നവീൻബാബുവിൻ്റെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു, പി .പി. ദിവ്യ ഏക പ്രതി.
- Posted on March 30, 2025
- News
- By Goutham prakash
- 99 Views
കോഴിക്കോട്: എഡിഎം നവീൻബാബുവിൻ്റെ മരണത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പി .പി. ദിവ്യയാണ് കേസിലെ ഏക പ്രതി. പത്ത് വർഷം വരെ തടവ് കിട്ടാവുന്ന പ്രേരണാക്കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയത്. കളക്ട്രേറ്റിലെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെയെത്തി ദിവ്യ, എഡിഎമ്മിനെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം നടത്തിയെന്നാണ് കുറ്റപത്രം പറയുന്നത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ദുരുപയോഗിച്ചു, ജില്ലാ കളക്ടറെ ബന്ധപ്പെട്ട് യാത്രയയപ്പ് യോഗത്തിന്‍റെ വിവരമെടുത്തു, ദൃശ്യം ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കി, മേലുദ്യോഗസ്ഥനായ കളക്ടറുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ എഡിഎമ്മിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു, ദൃശ്യങ്ങൾ ചാനലിൽ നിന്ന് കൈക്കലാക്കി, സ്വന്തം ഫോണുപയോഗിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും തെളിവുകളുണ്ടെന്ന് കുറ്റപത്രം പറയുന്നു.
ദിവ്യയുടെ പ്രവൃത്തിയിൽ അപമാനിതനായതിന്‍റെ വിഷമത്തിൽ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ പുലർച്ചെയോടെയാണ് നവീൻബാബുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായില്ല. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പ്രചരിപ്പിച്ച വ്യാജ പരാതിയുടെ ഉറവിടവും കൈക്കൂലി ആക്ഷേപത്തിന്‍റെ യാഥാർത്ഥ്യവും പൊലീസ് അന്വേഷണ പരിധിയിലുണ്ടായില്ല.
അതേസമയം, പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ തൃപ്തിയില്ലെന്ന് നവീൻബാബുവിൻ്റെ കുടുംബം പ്രതികരിച്ചു. ഗൂഢാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് അന്വേഷിക്കുന്നില്ലെന്നും പി പി ദിവ്യ മാത്രമാണ് പ്രതിയെന്ന മട്ടിലാണ് അന്വേഷണം നടന്നതെന്നും കുടുംബം ആരോപിക്കുന്നു. അതുകൊണ്ടാണ് പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് നേരത്തെ പറഞ്ഞത്. എസ്ഐടി വന്നിട്ടും ഗുണമുണ്ടായില്ല. വേറൊരു അന്വേഷണ ഏജൻസി വേണമെന്ന നിലപാടിൽ നിയമ പോരാട്ടം തുടരും. സുപ്രീം കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി.
