അവാർഡുകൾ വാരിക്കൂട്ടി 'ഫെമിനിച്ചി ഫാത്തിമ'

തിരുവനന്തപുരം : 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും  ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം 'ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.

അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ചിത്രം സ്വന്തമാക്കി. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്കാരവും കെ ആർ മോഹനൻ പുരസ്കാരവും സംവിധായകൻ ഫാസിൽ മുഹമ്മദ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.


 'ഈസ്റ്റ് ഓഫ് നൂൺ', 'മാലു', 'റിഥം ഓഫ് ധമ്മാം', 'ദ ഹൈപ്പർബോറിയൻസ്', 'ദ അദർസൈഡ്',  തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ 'ഫെമിനിച്ചി ഫാത്തിമ' പോളിംഗിൽ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.

പൊന്നാനിയിലെ തീരദേശം പശ്ചാത്തലമായ ഈ ചിത്രത്തിൽ വീട്ടമ്മയായ ഫാത്തിമയാണ് പ്രധാന കഥാപാത്രം. ഭർത്താവായ അഷ്‌റഫിന്റെ കർശന നിയന്ത്രണത്തിൽ ജീവിക്കുന്ന ഫാത്തിമ തന്റെ മകൻ മൂത്രമൊഴിച്ച മെത്തയ്ക്ക് പകരം പുതിയൊരു മെത്ത വാങ്ങാൻ ശ്രമിക്കുന്നതാണ് കഥയുടെ പ്രമേയം. സ്വന്തം നിലപാടുകൾ എടുക്കുന്ന സ്ത്രീകളെ ഫെമിനിച്ചി എന്ന വിളിപ്പേരിൽ കളിയാക്കുന്ന കേരള സമൂഹത്തിൽ 'ഫെമിനിച്ചി ഫാത്തിമ' എന്ന തലക്കെട്ടു തന്നെ ചിത്രം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയാണ്. 


ഫെമിനിസിത്തെപ്പറ്റിയോ ഫെമിനിസ്റ്റ് മൂവ്‌മെന്റുകളെപ്പറ്റിയോ ആധികാരികമായ അറിവുനേടാൻ എനിക്ക് സാധിച്ചിട്ടില്ല. ആണും പെണ്ണും തുല്യരാണെന്ന ഫെമിനിസത്തിൽ വിശ്വസിച്ചുകൊണ്ടാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫാസിൽ മുഹമ്മദ് അഭിപ്രായപ്പെട്ടു. 


പ്രേക്ഷകർ നിറഞ്ഞ കൈയടിയോടു കൂടിയാണ് ഫെമിനിച്ചി ഫാത്തിമയെ മേളയിൽ സ്വീകരിച്ചത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like