മാധ്യമപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി
- Posted on February 27, 2023
- News
- By Goutham Krishna
- 257 Views

തിരുവനന്തപുരം: മാധ്യമ പ്രവർത്തകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബജറ്റില്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ദ്ധന പൂര്‍ണമായി നടപ്പാക്കുക. മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശനത്തിനുള്ള നിയന്ത്രണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പത്ര പ്രവർത്തക യൂണിയൻ ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്രപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സ് തുക യഥാസമയം ഒറ്റത്തവണയായി നല്‍കുക, പത്രപ്രവര്‍ത്തക പെന്‍ഷന്‍ എല്ലാമാസവും കൃത്യമായി നല്‍കുക, ആവശ്യത്തിന് ജീവനക്കാരെ ഉള്‍പ്പെടുത്തി പത്രപ്രവര്‍ത്തക പെന്‍ഷന്‍ സെഷന്‍ പുനസ്ഥാപിക്കുക, കരാര്‍ ജീവനക്കാരെയും വീഡിയോ എഡിറ്റര്‍മാരെയും പത്രസ്ഥാപനങ്ങളിലെ മാഗസിന്‍ ജേര്‍ണലിസ്റ്റുകളേയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, സര്‍ക്കാരിന്റെ പെന്‍ഷന്‍- അക്രഡിറ്റേഷന്‍ കമ്മിറ്റികള്‍ ഉടന്‍ ചേരുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുഖ്യമന്ത്രിയെ കണ്ടത്. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബു, സംസ്ഥാന ട്രഷറര്‍ സുരേഷ് വെള്ളിമംഗലം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ് തോമസ്, ജില്ലാ സെക്രട്ടറി അനുപമ ജി നായര്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.