ക്ഷീരഗ്രാമം പദ്ധതി- പഞ്ചായത്ത് പങ്കാളിത്തം ഉറപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി
- Posted on January 18, 2023
- News
- By Goutham Krishna
- 244 Views

തിരുവനന്തപുരം: ക്ഷീരവികസന വകുപ്പ് 2016 മുതൽ നടപ്പിലാക്കി വരുന്ന ക്ഷീരഗ്രാമം പദ്ധതി വകുപ്പിന്റെ മാത്രം പദ്ധതിയായി മാത്രം ഒതുങ്ങാതെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സംയോജിത പദ്ധതിയാക്കി മാറ്റേണ്ട സമയം ആയെന്ന് മൃഗസംരക്ഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. തിരുവനന്തപുരം പട്ടത്ത് ക്ഷീര വികസന വകുപ്പ് നടത്തിയ ശില്പശാലയിൽ സംസാരിക്കുകയായിരുന്ന മന്ത്രി. ക്ഷീര ഗ്രാമം പദ്ധതിയ്ക്കായി സർക്കാർ ഇത് വരെ 50.83 കോടി രൂപ ചെലവഴിച്ചു. 8656 പശുക്കളെ യും 1201 കിടാരികളെയും വിതരണം ചെയ്തു കഴിഞ്ഞു. ക്ഷീര മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്ന കർഷകർക്കും സംരംഭകർക്കും പ്രയോജനകരമായ ഈ പദ്ധതി വഴി പുതിയ സംരംഭകർക്ക് രണ്ട് പശു, അഞ്ച് പശു ഡയറി യൂണിറ്റുകൾ, ഫാം ആധുനികവൽക്കരണം, തൊഴുത്തു നിർമ്മാണം, കറവ യന്ത്രം വാങ്ങുന്നതിനും ധാതുലവണ മിശ്രിതം വാങ്ങുന്നതിനുമുള്ള സഹായം എന്നിവയാണ് നൽകി വരുന്നത്. വകുപ്പിന്റെ സിഗനേച്ചർ പദ്ധതി കൂടിയായ ക്ഷീരഗ്രാമം പദ്ധതിയിൽ പഞ്ചായത്തുകളെ കൂടി പങ്കാളികൾ ആക്കണം എന്ന ആവശ്യവുമായി നിരവധി അപേക്ഷകൾ ദിനംപ്രതി ലഭിക്കുന്നുണ്ട്. വരും നാളുകളിൽ
ക്ഷീരഗ്രാമം പദ്ധതി നടത്തിപ്പിൽ മൃഗസംരക്ഷണ വകുപ്പ്, എൻ ഡി ഡി ബി , മിൽമ, കെ. എൽ. ഡി. ബി എന്നിവയുമായും രാത്രികാല വെറ്ററിനറി സർവീസ്, രോഗ നിയന്ത്രണ കുത്തിവെയ്പ്പ്, S L B P എന്നിവയുമായും കൈകോർത്തു കൊണ്ടുള്ള പ്രവർത്തനങ്ങൾ ഭാവിയിൽ നടപ്പിലാകുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
സ്വന്തം ലേഖകൻ