ക്വാറി സമരം പിൻവലിച്ചു
- Posted on April 27, 2023
- Kerala News
- By Goutham Krishna
- 118 Views
തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറി ഉടമകൾ നടത്തിവന്ന സമരം പിൻവലിച്ചതായി സർക്കാരിനെ അറിയിച്ചു. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.രാജീവുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. റോയൽറ്റി നിരക്കുകളിൽ വരുത്തിയ വർധനവിൽ മാറ്റമുണ്ടാവില്ലെന്ന് മന്ത്രി പി.രാജീവ് വ്യക്‌തമാക്കി. റോയൽറ്റി വർധനവിന് ആനുപാതികമായ നിരക്കിനപ്പുറം ഉൽപ്പന്ന വില ഉയർത്താൻ അനുവദിക്കില്ല. ഏപ്രിൽ 1 ന് മുൻപുള്ള കുറ്റകൃത്യങ്ങളിൽ അദാലത്തുകൾ നടത്തി പഴയ ചട്ടപ്രകാരം തീർപ്പുകൽപ്പിക്കാൻ വകുപ്പിന് നിർദ്ദേശം നൽകി. വിലനിലവാരം ഏകീകരിക്കുന്നതിനും ശാസ്ത്രീയമായി നിശ്ചയിക്കുന്നതിനും ഭാവിയിൽ വില നിർണ്ണയ അതോറിറ്റി രൂപീകരിക്കും. കോമ്പസ് സോഫ്റ്റ്വെയറിലെ പരിഷ്കരണം പൂർത്തിയാക്കുന്നതുവരെ ഓഫീസുകളിൽ നിന്ന് നേരിട്ട് പാസ് നൽകും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റവന്യൂ മന്ത്രിയുമായി പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കും. ക്വാറി ഉടമകൾ ഉന്നയിച്ച മറ്റ് പ്രായോഗിക പ്രശ്നങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി പി.രാജീവ് പറഞ്ഞു.
സ്വന്തം ലേഖകൻ.