*വ്യാജപരാതി നൽകിയ വീട്ടമ്മയ്ക്കെതിരെ കേസുകൊടുക്കുമെന്ന് ബിന്ദു; പേരൂർക്കട സ്റ്റേഷനിൽ കൂട്ട സ്ഥലംമാറ്റത്തിന് സാദ്ധ്യത*
- Posted on May 21, 2025
- News
- By Goutham prakash
- 78 Views

*സി.ഡി. സുനീഷ്*
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് അപമാനിച്ച സംഭവത്തിൽ കള്ളപ്പരാതി നൽകിയ വീട്ടമ്മ ഓമന ഡാനിയേലിനെതിരെ പരാതി നൽകുമെന്ന് ആർ ബിന്ദു. മാല കാണാതായ സംഭവത്തിൽ ഓമനയുടെ മകളെ സംശയമുണ്ടെന്നും ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം വേണമെന്നും ബിന്ദു ആവശ്യപ്പെട്ടു.
സംഭവത്തിൽ എസ്‌ഐയ്ക്കെതിരെ മാത്രം നടപടിയെടുത്താൽ പോര. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ തന്നെ ഉപദ്രവിച്ച എല്ലാവർക്കുമെതിരെ നടപടി വേണം. അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടണം. പ്രസന്നൻ എന്ന സിപിഒ സർവീസിൽ തുടരാൻ പാടില്ല. തനിക്ക് നീതി ലഭിക്കണമെന്നും ബിന്ദു പറഞ്ഞു.നിരപരാധിയായ ദളിത് യുവതിയെ ഇരുട്ടിവെളുക്കുവോളം സ്റ്റേഷനിൽ പൊലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട സ്റ്റേഷനിലെ എസ്.ഐ എസ്.ജി.പ്രസാദിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കുടപ്പനക്കുന്നിൽ ജോലിക്കു പോയിരുന്ന വീട്ടിലെ മാല കാണാതായ സംഭവത്തിലാണ് ദളിത് യുവതി ആർ.ബിന്ദു (39) അപമാനിക്കപ്പെട്ടത്. ഏപ്രിൽ19നാണ് മാല കാണാതായത്. 23ന് ഓമന പരാതി നൽകി. വൈകിട്ട് നാലിന് അമ്പലമുക്കിലെ ബസ്സ്റ്റോപ്പിൽ വീട്ടിലേക്ക് പോവാൻ നിന്ന ബിന്ദുവിനെ ഫോണിൽ വിളിച്ച് പേരൂർക്കട സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നായിരുന്നു മാനസിക പീഡനം.
21 മണിക്കൂർ ദാഹജലംപോലും നൽകാതെ പട്ടിണിക്കിട്ടു. പുരുഷ പൊലീസിനു മുന്നിൽ വസ്ത്രാക്ഷേപം നടത്തിയെന്നും ബിന്ദു പറഞ്ഞു. പരാതിക്കാരിയായ ഓമനാ ഡാനിയേലിന്റെ വീട്ടിൽ നിന്നുതന്നെ ഏപ്രിൽ 24ന് 18 ഗ്രാമിന്റെ മാലകിട്ടിയിട്ടും എഫ്. ഐ.ആർ റദ്ദാക്കിയില്ല. ഇന്നലെയാണ് അതിനുള്ള നടപടി തുടങ്ങിയത്. സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ നടപടിക്കൊരുങ്ങുകയാണ് ആഭ്യന്തരവകുപ്പ്. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ കൂട്ടസ്ഥലം മാറ്റത്തിന് സാദ്ധ്യതയുണ്ടെന്നും വിവരമുണ്ട്. അന്വേഷണ റിപ്പോർട്ട് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്.