ആദ്യത്തെ വ്യവഹാര രഹിത മണ്ഡലമാകാനൊരുങ്ങി വാമനപുരം.

ഗ്രാമക്കോടതിയുടെ

സ്ഥിരം അദാലത്ത് ജനുവരി 18 മുതൽ വെഞ്ഞാറമൂട് ബ്ലോക്ക് കാര്യാലയത്തിൽ ആരംഭിക്കും.


പൊതുജനങ്ങൾക്ക് നിത്യേനയുണ്ടാകുന്ന വിവിധ തർക്കങ്ങൾക്കും പരാതികൾക്കും ഇനി  ഓഫീസുകളും കോടതിയും കയറിയിറങ്ങേണ്ട. ജില്ലാ ലീഗൽ സർവ്വീസ് അതോരിറ്റി മുഖേന ജഡ്ജിമാരുടെ സാന്നിദ്ധ്യത്തിൽ പരാതികളും തർക്കങ്ങളും പരിഹരിക്കാൻ ഗ്രാമക്കോടതി  എന്ന പേരിൽ സ്ഥിരം പരാതി പരിഹാര അദാലത്ത് വാമനപുരം മണ്ഡലത്തിലെ വെഞ്ഞാറമൂട് ബ്ലോക്ക് ഓഫീസിൽ സജ്ജമാകുന്നു. ഈ മാസം 18 ന് ഇതിൻ്റെ ഉദ്ഘാടനവും ആദ്യ അദാലത്തും നിയമസാക്ഷരതാ ക്യാമ്പയിനിൻ്റെ ഉദ്ഘാടനവും നടക്കും. പ്രത്യേക പീപ്പിൾസ് കോർട്ടും ഇതിനു വേണ്ടി തയ്യാറാക്കുന്നുണ്ട്. എല്ലാ മാസത്തേയും മൂന്നാമത്തെ ശനിയാഴ്ചയാണ് അദാലത്ത് നടക്കുക.


       അദാലത്തിന് മുന്നോടിയായി എല്ലാ ഗ്രാമ പഞ്ചായത്ത് കേന്ദ്രങ്ങളിലുംളിലും പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള പരാതിപ്പെട്ടികൾ സ്ഥാപിക്കും.അദാലത്തിന് ഒരാഴ്ച മുമ്പുവരെ ലഭിക്കുന്ന പരാതികൾ ലീഗൽ സർവ്വീസ് ടീം ശേഖരിച്ച് പരാതിക്കാർക്ക് നോട്ടീസ് അയച്ച് അദാലത്തിൽ വിളിച്ച് വരുത്തും.കോടതിയിൽ നിർബന്ധമായും ഫയൽ ചെയ്യേണ്ടതില്ലാത്ത ക്രിമിനൽ, പോക്സോ കേസുകളൊഴികെ സിവിൽ കേസുകളും കുടുബ കോടതി  വ്യവഹാരങ്ങൾക്കും ഇവിടെ നിന്ന് ഇനി പരിഹാരമുണ്ടാകും.വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെയുള്ള വിശദമായ പരാതി ഫോൺ നമ്പരുമടക്കം പഞ്ചായത്ത്, ബ്ലോക്ക് കേന്ദ്രങ്ങളിലുള്ള പരാതിപ്പെട്ടികളിൽ നിക്ഷേപിച്ചാൽ മതിയാകും. സേവനങ്ങളെല്ലാം പൂർണമായും സൗജന്യവുമാണ്.

      വാമനപുരം ബ്ലോക്കിലുൾപ്പെടുന്ന നെല്ലനാട്, വാമനപുരം, കല്ലറ, പാങ്ങോട്,പെരിങ്ങമ്മലനന്ദിയോട്, പുല്ലമ്പാറ പഞ്ചായത്തുകളേയും  ആനാട്, പനവൂർ പഞ്ചായത്തുകളേയും ഉൾപ്പെടുത്തി മണ്ഡലം തല ഉദ്ഘാടനമാണ് 18 ന് നടക്കുക. 


വോളണ്ടിയർ മാർക്കുള്ള ആദ്യഘട്ട ക്ലാസുകളും  കുടുംബശ്രീ സി.ഡി എസ്, എ.ഡി.എസ് ഭാരവാഹികൾക്കുള്ള  പഞ്ചായത്തുതല ക്ലാസുകളും പൂർത്തിയായി. വിവിധ യോഗങ്ങളിൽ ഡി.കെ മുരളി എം.എൽ എ, ജില്ലാ ലീഗൽ സർവീസ് അതോരിറ്റി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജ്  ശ്രീ ഷംനാദ്, സബ് കളക്ടർ, എ ഡി.എം, ബന്ധപ്പെട്ട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാർ, തഹസീൽദാർ, ബ്ലോക്ക് ഗ്രാമ പഞ്ചാത്ത് അദ്ധ്യക്ഷൻമാർ സെക്രട്ടറിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി സി.ആർ രാജീവിനാണ് ഏകോപന ചുമതല.ഒരു വർഷത്തിനകം തന്നെ വാമനപുരത്തെ പൂർണമായും വ്യവഹാര രഹിത മണ്ഡലമാക്കുകയാണ് ഗ്രാമക്കോടതി മുഖേന ലക്ഷ്യമിടുന്നതെന്ന് ഡി.കെ മുരളി എം.എൽ എ അറിയിച്ചു.

_



സി.ഡി. സുനീഷ്

Author
Citizen Journalist

Goutham prakash

No description...

You May Also Like