പൊതുമരാമത്ത് നിർമിതികളുടെ ഗുണനിലവാര പരിശോധനയ്ക്ക് ആധുനിക മൊബൈൽ ലാബുകൾ ബുധനാഴ്ച പുറത്തിറക്കും
- Posted on March 07, 2023
- News
- By Goutham Krishna
- 197 Views
മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിന്റെ നിർമാണപ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സജ്ജമാക്കിയ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിംഗ് ലാബുകൾ ബുധനാഴ്ച (മാർച്ച് 8) മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും.
കൃത്യമായ ഗുണമേന്മയോടെയാണ് പ്രവൃത്തികൾ ചെയ്യുന്നതെന്ന് ഉറപ്പാക്കുന്നതിനായി പ്രവൃത്തി ഇടങ്ങളിൽ നേരിട്ടെത്തി തത്സമയപരിശോധന നടത്തുന്നതിനാണ് മൂന്ന് ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി കൺട്രോൾ ടെസ്റ്റിംഗ് ലാബുകൾ സജ്ജമാക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സിമന്റ്, മണൽ, മെറ്റൽ, ബിറ്റുമിൻ തുടങ്ങിയ നിർമ്മാണ സാമഗ്രികളുടേയും കോൺക്രീറ്റ്, ടൈൽ മുതലായവയുടേയും ഗുണനിലവാരം ഇതുവഴി പരിശോധിക്കാനാകും. അത്യാധുനിക നോൺ ഡിസ്ട്രക്ടീവ് ടെസ്റ്റിംഗ് ഉപകരണങ്ങളാണ് മൂന്നുകോടിയോളം രൂപ ചെലവഴിച്ച് സജ്ജമാക്കിയ ഈ മൊബൈൽ ലാബുകളിൽ ഉള്ളത്. മൂന്നു മേഖലകളിലായാണ് ഇവ പരിശോധന നടത്തുക.
മഴയും ചൂടും റോഡുകളെ പ്രതികൂലമായി ബാധിക്കുന്നത് തടയുന്നതിനായി കൂടുതൽ ഈടുനിൽക്കുന്ന റോഡ് നിർമ്മാണരീതികൾ കേരളത്തിൽ അവലംബിച്ചുതുടങ്ങിയിട്ടുണ്ട്. ഫുൾ ഡെപ്ത് റെക്ലമേഷൻ (എഫ്ഡിആർ), സോയിൽ സെയിലിംഗ്, ജിയോ സെൽസ്, സിമന്റ് ട്രീറ്റഡ് സബ് ബെയിസ്, പേവ്‌മെന്റ് ക്വാളിറ്റി കോൺക്രീറ്റ് എന്നിവ അവയിൽ ചിലതാണ്. ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലാണ് ഈ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നത്.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രീതികൾ അവലംബിക്കുന്നതിനൊപ്പം നൂതന പരിശോധനാ സമ്പ്രദായങ്ങളും പൊതുമരാമത്ത് വകുപ്പിൽ ഉറപ്പാക്കുകയാണ്. ലാബുകള്‍ സജ്ജമാകുന്നതോടെ ഈ ജോലികളുടെ ഗുണനിലവാരം നേരിട്ടെത്തി കൃത്യമായി പരിശോധിച്ച് ഉറപ്പാക്കാന്‍ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം പബ്ലിക് ഓഫീസ് കോംപ്ലക്‌സിൽ ബുധനാഴ്ച രാവിലെ 11.30ന് നടക്കുന്ന ഫ്‌ളാഗ് ഓഫ് ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ മുഖ്യാതിഥികളാകും. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, എം.പിമാരായ ഡോ. ശശി തരൂർ, എ.എ. റഹീം, വി.കെ.പ്രശാന്ത് എം.എൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വാർഡ് കൗൺസിലർ പാളയം രാജൻ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ചീഫ് എൻജിനീയർമാരായ അജിത് രാമചന്ദ്രൻ, ഹയ്ജീൻ ആൽബർട്ട് എന്നിവർ സംസാരിക്കും.
സ്വന്തം ലേഖകൻ