കുസാറ്റിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ (എസ്എംഎസ്) ഡയമണ്ട് ജൂബിലി മുഖ്യമന്ത്രി.പിണറായി വിജയൻ ഉദ്ഘാടനം ചെയ്യ്തു.
- Posted on October 21, 2024
- News
- By Goutham prakash
- 135 Views
ക്രിയാത്മകമായ മുന്നേറ്റത്തിനും നന്മയ്ക്കായുള്ള പ്രവർത്തനങ്ങൾക്കും സർക്കാർ ഒപ്പമുണ്ടാകും” -മുഖ്യമന്ത്രി പിണറായി വിജയൻ
ലേഖകൻ.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൻറെ (എസ്എംഎസ്) വജ്ര ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.കുസാറ്റ് സെമിനാർ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ വ്യവസായ, കയർ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്, പാർലമെന്റ് അംഗം ഹൈബി ഈഡൻ എന്നിവരും സന്നിഹിതരായിരുന്നു.“ദക്ഷിണ ഇന്ത്യയിലെ മാനേജ്മെൻറ് സ്റ്റഡീസിൻറെ പിതാവ് എന്ന നിലയിൽ പ്രൊഫ.ഡോ.എം.വി പൈലിയുടെ നേതൃത്വത്തിലാണ് എസ്എംഎസ് സ്ഥാപിതമായത്. കാലഘട്ടത്തിൻറെ ആവശ്യങ്ങൾക്കനുസരിച്ച് നൂതനമായ മാനേജ്മെൻറ് കോഴ്സുകൾ തുടങ്ങുന്നതിനും കോഴ്സുകളുടെ പാഠ്യപദ്ധതികൾ പരിഷ്കരിക്കുന്നതിനും എസ്എംഎസ് എന്നും മുൻപന്തിയിലാണ്.ഇൻഡസ്ട്രിയൽ ക്യാമ്പസ് പോലുള്ള പദ്ധതിയ്ക്കൊപ്പം ക്യാമ്പസ് വ്യവസായ പദ്ധതി സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകൾ സർക്കാർ ചെയ്തുകൊണ്ടിരിക്കുകയാണ്.”- ഉദ്ഘാടനപ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.എസ്എംഎസിനായി അനുവദിച്ച ഒരു കോടി രൂപ സർക്കാരിനു കുസാറ്റിനോടുള്ള കരുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അപ്പോളോ ടയേഴ്സ് പോലുള്ള മുൻ നിര കമ്പനിയുമായി ചോർന്ന് ആരംഭിച്ച പുതിയ ഇൻഡസ്ട്രി-അക്കാദമിയ ജോയിന്റ് എക്സിക്യൂട്ടീവ് എം.ടെക്ക് പ്രോഗ്രാമിനെക്കുറിച്ചും സുസ്ഥിര വികസനത്തിൽ പുതിയ കോഴ്സ് ഡിസൈനിങ്ങിനെക്കുറിച്ചും മന്ത്രി ഡോ. പി. രാജീവും, എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ ലഭിച്ച നേട്ടത്തിൽ കുസാറ്റിനെ അഭിനന്ദിച്ച് ഹൈബി ഈഡൻ എംപിയും സംസാരിച്ചു.
വൈസ് ചാൻസലർ പ്രൊഫ.ഡോ.എം ജുനൈദ് ബുഷിരിയുടെ സ്വാഗത പ്രസംഗത്തോടെ പരിപാടി ആരംഭിച്ചു.കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സീമാ കണ്ണൻ, സിൻഡിക്കേറ്റ് അംഗം ഡോ.ശശി ഗോപാലൻ,ഐ.ക്യു.എ.സി ഡയറക്ടർ ഡോ.സാം തോമസ്, എസ്എംഎസ് ഡയറക്ടർ ഡോ.സക്കറിയ കെ.എ,എസ്എംഎസ് അലുമ്നി അസോസിയേഷൻ പ്രസിഡൻറ് ബൈജു അമ്പാടൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.കുസാറ്റ് രജിസ്ട്രാർ ഡോ.അരുൺ എ.യു നന്ദിയും പറഞ്ഞു.
കഴിഞ്ഞ 60 വർഷമായി അക്കാദമിക മികവിലും മാനേജ്മെന്റ് വിദ്യാഭ്യാസത്തിലും ഏറെ മുന്നേറ്റങ്ങൾ നടത്തിയിട്ടുള്ള കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് എം.ബി.എ, പി.എച്ച്.ഡി, എക്സിക്യൂട്ടിവ് എം.ബി.എ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കുമായി ഒരുക്കിയിട്ടുണ്ട്.
അക്കാദമിക ജ്ഞാനവും പ്രായോഗിക വൈദഗ്ധ്യവുമുള്ള മികച്ച പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആഗോള ബിസിനസ്സ് പരിസ്ഥിതിക്ക് അനുസൃതമായി നിൽകാനും വികസിച്ചുകൊണ്ടിരിക്കുന്ന കോർപ്പറേറ്റ് ലോകത്തിന്റെ വെല്ലുവിളികളെ നേരിടാനും ബിരുദധാരികളെ തയ്യാറാക്കുക കൂടിയാണ് സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് ചെയ്യുന്നത്.
1964 ൽ പ്രൊഫ. ഡോ.എം.വി പൈലി സ്ഥാപക ഡയറക്ടറായി കേരള സർവകലാശാലയുടെ ഭാഗമായി കൊച്ചി കാമ്പസിൽ സ്ഥാപിതമായ എസ്എംഎസ്, വ്യവസായ അക്കാദമിക സംരഭങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള കേരളത്തിലെ ആദ്യ ചുവടായി. അന്നത്തെ കൊൽക്കത്തയിലെ ഐ.ഐ.എം ഡയറക്ടറായിരുന്ന കെ.ടി. ചാണ്ടിയായിരുന്നു മാനേജ്മെൻറ് ഫൗണ്ടേഷൻറെ ചെയർമാൻ.
1965ൽ ആരംഭിച്ച മൂന്ന് വർഷ പാർട്ട് ടൈം ഇൻഡസ്ട്രിയൽ മാനേജ്മെന്റ് ഡിപ്ലോമയും മൂന്ന് വർഷ പാർട്ട് ടൈം ബിസിനസ് അഡ്മിനിസ്ട്രേഷൻ ഡിപ്ലോമയും, സംസ്ഥാനത്തെ പ്രൊഫഷണൽ വിദ്യാഭ്യാസത്തിലെ ഒരു സുപ്രധാന ചുവടുവെപ്പായി മാറി.
നിലവിലുള്ള കെട്ടിത്തിലേക്ക് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് മാറുന്നത് 1967 ലാണ്.നാല് വർഷത്തിന് ശേഷം, 1971 ൽ, എസ്എംഎസ് കൊച്ചി സർവകലാശാലയുടെ ഭാഗമായി ഇന്റർ ഡിസിപ്ലിനറി സഹകരണവും അക്കാദമിക മികവും വർദ്ധിക്കുന്ന കാഴ്ച്ചയാണ് പിന്നീടുള്ള കാലങ്ങളിൽ കണ്ടത്. വിവിധ മേഖലകളിൽ ജോലിചെയ്യുന്ന പ്രൊഫഷണലുകൾക്കായി കേരളത്തിലെ ആദ്യത്തെ പാർട്ട് ടൈം എം.ബി.എ പ്രോഗ്രാം 1972 ൽ ആരംഭിച്ചു.
തുടർന്ന് 1973 ൽ മുഴുവൻ സമയ എം.ബി.എ യും, അടുത്ത വർഷം എം.കോമും, 1975 ൽ മാനേജ്മെന്റിലെയും അനുബന്ധ മേഖലകളിലെയും ഗവേഷണത്തിന് ഗണ്യമായ സംഭാവന നൽകുന്ന പി.എച്ച്.ഡി പ്രോഗ്രാമും ആരംഭിച്ചു.1978ൽ ആരംഭിച്ച മാസ്റ്റർ ഓഫ് ബാങ്ക് മാനേജ്മെന്റ് പ്രോഗ്രാം വ്യവസായത്തിന്റെയും സമൂഹത്തിന്റെയും ബന്ധം വളർത്താൻ പര്യാപ്തമായ പ്രോഗ്രാമായി മാറി.
1980 കൾ മുതൽ കൂടുതൽ വ്യവസായ സഹകരണങ്ങളിലേക്ക് കടക്കുകയും പ്രാദേശിക, ദേശീയ വ്യവസായങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിക്കുകയും കൺസൾട്ടൻസി സേവനങ്ങളും ഇന്റേൺഷിപ്പുകളും നൽകുകയും ശക്തമായ വ്യവസായ-അക്കാദമിക് ബന്ധം സൃഷ്ടിക്കുക്കാനും എസ്എംഎസ് ന് കഴിഞ്ഞു.
1986ൽ കൊച്ചി സർവകലാശാല കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയായി മാറിയപ്പോൾ, അക്കാദമിക മികവിന്റെ ഏറ്റവും മുൻനിരയിലുള്ള സ്കൂളുകളിലൊന്നായ എസ്എംഎസ്, കുസാറ്റിന്റെ അവിഭാജ്യ ഘടകമായി തുടർന്നു.
ആഗോള വിപണിയിൽ വിദ്യാർത്ഥികളെ ചുവടുറപ്പിക്കുന്നതിനായി 1996 ൽ മാസ്റ്റേഴ്സ് ഇൻ ഇന്റർനാഷണൽ ബിസിനസ്, 1997 ൽ മാസ്റ്റർ ഓഫ് ബിസിനസ് ഫിനാൻസ്, 2007 ൽ ട്രാവൽ ആൻഡ് ടൂറിസത്തിൽ ഫുൾ ടൈം എം.ബി.എ എന്നീ പ്രോഗ്രാമുകൾ ആരംഭിച്ചു. ഫ്രാൻസിലെ മോണ്ട്പെല്ലിയർ സർവകലാശാല പോലുള്ള പ്രശസ്ത സ്ഥാപനങ്ങളുമായി അന്താരാഷ്ട്ര സഹകരണത്തിന് തുടക്കമിടാൻ ഈ പ്രോഗ്രാമുകൾ വഴിയൊരുക്കി.
2014 -ൽ അക്കാദമിക, സാംസ്കാരിക, പ്രൊഫഷണൽ പരിപാടികളുമായി എസ്എംഎസിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. മാനേജ്മെന്റ് വിദ്യാഭ്യാസ മേഖലയിൽ സ്കൂളിന്റെ പ്രശസ്തി വർദ്ധിക്കാൻ ഇതിടയാക്കി.
ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ രാജേശ്വർ റാവു, റിട്ട. ചീഫ് സെക്രട്ടറി ടോം ജോസ്, നയാര എനർജി ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയർമാൻ പ്രസാദ് പണിക്കർ എന്നിവർ ഉൾപ്പെടുന്ന എസ്എംഎസിലെ പൂർവ്വ വിദ്യാർത്ഥികൾ ബിസിനസ്സ്, സംരംഭകത്വ, അക്കാദമിക, സർക്കാർ മേഖലയിൽ പ്രമുഖസ്ഥാനം വഹിക്കുന്നു.
എസ്എംഎസിൽ ഐ.സി.ടി- എനേബിൾഡ് ക്ലാസ് മുറികൾ, ലാബുകൾ, നിലവാരമുള്ള മാനേജ്മെന്റ് സോഫ്റ്റ്വെയർ എന്നിവ ഉൾപെടുത്തി കാമ്പസ് സൗകര്യങ്ങൾ നവീകരിച്ചു. പാഠ്യപദ്ധതി നവീകരണത്തിന്റെ ഭാഗമായി, ഡിജിറ്റൽ മാർക്കറ്റിംഗ്, അനലിറ്റിക്സ്, സുസ്ഥിര ബിസിനസ്സ് രീതികൾ തുടങ്ങിയ വ്യവസായ പാഠങ്ങൾ ഉൾപ്പെടുത്തി പുതിയ നൂതന പാഠ്യപദ്ധതി അവതരിപ്പിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള മുൻനിര കമ്പനികൾ എസ്എംഎസ് ബിരുദധാരികളെ ഏറ്റവും ഉയർന്ന സിടിസി 21 ലക്ഷം രൂപയും ശരാശരി സിടിസി 9.5 ലക്ഷം രൂപയും നൽകി നേതൃസ്ഥാനത്തേക്ക് നിയമനങ്ങൾ നടത്തിയതോടെ എസ്എംഎസ് റെക്കോർഡ് പ്ലേസ്മെന്റ് നിരക്ക് കൈവരിച്ചു. എൻ.ഐ. ആർ.എഫ് റാങ്കിംഗിൽ ഇന്ത്യയിലെ 3000 മാനേജ്മെന്റ് സ്കൂളുകളിൽ 81-ാം സ്ഥാനത്താണ് എസ്എംഎസ്.
60 വർഷത്തെ മാനേജ്മെന്റ് മേഖലയിലെ എസ്എംഎസിന്റെ സംഭാവനകൾ ഉയർത്തിക്കാട്ടുന്ന ഈ വജ്ര ജൂബിലി ആഘോഷത്തിൽ അന്താരാഷ്ട്ര കോൺഫറൻസുകൾ, ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ, മെഗാ കോൺക്ലേവുകൾ, പുതിയ നൂതന അക്കാദമിക് പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെടും.
ആറ് പതിറ്റാണ്ടായി അക്കാദമിക മേഖലയിലും വ്യവസായത്തിലും മുൻ നിരയിൽ നിന്ന് കൊണ്ട് ഇന്ത്യയിലെ ഒരു പ്രധാന മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനമായി മാറുന്നതിനുള്ള എസ്എംഎസിൻറെ പ്രയാണം കൂടുതൽ മികവോടെ തുടരാൻ ഈ വജ്ര ജൂബിലി ആഘോഷങ്ങൾക്കാകുമെന്ന് സർവകലാശാല പ്രതീക്ഷിക്കുന്നു.
