റെയിൽവേ പാസ്സഞ്ചർ അമിനിറ്റി കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു
- Posted on February 11, 2023
- News
- By Goutham prakash
- 255 Views
കടുത്തുരുത്തി:- റെയിൽവേ പാസഞ്ചർ കമ്മിറ്റി അമിനിറ്റി കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷനിലെ സൗകര്യങ്ങൾ വിശദമായി വിലയിരുത്തിയ അദ്ദേഹം സ്റ്റേഷനിലെ അടച്ചിട്ടിരിക്കുന്ന വിശ്രമമുറിയും ശുചിമുറികളും മുഴുവൻ സമയവും യാത്രക്കാർക്കായി തുറന്നു നൽകുവാൻ നിർദേശം നൽകി. യാത്രക്കാർക്ക് ആവശ്യമായ കൂടുതൽ ഇരിപ്പിടങ്ങൾ,ഫാൻ മുതലായ അടിസ്ഥാന സൗകര്യങ്ങൾ, സ്റ്റേഷൻ നാമം ഉൾപ്പെടുത്തിയ സൂചനാ ബോർഡുകൾ, വിശ്രമമുറിയുടെ നവീകരണം എന്നിവ എത്രയും വേഗം നടപ്പാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വൈക്കം സ്റ്റേഷനിൽ എത്തിയ റെയിൽവേ പാസഞ്ചർ അമിനിറ്റി കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ്സിനെ വൈക്കം റോഡ് യൂസേഴ്സ് ഫോറം പ്രസിഡന്റ് വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം യാത്രക്കാരും വൈക്കം റോഡ് യൂസേഴ്സ് ഫോറം ഭാരവാഹികൾ, നാട്ടുകാർ, ആപ്പാഞ്ചിറ പൗരസമിതി അംഗങ്ങൾ എന്നിവരുമായി ചർച്ച നടത്തി.
ദക്ഷിണകാശിയായ വൈക്കം മഹാദേവക്ഷേത്രത്തിന്റെയും വൈക്കത്തെ ടൂറിസം സാധ്യതകളും ഗാന്ധിജി പങ്കെടുത്ത വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി വർഷം എന്നിവയുടെ പ്രാധാന്യം കണക്കിലെടുത്ത് വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് സ്റ്റേഷൻ ആയി ഉയർത്തി വേണാട്, വഞ്ചിനാട്,പരശുറാം അടക്കം കൂടുതൽ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള നിവേദനം
വൈക്കം റോഡ് യൂസേഴ്സ് ഫോറം പ്രസിഡൻ്റ് വിനോദ് കുമാർ വൈക്കം പി കെ കൃഷ്ണദാസിന് സമർപ്പിച്ചു .നിവേദനം സ്വീകരിച്ച അദ്ദേഹം സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്നും ഈ കാര്യങ്ങളിൽ റയിൽവേ ജനറൽ മാനേജർ,ഡിവിഷണൽ മാനേജർ എന്നിവരുമായി ചർച്ച ചെയ്ത് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.
ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ,ജില്ലാ ജനറൽ സെക്രട്ടറി ബിജുകുമാർ, യുവമോർച്ച കോട്ടയം ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരിൽ,ബിജെപി കടുത്തുരുത്തി മണ്ഡലം പ്രസിഡൻ്റ് ഗിരീഷ് കുമാർ, ആപ്പാഞ്ചിറ പൗരസമിതി പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ , വൈക്കം റോഡ് യൂസേഴ്സ് ഫോറം ഭാരവാഹികളായ അനിൽകുമാർ, അഭിരാജ് സോമൻ, എൻ എസ് എസ് കടുത്തുരുത്തി കരയോഗം ഭാരവാഹികളായ ശ്രീവത്സം വേണുഗോപാൽ, കെ എൻ മുരളി എന്നിവർ പങ്കെടുത്തു.
