കൃഷി ഭൂമി കർഷകന്റേതായി നിലനിൽക്കേണ്ടത് ഭക്ഷ്യ സുരക്ഷക്ക് അനിവാര്യമാണെന്ന് കൃഷി മ കൃഷി മന്ത്രി പി. പ്രസാദ്.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ അൻപത്തിനാലാമത് സ്ഥാപിത ദിനാഘോഷം   കെ.എ.യു. സെന്‍ട്രല്‍ ഓഡിറ്റോറിയം,വെള്ളാനിക്കരയില്‍ വച്ച്  കൃഷി മന്ത്രി  പി. പ്രസാദ്   ഉദ്ഘാടനം ചെയ്തു. 



കൃഷി ഭൂമി കര്ഷകന്റെതായി നിലനിൽക്കേണ്ടത് ഭക്ഷ്യ സുരക്ഷക്ക് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.ഈ ലക്ഷ്യത്തോടെ കൃഷി യോഗ്യമായ ഭൂമി കർഷകർക്ക് കൃഷിക്കായി  ലഭ്യമാക്കുന്നതിന് ഒരു നിയമം ഈ നിയമ സഭ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഉയരുന്ന ജനസംഖ്യക്കനുസരിച്ചു ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാക്കേണ്ടത് പ്രധാന വെല്ലുവിളിയാണെന്നും ലോകം നേരിടുന്ന ഉയർന്ന ഭക്ഷണ ആവശ്യകത, കൃഷി ഭൂമിയുടെ കുറവ്, ഹരിതഗൃഹ വാതകങ്ങളുടെ ഭവിഷ്യത്തുകൾ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നതിന്നുള്ള ഗവേഷണത്തിന് സർവ്വകലാശാല തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 

പ്രതിവർഷം 1500 കോടിയിലധികം വരുന്ന വിളവെടുപ്പാനന്തര നഷ്ടം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.  ഇതിനായി പ്രാഥമിക കൃഷിയോടൊപ്പം ദ്വിദീയ കൃഷിയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി വ്യക്തമാക്കി. ഈ ലക്‌ഷ്യം മുൻ നിർത്തിയാണ് ഒരു കൃഷി ഭവനിൽ നിന്നും ഒരു മൂല്യ വർദ്ധിത ഉൽപന്നം എന്ന പദ്ധതിക്ക് തുടക്കമിട്ടതെന്നും അദ്ദേഹം കൂട്ടി ചേർത്തു. പ്രമുഖ നെൽ കർഷകനും പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷകനുമായ പത്മശ്രീ ചെറുവയൽ രാമന് കാർഷിക സർവ്വകലാശാലയുടെ 'പ്രൊഫസ്സർ ഓഫ് പ്രാക്ടീസ്' പദവി നൽകുമെന്നും മന്ത്രി പറഞ്ഞു.

 വൈസ് ചാന്‍സിലര്‍ ഡോ. ബി. അശോക്‌ ഐഎഎസ്  ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കാർഷിക വിദ്യാഭ്യാസം കൂടുതൽ വിദ്യാർഥികളിലേക്കു എത്തേണ്ടതുണ്ടെന്നും വിദ്യാഭ്യാസ ഗവേഷണ ആവശ്യങ്ങൾക്കായി ബാഹ്യസഹായസ്രോതസുകൾ  ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും  വൈസ് ചാൻസലർ പറഞ്ഞു.


കാർഷിക സർവ്വകലാശാല വികസിപ്പിച്ച നെല്ല്,തെങ്ങ്,പയർ,പാവൽ,തീറ്റപുല്ല് തുടങ്ങിയ വിളകളിലെ 15 പുതിയ ഇനങ്ങൾ ചടങ്ങിൽ പുറത്തിറക്കി. സർവ്വകലാശാല വികസിപ്പിച്ച വിവിധ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെയും കാർഷിക അധ്വാനം ലഘൂകരിക്കുന്നതുമായ  16 സാങ്കേതിക വിദ്യകൾ കർഷകർക്കായി ചടങ്ങിൽ അവതരിപ്പിച്ചു.  കാർഷിക സർവകലാശാല ഗ്രീൻ ക്യാംപസ് ആയി മാറുന്നതിന്റെ ഭാഗമായി സർവകലാശാലയുടെ തവനൂർ, വെള്ളായണി, പടന്നക്കാട്, വെള്ളാനിക്കര ക്യാമ്പസുകളിലായി നിർമ്മിച്ച 500 കിലോ വാട്ടിന്റെ സോളാർ വൈദ്യുത പദ്ധതിയുടെ  ഉദ്ഘാടനവും  മന്ത്രി ചടങ്ങിൽ നിർവ്വഹിച്ചു. 


കാർഷിക സർവകലാശാലയുടെ വിവിധ പ്രവർത്തന മേഖലകളുടെ സമഗ്രമായ ഡിജിറ്റൈസഡ്  ഡാറ്റാബേസ് തയ്യാറാക്കുന്നതിനായി എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് സോഫ്റ്റ്‌വെയർ ഏർപ്പെടുത്തുന്നതിനും ചടങ്ങിൽ തുടക്കമായി.  സർവകലാശാലയുടെ വിവരസമ്പത്ത് സുരക്ഷിതമായി സംരക്ഷിക്കുന്നതിനും കാര്യക്ഷമമായ വിവരശേഖരണത്തിനും സഹായിക്കുന്ന ഈ സോഫ്റ്റ്‌വെയർ വിവിധ വിഭാഗങ്ങളിലെ വിപണന വിതരണ ധനകാര്യ മാനവ ശേഷി അടക്കമുള്ള വിവരങ്ങൾ ക്രോഡീകരിക്കുകയും വിവരങ്ങൾ കൈമാറുന്നതും പ്ലാനിങ്ങും എളുപ്പമാക്കുകയും ചെയ്യും. വിപണി സാധ്യതകൾ കണ്ടെത്തുവാൻ കർഷകരെ സഹായിക്കുന്നതിനും  കൃഷിയെയും മൂല്യവർധിത ഉൽപന്ന വിതരണ സാധ്യതകളെയും വിപുലീകരിക്കുവാനും  പ്രയോജനപ്പെടുന്നതാണ് ഈ സോഫ്റ്റ്‌വെയർ. കേന്ദ്ര ഗവൺമെൻറ് സ്ഥാപനമായ നാഷണൽ കോർപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ആണ് 160 ലക്ഷം രൂപ ചിലവ് വരുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്.


സർവ്വകലാശാല ഇൻഹൗസ് ആയി വികസിപ്പിച്ച അധ്യാപകരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി ലക്ഷ്യമിടുന്ന വിദ്യാർത്ഥികളുടെ ഫീഡ്ബാക്ക് പോർട്ടലും സർവ്വകലാശാലയുടെ റാങ്കിങ് ഉയർത്തുന്നതിനും കാര്യക്ഷമത ഉറപ്പു വരുത്തുന്നതിനുമുള്ള അക്കാദമിക് അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ് പോർട്ടലും ചടങ്ങിൽ പ്രകാശനം ചെയ്തു.  ഇത്തരത്തിലുള്ള പോർട്ടലുകൾ  സ്വന്തമായി നിർമ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ സർവകലാശാലയാണ് കാർഷിക സർവകലാശാല.


 സർവകലാശാലയിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പെൻഷൻകാർക്കും വിവരങ്ങൾ  ലഭ്യമാക്കുന്നതിനുള്ള  സംവിധാനമായ വാട്ട്സ് ആപ്പ്- വെബ്സൈറ്റ് ചാറ്റ് ബോട്ട് ചടങ്ങിൽ അവതരിപ്പിച്ചു. കർഷകർക്കും സർവകലാശാലയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കും  സംശയനിവാരണങ്ങൾക്കും ഈ ചാറ്റ്ബോട്ട് ഉപയോഗിക്കാം. ചാറ്റിങ്,ഫയൽ ഷെയറിങ് തുടങ്ങിയവ  എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഈ ചാറ്റ് ബോട്ട്  സർവകലാശാല നടത്തുന്ന സുപ്രധാന ചുവടുവെപ്പാണ്. 100  വിളകളിലെ കൃഷി മുറകളെ ഇംഗ്ലീഷിലും മലയാളത്തിലും പരിചയപ്പെടുത്തുന്ന സർവ്വകലാശാലയുടെ ഫാം എക്സ്റ്റൻഷൻ മാനേജർ ആപ്പിന്റെ പരിഷ്കരിച്ച് പതിപ്പും ചടങ്ങിൽ പ്രകാശനം ചെയ്തു.


സർവ്വകലാശാല സ്റ്റാറ്റ്യൂട്ടിന്റെ മലയാളം പതിപ്പും സർവകലാശാലയുടെ അക്കാദമിക് നിയമങ്ങളെല്ലാം ഉൾപ്പെടുത്തി പരിഷ്കരിച്ച അക്കാദമിക് ഹാൻഡ്ബുക്കും  കർഷകർക്കായി പ്രസിദ്ധീകരിക്കുന്ന നിരവധി കൈ പുസ്തകങ്ങളും പ്ലാൻ സയൻസ് ടുഡേ ജേണലിന്റെ സ്പെഷ്യൽ ഇഷ്യൂവും കേരളത്തിലെ കളകളുടെ  അറ്റ്ലസും  ചടങ്ങിൽ പ്രകാശനം ചെയ്തു. 


അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയുള്ള നടപ്പിലാക്കുന്ന കേര പദ്ധതിയുടെ കീഴിൽ നടത്തുന്ന നെൽപ്പാടങ്ങളിൽ നിന്നുള്ള ഹരിതഗ്രഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതിനായുള്ള പരീക്ഷണങ്ങളുടെ തുടക്കവും വെള്ളാനിക്കര കാർഷിക കോളേജിലെ പുതിയ ബി.എസ്.സി  ഹോർട്ടികൾച്ചർ കോഴ്സിന്‍റെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.  സർവ്വകലാശാല പുറത്തിറക്കുന്ന ഔഷധസസ്യങ്ങളിൽ നിന്നും നിർമ്മിച്ച ഹെർബൽ സോപ്പും ഹാൻഡ് വാഷും ചടങ്ങിൽ പുറത്തിറക്കി.  നെൽകൃഷിയിലെ തണ്ടുതുരപ്പനെയും ഓലചുരിട്ടി പുഴുവിനെയും ജൈവ രീതിയിൽ നിയന്ത്രിക്കുന്നതിനുള്ള ട്രൈക്കോഗ്രാമ പരാധങ്ങളുടെ ലഭ്യത കേരളത്തിലെമ്പാടും ഉറപ്പുവരുത്തുവാൻ സഹായിക്കുന്ന പദ്ധതിക്കും തുടക്കമിട്ടു.


 

മലപ്പുറം ജില്ലയിലെ ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിലെ കൂൺ വിത്ത് ഉൽപാദന കേന്ദ്രത്തിന്റെ ഉദ്ഘാടനവും കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജ് അക്കാദമിക് ബ്ലോക്കിന്റെ ഒന്നാം നിലയുടെ നിർമ്മാണത്തിന്റെ ശിലാസ്ഥാപനവും തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പടന്നക്കാട് കാർഷിക കോളേജിലെ വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.കൊക്കോ ഗവേഷണത്തിൽ കാർഷിക സർവകലാശാലയുമായി സഹകരിച്ച് മൌണ്ടിലീസ് ഇന്ത്യ നൽകുന്ന സ്കോളർഷിപ്പ് വിതരണവും ചടങ്ങിൽ നടന്നു. 16 ബിരുദ വിദ്യാർത്ഥികൾക്കും 5 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ഈ വർഷം സ്കോളർഷിപ്പ് ലഭ്യമാകും.


സർവകശാലയിൽ 25 വര്ഷം പൂർത്തിയാക്കിയ ജീവനക്കാരെയും പുതുതായി പുറത്തിറക്കിയ വിത്തിനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും ചടങ്ങിൽ ആദരിച്ചു.കാർഷിക സർവ്വകലാശാലയിൽ ഐ.സി.എ ആർ ഫെല്ലോഷിപ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. സർവകലാശാലയിലെ മികച്ച അധ്യാപകൻ ഡോ.കെ.പി സുധീർ,മികച്ച ഗവേഷക:ഡോ.അമീന എം., മികച്ച വിജ്ഞാന വ്യാപന പ്രവർത്തനം:ഡോ.സുനിൽ വി.ജി, മികച്ച ഗവേഷണ സംഘം :ഐ.എഫ്.എസ്.കരമന,  മികച്ച ഗവേഷണ കേന്ദ്രം: പ്രാദേശിക ഗവേഷണ കേന്ദ്രം പട്ടാമ്പി, മികച്ച കൃഷി വിജ്ഞാന കേന്ദ്രം: തൃശൂർ കെ.വി.കെ,മികച്ച കോളേജ്: വെള്ളായണി കാർഷിക കോളേജ് എന്നീ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.  


സർവകലാശാല രജിസ്ട്രാർ ഡോ.സക്കീർ ഹുസൈൻ, ഭരണ സമിതി അംഗങ്ങളായ പി.നന്ദകുമാർ എം.എൽ.എ, ഡോ.സുരേഷ്‌കുമാർ പി.കെ ഡോ.എ തുളസി ശ്രീ.ഷിബു എസ്.എൽ, ഡോ.ഇ.ജി.രഞ്ജിത്ത് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ചെറുവയൽ രാമന് കാർഷിക സർവ്വകലാശാലയുടെ 'പ്രൊഫസ്സർ ഓഫ് പ്രാക്ടീസ്' പദവി 

പ്രമുഖ നെൽ കർഷകനും പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷകനുമായ പത്മശ്രീ ചെറുവയൽ രാമന് കാർഷിക സർവ്വകലാശാലയുടെ 'പ്രൊഫസ്സർ ഓഫ് പ്രാക്ടീസ്' പദവി നൽകും. കാർഷിക സർവ്വകലാശാലയുടെ സ്ഥാപിത ദിനാഘോഷം ഉദഘാടനം ചെയ്യവേ കൃഷി മന്ത്രിയും സർവ്വകലാശാല പ്രോ ചാൻസലറുമായ പി.പ്രസാദ് ആണ് ഇക്കാര്യം അറിയിച്ചത്.അമ്പലവയൽ കാർഷിക ഗവേഷണ കേന്ദത്തിലും സർവ്വകലാശാലയുടെ മറ്റു ഗവേഷണ കേന്ദ്രങ്ങളിലും സ്വന്തം കൃഷിയിടത്തിലും  ചെറുവയൽ രാമൻ തന്റെ അനുഭവജ്ഞാനം കർഷകർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമായി പങ്കുവെക്കുക എന്നത് ലക്ഷ്യമിട്ടാണ് ആണ് ഈ പദവി എന്നും മന്ത്രി പറഞ്ഞു.അദ്ദേഹത്തിന്റെ ആനുകൂല്യങ്ങളും മറ്റും സർവ്വകലാശാല ചട്ടങ്ങളനുസരിച്ചു തീരുമാനിക്കുമെന്നും ഒരു വര്ഷത്തേക്കായിരിക്കും ഈ പദവിയെന്നും മന്ത്രി പറഞ്ഞു.

കൃത്രിമവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ, മണ്ണിന്റെ ജീവൻ നഷ്ടപ്പെടുത്താതെ, സ്വാഭാവികരീതിയിൽ  പരമ്പരാഗത നെൽവിത്തുകളിൽ അവശേഷിക്കുന്നവയെ കണ്ടെത്തി സംരക്ഷിക്കുന്ന  പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷകനാണ്  ചെറുവയൽ രാമൻ ചെറുവയൽ രാമൻ ചില ബുദ്ധിമുട്ടുകൾ നേരിടുന്ന വാർത്തകൾ പുറത്തു വന്നതിനെ തുടർന്ന് മന്ത്രി ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. കാർഷിക സർവ്വകലാശാലയുടെ ജനറൽ കൗൺസിൽ അംഗമായും  ചെറുവയൽ രാമൻ പ്രവർത്തിച്ചിട്ടുണ്ട്.

Author
Citizen Journalist

Goutham prakash

No description...

You May Also Like