ജില്ലാ കളക്ടർമാർ പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശിച്ചു.
- Posted on October 27, 2025
- News
- By Goutham prakash
- 34 Views
സ്വന്തം ലേഖകൻ.
സംസ്ഥാനത്തെ ജില്ലാ കളക്ടർമാർ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജനൊപ്പം പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശിച്ചു. കാസർക്കോട് കളക്ടർ കെ. ഇമ്പശേഖർ, കണ്ണൂർ കളക്ടർ അരുൺ കെ. വിജയൻ, വയനാട് കളക്ടർ ഡി. ആർ. മേഘശ്രീ, കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിംഗ്, പാലക്കാട് കളക്ടർ എം. എസ്. മാധവിക്കുട്ടി, തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ, കോട്ടയം കളക്ടർ ചേതൻ കുമാർ മീണ, ആലപ്പുഴ കളക്ടർ അലക്സ് വർഗീസ്, പത്തനംതിട്ട കളക്ടർ എസ്. പ്രേം കൃഷ്ണൻ, തിരുവനന്തപുരം കളക്ടർ അനുകുമാരി എന്നിവരും റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായരും സന്ദർശക സംഘത്തിലുണ്ടായിരുന്നു.
തൃശൂർ സുവോളജിക്കൽ പാർക്കിൻ്റെ അന്തരീക്ഷവും നിർമ്മാണ രീതികളും വേറിട്ട ഒരനുഭവമാണ് നൽകുന്നതെന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. സാധാരണ മൃഗശാലകളിൽ നിന്നും വ്യത്യസ്തമായി സ്വാഭാവിക വനാന്തരീക്ഷത്തിൽ വന്യജീവികളെയും പക്ഷികളെയും കാണാനാവുന്നത് ഏറെ സവിശേഷമാണ്. പാർക്കിൻ്റെ രൂപകൽപ്പന ഇതിനെ ലോകനിലവാരത്തിൽ ശ്രദ്ധേയമായ ഒന്നാക്കി മാറ്റിക്കഴിഞ്ഞുവെന്നും ജില്ലാ കളക്ടർമാർ കൂട്ടിച്ചേർത്തു.
സുവോളജിക്കൽ പാർക്കിലെ ജീവികൾക്കായി ഒരുക്കിയ ഓരോ ആവാസ ഇടങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും സ്ഥലം എം.എൽ.എ. കൂടിയായ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ കളക്ടർമാർക്ക് വിശദീകരിച്ചു.
പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം കെ. വി. സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സിനി പ്രദീപ് കുമാർ, സുവോളജിക്കൽ പാർക്ക് സ്പെഷ്യൽ ഓഫീസർ കെ. ജെ. വർഗീസ്, ഡയറക്ടർ ബി. എൻ. നാഗരാജ്, എ.സി.എഫ്. നജ്മൽ അമീൻ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
പാർക്കിൽ ഒരുക്കിയ പ്രഭാതഭക്ഷണം കഴിച്ച ശേഷം മന്ത്രിയോടൊപ്പം സെൽഫിയെടുത്താണ് ജില്ലാ ഭരണാധികാരികൾ പുത്തൂരിൽ നിന്നും മടങ്ങിയത്.
