത്രി പി. പ്രസാദ്.
- Posted on March 25, 2025
- News
- By Goutham prakash
- 209 Views
തിരുവനന്തപുരം: തൃശൂർ-മലപ്പുറം ജില്ലകളിലായി 14600 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന തൃശൂർ-പൊന്നാനി കോൾ നിലങ്ങൾ പൂർണ്ണമായും കൃഷി യോഗ്യമാക്കുന്നതിനു നടപടികൾ സ്വീകരിച്ചു വരുന്നെന്ന് കൃഷി മന്ത്രി പി.പ്രസാദ്. പ്രസ്തുത മേഖലയുടെ സമഗ്ര വികസനത്തിനായി തൃശ്ശൂർ കോൾ നില വികസന ഏജൻസിയും തൃശ്ശൂർ പൊന്നാനി കോൾ വികസന അതോറിറ്റിയും രൂപീകരിക്കുകയും ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട് മന്ത്രി നിയമസഭയിൽ അറിയിച്ചു. ആകെ 14600 ഹെക്ടറിൽ 3600 ഹെക്ടർ പൊന്നാനി കോളും 11000 ഹെക്ടർ തൃശ്ശൂർ കോളുമാണ് എന്നാൽ 236 ഹെക്ടർ പൊന്നാനി കോളിലും 111.8 ഹെക്ടർ തൃശൂർ കോളിലും നിലവിൽ തരിശ് ഭൂമിയുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ കോൾനിലങ്ങൾ കൃഷിയോഗ്യമാക്കാൻ കഴിയും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ ഉയരുന്ന ജനസാന്ദ്രതയും, നഗരവത്കരണവും ഒരു പ്രതിസന്ധിയാണെന്നും കാര്ഷികോല്പാദനം വർധിപ്പിക്കുന്നതിന് ഇത്തരത്തിൽ തരിശൂകിടക്കുന്ന എല്ലാ സ്ഥലങ്ങളും കൃഷി യോഗ്യമാക്കുന്നതിന് കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന നാവോ-ധൻ പദ്ധതിയിലൂടെ നടപടികൾ സ്വീകരിച്ചു വരികയാണ് വകുപ്പെന്നും മന്ത്രി സഭയിൽ അറിയിച്ചു.
കോൾ മേഖലയിലെ കൃഷി വ്യാപനത്തിനും വികസനത്തിനും ഉതകുന്ന എന്തെല്ലാം പദ്ധതികൾ ആവശ്യമാണെന്ന പഠനം നടത്തുന്നതിന് തൃശൂർ കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസർ ആൻഡ് ഹെഡ് ആയ ഡോ. എ ലതയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. RIDF പദ്ധതിയിൽ 225.23 കോടി രൂപയുടെ പദ്ധതിയും RKVY പദ്ധതിയിൽ 43.08 കോടി രൂപയുടെ പദ്ധതിയും ഈ മേഖലയുടെ വികസനത്തിനായി ആവിഷ്കരിച്ച് നടപ്പിലാക്കി കഴിഞ്ഞു. 2008 ലെ പ്രളയത്തിനുശേഷം തൃശൂർ-പൊന്നാനി കോൾ മേഖലയുടെ വികസനത്തിനായി മുഴുവൻ കൃഷിഭൂമിയും കൃഷിയോഗ്യമാക്കി കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനു വേണ്ടി അനുവദിച്ച 298.3 8 കോടി രൂപയുടെ റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് (RKI) പദ്ധതി ഈ മേഖലയിൽ നടപ്പിലാക്കി വരുന്നുണ്ട് മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ കൃഷിയോഗ്യമല്ലാത്ത സ്ഥലങ്ങൾ ചിലയിടങ്ങളിൽ ജലസംഭരണികളായി മാറിയിരിക്കുന്നുവെന്നും മറ്റ് ചിലയിടങ്ങളിൽ ജലലഭ്യത കുറവാണു കൃഷി ചെയ്യുന്നതിന് പ്രതിസന്ധി. ഇവ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും ഒന്നാം ഘട്ടമായി ഭാരതപ്പുഴയിൽ നിന്ന് പി എം കനാലിലേക്ക് ജലം എത്തിക്കുന്നതിനുള്ള നടപടികൾ ജല വിഭവ വകുപ്പ് മുഖേന കൈക്കൊണ്ടു വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. പൊന്നാനിയിലെ തരിശ്ശ് ഭൂമികൾ കൃഷിയോഗ്യമാക്കുന്നത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ ആരാഞ്ഞുകൊണ്ട് പൊന്നാനി എം.എൽ.എ. പി.നന്ദകുമാർ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
