കാട്ടാനയെ പേടിച്ച് ഓടി :ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം
- Posted on February 23, 2022
- News
- By Dency Dominic
- 339 Views
ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ ബസവി പുൽപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്
- ബത്തേരി: വയനാട്ടില്‍ കാട്ടാനയെ പേടിച്ച് ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു. ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉൾവനത്തിൽ വിറക് ശേഖരിക്കാൻ പോയ പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ ബസവിയാണ് മരിച്ചത്. 45 വയസായിരുന്നു. കോളനിയിലെ അഞ്ച് പേർ ചേർന്നാണ് വിറക് ശേഖരിക്കാൻ പോയത്. കാട്ടില്‍ വച്ച് ആന ഇവരെ ആക്രമിക്കുകയായിരുന്നു.
ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ ബസവി പുൽപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി മാച്ചിയ്ക്ക് ഓടി രക്ഷപ്പെടുന്നതിനിടെയിൽ നിസാര പരിക്കേറ്റു. കാട്ടാനയുടെ ആക്രമണമേറ്റ് തന്നെയാണ് ബസവി മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ ദേഹത്ത് കാട്ടാനയുടെ ചവിട്ടേറ്റ പാടുകളില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ വ്യക്തത വരുമെന്നും വനം വകുപ്പ് അറിയിച്ചു. ആറ് മാസം മുൻപ് സമീപമുള്ള നെയ്കുപ്പയിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ മറ്റൊരു ആദിവാസി സ്ത്രീ മരിച്ചിരുന്നു.
