ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്.



60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി


സമഗ്ര ട്രാന്‍സ്പ്ലാന്റ് സെന്റര്‍: അവയവം മാറ്റിവയ്ക്കല്‍ രംഗത്ത് നിര്‍ണായക ചുവട് വെപ്പ്.


തിരുവനന്തപുരം: കോഴിക്കോട് സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനായി 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രൊഫസര്‍- 14, അസോസിയേറ്റ് പ്രൊഫസര്‍ -7, അസിസ്റ്റന്റ് പ്രൊഫസര്‍ - 39 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിക്കുന്നത്. ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരിക്കും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ പ്രവര്‍ത്തിക്കുക. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒന്നാംഘട്ട നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ത്ഥ്യമാക്കുന്നതിന് 643.88 കോടി രൂപയാണ് അനുവദിച്ചത്. അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഉള്‍പ്പെടെ സജ്ജമാക്കിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ത്ഥ്യമാക്കുന്നത്. അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനാണ് ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. വിദഗ്ധ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഒരു പ്രത്യേക സ്ഥാപനമായിരിക്കുമിത്.


അവയവം മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ടുള്ള ചികിത്സ, അധ്യാപനം, പരിശീലനം, ഗവേഷണം, അവയവദാന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇതിലൂടെ സാധ്യമാകും. അവയവങ്ങള്‍ക്ക് കേടുപാട് വന്നവരുടെ ചികിത്സ മുതല്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും പുനരധിവാസവും വരെയുള്ള സമഗ്ര പരിചരണവും സാധ്യമാക്കുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.


കോഴിക്കോട് ചേവായൂരില്‍ 20 ഏക്കറിലാണ് ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. 6 നിലകളുള്ള 4 ബ്ലോക്കുകളുണ്ടാകും. 219 ജനറല്‍ കിടക്കകള്‍, 42 പ്രത്യേക വാര്‍ഡ് കിടക്കകള്‍, 58 ഐസിയു കിടക്കകള്‍, 83 എച്ച്ഡിയു കിടക്കകള്‍, 16 ഓപ്പറേഷന്‍ റൂമുകള്‍, ഡയാലിസിസ് സെന്റര്‍, ട്രാന്‍സ്പ്ലാന്റേഷന്‍ ഗവേഷണ കേന്ദ്രം എന്നിവയുള്‍പ്പെടെ 510 കിടക്കകളുള്ള അത്യാധുനിക ആശുപത്രി സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 330 കിടക്കകളും 10 ഓപ്പറേഷന്‍ തീയറ്ററുകളും രണ്ടാം ഘട്ടത്തില്‍ 180 കിടക്കകളും 6 ഓപ്പറേഷന്‍ തീയറ്ററുകളും സജ്ജമാക്കുന്നതാണ്. ആദ്യ ഘട്ടത്തില്‍ 14 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും രണ്ടാം ഘട്ടത്തില്‍ 7 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും ഉണ്ടാകും. അധ്യാപനത്തിനും വലിയ പ്രാധാന്യം നല്‍കുന്നു. 31 അക്കാദമിക് കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നു.


കോര്‍ണിയ, വൃക്ക, കരള്‍, കുടല്‍, പാന്‍ക്രിയാസ്, ഹൃദയം, ശ്വാസകോശം, മജ്ജ, സോഫ്റ്റ് ടിഷ്യൂ, കൈകള്‍, ബോണ്‍ മാറ്റിവയ്ക്കല്‍ തുടങ്ങിയവയെല്ലാം ഈ സെന്ററിലൂടെ സാധ്യമാകും.


സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് നിലവില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടക്കുന്നത്. അവയവദാന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ കെ-സോട്ടോ രൂപീകരിച്ചു. ഇതുകൂടാതെയാണ് ഈ രംഗത്ത് മികച്ച മാതൃകയായി ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like